SignIn
Kerala Kaumudi Online
Sunday, 30 June 2024 10.23 PM IST

ഒരു ജ്വാലയുടെ ആത്മകഥ, കെ.ആർ. ഗൗരിഅമ്മ വിടവാങ്ങിയിട്ട് ഇന്ന് മൂന്നു വർഷം

kr-gouri-amma

സമാനതകളില്ലാത്ത സമരപോരാട്ടങ്ങളുടെയും,​ സംസ്ഥാന രാഷ്ട്രീയത്തിൽ പൊതുപ്രവർത്തനരംഗത്തെ അപൂർവ്വ റെക്കാഡുകളുടെയും ഉടമയായ കെ.ആർ. ഗൗരിഅമ്മ വിടവാങ്ങിയിട്ട് ഇന്ന് മൂന്നു വർഷം. എണ്ണിപ്പറഞ്ഞാൽ,​ 16,​345 ദിവസങ്ങൾ നീളുന്നതാണ് ഗൗരിഅമ്മയുടെ നിയമസഭാ പ്രവർത്തനം. 1948 മുതൽ 2011 വരെ പതിനാറ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും,​ പന്ത്രണ്ടു തവണ വിജയിക്കുകയും ചെയ്ത വിപ്ളവ വനിത. ആദ്യ മന്ത്രിസഭ മുതൽ 1967, 1980, 1987, 2001, 2003 വർഷങ്ങളിലായി ആറു തവണ മന്ത്രി. നൂറ്റിരണ്ടാം വയസിൽ മരിക്കും വരെ ഒരു രാഷ്ട്രീയ പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട നേതാവ്.... ഇങ്ങനെയൊരു പേരും ചരിത്രവും കേരള രാഷ്ട്രീയത്തിൽ ഒരിക്കലേയുള്ളൂ!

പല കാലഘട്ടങ്ങളിലായി യാതനാപൂർണമായ വർഷങ്ങൾ നീണ്ട ജയിൽവാസവും ശാരീരിക, മാനസിക പീഡനങ്ങളും ഗൗരിഅമ്മയ്ക്ക് അനുഭവിക്കേണ്ടിവന്നു. എതിർപ്പുകളുടെ തീജ്വാലയ്ക്കു മുന്നിലും അചഞ്ചലമായി നില്ക്കാനുള്ള ധീരതയും തന്റെ വിശ്വാസങ്ങൾക്കായി മുഖംനോക്കാതെ അവസാനം വരെ തളരാതെ പൊരുതുവാനുള്ള കരളുറപ്പും ഗൗരിഅമ്മയുടെ മാത്രം വ്യക്തിത്വ മുദ്രകളായിരുന്നു. നീതിന്യായം, വിജിലൻസ്, സാമൂഹ്യ വികസനം, കയർ, മിൽമ, മൃഗസംരക്ഷണം മുതലായ വകുപ്പുകളുടെ ഭരണച്ചുമതലയുമായി ഇടത്- വലതു മന്ത്രിസഭകളിൽ ദീർഘകാലം മന്ത്രിയായിരുന്നിട്ടുളള ഗൗരിഅമ്മ കൈകാര്യം ചെയ്ത വകുപ്പുകൾ പ്രതിപക്ഷത്തിന്റെ പോലും മുക്തകണ്ഠ പ്രശംസ നേടി.

നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കകമ്മിറ്റി, അഷ്വറൻസ് കമ്മിറ്റി എന്നിവയുടെ ചെയർ പേഴ്സൺ, നിയമസഭാ ഡെപ്യൂട്ടി ലീഡർ, സി.പി.എം സെക്രട്ടറിയേറ്റ് അംഗം, കർഷക സംഘത്തിന്റെ ദീർഘകാല പ്രസിഡന്റ്, മഹിളാസംഘം പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലെല്ലാം പാർട്ടി,​ സംഘടനാ തലങ്ങളിൽ ഗൗരിഅമ്മ പ്രവർത്തിച്ചു. 1994-ൽ സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ ഒരു കൂസലുമില്ലാതെ പുതിയൊരു രാഷ്ട്രിയ നിലപാടുമായി ഗൗരിയമ്മ രംഗത്തു വന്നത് പലരെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. അതേവർഷം ജെ.എസ്.എസ് രൂപീകരിച്ചതു മുതൽ തന്റെ അന്ത്യം വരെ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ഗൗരിഅമ്മ പാർലമെന്ററി പാർട്ടി ലീഡറായും പ്രവർത്തിച്ചു.

പുതിയ ചിന്തയും

പ്രസ്ഥാനവും

കേരളത്തിൽ ആദ്യകാലത്ത് മുന്നോട്ടു വന്നിരുന്ന ജാതിവിരുദ്ധ- സാമൂഹ്യനീതി പ്രസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി സാമൂഹ്യനീതിക്കായുള്ള സമരങ്ങളിലും വർഗസമരത്തിലും ഒരുപോലെ ഊന്നുന്ന പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനമാണ് ആവശ്യമെന്നു കണ്ടാണ് ഗൗരിഅമ്മ ജെ.എസ്.എസിന് രൂപംനല്കിയത്. സി.പി.എമ്മിൽ നിന്നു പുറത്താക്കപ്പെട്ട ഗൗരിഅമ്മ അവതരിപ്പിച്ച പുതിയ നിലപാട് മാദ്ധ്യമങ്ങളിൽ വലിയ വാർത്തയായപ്പോൾ പല ഭാഗങ്ങളിൽ നിന്നുമുള്ള സി.പി.എം പ്രവർത്തകർ പാർട്ടി വിട്ട് പിന്തുണയുമായെത്തി.

നാളിതുവരെ ഇല്ലാത്ത രീതിയിൽ വർഗസമരവും സാമൂഹ്യനീതി പോരാട്ടവും കൂട്ടിയിണക്കിയ പുതിയ രാഷ്ട്രീയമാണ് ജെ.എസ്.എസ് മുന്നോട്ടുവയ്ക്കുന്നതെന്നും,​ സാധാരണ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ നിന്ന് അത് എങ്ങനെ വ്യത്യസ്തമാണെന്നുമുളള ഗൗരിഅമ്മയുടെ വിശദീകരണം പ്രവർത്തകർക്ക് ആവേശമായി. ആലപ്പുഴ കടപ്പുറത്തു ചേർന്ന പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിൽ എല്ലാവരെയും അമ്പരപ്പിക്കുംവിധം വൻ ജനപങ്കാളിത്തമാണുണ്ടായത്. തുടർന്ന് ജെ.എസ്.എസ് യു.ഡി.എഫിനൊപ്പം ചേരുകയും നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ചു സീറ്റിൽ മത്സരിച്ച് നാലിടത്തും വിജയിക്കുകയും ചെയ്തു.

1919 ജൂലായ് മാസത്തിലാണ് (മിഥുനമാസത്തിലെ തിരുവോണം നാൾ) ചേർത്തല കളത്തിപ്പറമ്പിൽ രാമന്റെയും പാർവതിയുടേയും ഏഴാമത്തെ കുട്ടിയായി ഗൗരി ജനിച്ചത്. ഓർമ്മവച്ച കാലം മുതൽ ശ്രീനാരായണ ഗുരു, കുമാരനാശാൻ, രാമസ്വാമി നായ്ക്കർ, ടി.കെ. മാധവൻ ഉൾപ്പെടെയുള്ളവർ അച്ഛൻ രാമനോടെപ്പം വീട്ടിൽ അതിഥികളായി എത്തുമായിരുന്നു. അച്ഛൻ കൂരപ്പളളിയിൽ ആരംഭിച്ച സ്‌കൂളിലായിരുന്നു ഗൗരിയുടെ പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസിൽ നിന്ന് ഇന്റർമീഡിയേറ്റ് പാസായ ഗൗരിഅമ്മയുടെ സഹപാഠിയായിരുന്നു,​ കവി ചങ്ങമ്പുഴ. ജി. ശങ്കരകുറുപ്പ് അധ്യാപകനും!

കമ്മ്യൂണിസം

എന്ന ജ്വാല

സെന്റ് തെരേസാസ് കോളജിൽ ബി.എ എക്കണോമിക്സ് ക്ലാസിൽ അദ്ധ്യാപിക കമ്മ്യൂണിസത്തെക്കുറിച്ച് ക്ളാസെടുത്ത് നിറുത്തിയപ്പോൾ പിൻബെഞ്ചിലിരുന്ന് ഗൗരി വിളിച്ചു പറഞ്ഞു: 'No Madam, we want to hear more about stalin and soviet union!" ഇതറിഞ്ഞ കോളജിലെ മദർ സൂപ്പീരിയർ ഗൗരിക്ക് അച്ചടക്ക രാഹിത്യത്തിന് മെമ്മോ നൽകി. ഗൗരി സെന്റ് തെരേസാസിൽ പഠിക്കുന്ന കാലത്താണ്,​ 1938- ൽ തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസിന്റെ പ്രവർത്തനം നിരോധിക്കുകയും അറസ്റ്റും മർദ്ദനവും വ്യാപകമായി നടക്കുകയും ചെയ്തത്. ഇതിൽ പ്രതിഷേധിച്ച് എ.കെ. ഗോപാലന്റെ നേതൃത്വത്തിൽ നടന്ന ജാഥയ്ക്ക് എറണാകുളം ബോട്ടുജെട്ടിയിൽ നല്കുന്ന സ്വീകരണത്തിനായുള്ള കമ്മിറ്റിയിലേക്ക് എസ്.എൻ.വി സദനം യൂണിയൻ സെക്രട്ടറി എന്ന നിലയിൽ സമരക്കാർ ഗൗരിയെയും ക്ഷണിച്ചു. ഗൗരിഅമ്മ ഇറങ്ങി പണപ്പിരിവു നടത്തി ഫണ്ട് സ്വരൂപിക്കുകയും സ്വീകരണ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു.

അന്ന് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയായിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെ മീറ്റിംഗിൽ ഗൗരി അന്നാണ് ആദ്യമായി പങ്കെടുത്തത്. പിറ്റേന്ന് കോളജിലെത്തിയ ഗൗരിയെ ക്ലാസിൽ കയറ്റിയില്ല. സദനം സൂപ്രണ്ടും ഗൗരിയോട് അപ്രിയം കാണിച്ചു. അച്ഛനെ വിളിച്ചു കൊണ്ടുവരാതെ ക്ലാസിൽ കയറ്റില്ലെന്നായി മദർ സൂപ്പീരിയർ. ഒരു വിഭാഗം കുട്ടികൾ ഗൗരിക്ക് പിന്തുണയുമായി എത്തുകയും,​ ഗൗരിയെ ക്ലാസിൽ കയറ്റാത്തപക്ഷം കോൺവെന്റിനു മുന്നിൽ സത്യഗ്രഹം തുടങ്ങുമെന്നു പ്രഖ്യാപിച്ച് കൂട്ടമണി മുഴക്കുകയും ചെയ്തു. രംഗം വഷളാകുമെന്നു മനസിലാക്കിയ മദർ സൂപ്പീരിയർ ഗൗരിയെ ക്ലാസിൽ കയറ്റാൻ നിർബന്ധിതയായി!

അകത്തേക്കും

പുറത്തേക്കും

ക്വിറ്റ് ഇന്ത്യാ സമരം കൊടുമ്പിരിക്കൊള്ളുമ്പോൾ ഗൗരി തിരുവനന്തപുരം ലാ കോളജ് നിയമവിദ്യാർത്ഥി. ഈ സമയം ഗൗരിഅമ്മയുടെ മൂത്ത സഹോദരൻ സുകുമാരൻ ബി.എ പാസായി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായിരുന്നു. സ്‌റ്റേറ്റ് കോൺഗ്രസിന്റെ തിരുവന്തപുരം ഓഫീസ് സെക്രട്ടറിയായ അദ്ദേഹത്തിന്റെ താമസം പാർട്ടി ഓഫീസിലായിരുന്നു. ഇതിനിടെ സുകുമാരൻ കമ്മ്യൂണിസ്റ്റ് പ്രവർത്തകരുമായി അടുക്കുകയും താമസിയാതെ പാർട്ടിയിൽ അംഗത്വമെടുക്കുകയും ചെയ്തു. തുടർന്ന് ചേർത്തല താലൂക്ക് കയർ ഫാക്ടറി യൂണിയൻ,​ കർഷക തൊഴിലാളി യൂണിയൻ,​ ബീഡി തൊഴിലാളി യൂണിയൻ തുടങ്ങിയവയുടെ സാരഥിയായി. അപ്പോഴേക്കും

ഗൗരിഅമ്മ നിയമപഠനം പൂർത്തിയാക്കി,​ ചേർത്തലയിൽ പ്രാക്ടീസ് ആരംഭിച്ചു.

സഖാവ് കൃഷ്ണപിള്ള കളവംകോടത്ത് എത്തിയപ്പോൾ അദ്ദേഹത്തിൽ നിന്ന് നേരിട്ട് അംഗത്വം സ്വീകരിച്ചാണ്

ഗൗരിഅമ്മ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായത്. തുടർന്നങ്ങോട്ട് പാർട്ടിയുടെ നട്ടെല്ലായി ഗൗരിഅമ്മ മാറി. പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിനൊപ്പം നിന്നു. എന്നാൽ തന്റെ കൂടി ചോരയും നീരുംകൊടുത്ത് വളർത്തിയ പാർട്ടിയിൽ നിന്ന് പിന്നീട് പുറത്താക്കപ്പെട്ടെങ്കിലും തീയിൽ കുരുത്ത ഗൗരിയരിഅമ്മ തോറ്റു പിന്മാറാൻ തയ്യാറായിരുന്നില്ല. ജെ.എസ്.എസ് എന്ന പാർട്ടി രൂപീകരിച്ച ഗൗരിഅമ്മ 102-ാം വയസിൽ അന്തരിക്കും വരെ പോരാട്ടം തുടർന്നു. ഗൗരിഅമ്മ മുന്നോട്ടുവച്ച ജെ.എസ്.എസിന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ വിപുലമായ ജനകീയ ഐക്യം കെട്ടിപ്പടുക്കേണ്ടതുണ്ട്. പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചും ജനകീയ ബോധവത്കരണം ശക്തമാക്കിയും സംഘടനാ പ്രവർത്തനം കൂടുതൽ ഊ‍ർജ്ജിതമാക്കിയും പാർട്ടിക്ക് ബഹുദൂരം പോകേണ്ടിയിരിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KR GOURI AMMA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.