SignIn
Kerala Kaumudi Online
Wednesday, 17 July 2024 4.48 PM IST

ആരറിയുന്നു, പാവം കുട്ട്യോളുടെ കൈപ്പിഴ

parol

ജയിലിലെ ബോറടി മാറ്റാൻ തടവുപുള്ളികൾക്ക് ഇടയ്ക്കിടെ പരോൾ അനുവദിക്കുന്ന സർക്കാരിന്റെ മനുഷ്യത്വപരമായ നടപടിക്കെതിരെ പതിവുപോലെ കുത്തിത്തിരിപ്പുകാർ രംഗത്തിറങ്ങി. സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ രണ്ടുദിവസം അവധി നൽകുന്നത് നാട്ടുനടപ്പാണ്. ജയിലിൽ ഗോതമ്പുമാവിനോടും കോഴിയോടും മല്ലിട്ട് ചപ്പാത്തിയും ചിക്കൻകറിയുമുണ്ടാക്കി നാട്ടുകാരെ ഊട്ടുന്ന തടവുപുള്ളികൾക്ക് വിശ്രമം പാടില്ലെന്നാണ് പ്രതിപക്ഷത്തെ ഭീകരന്മാരായ ഖദറുകാർ പറയുന്നത്. അഞ്ചുദിവസം എല്ലുമുറിയെ പണിയെടുക്കുന്നവർക്ക് രണ്ടുദിവസം പുറത്തിറങ്ങി ക്രിയാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരമൊരുക്കേണ്ടത് സാമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ജയിലിനകത്തെയും പുറത്തെയും ജീവിതം താരതമ്യം ചെയ്ത് മാനസാന്തരം വരാനും ആത്മീയതയിൽ ആകൃഷ്ടരാകാനും ഇതു സഹായിക്കും.
കറകളഞ്ഞ വിപ്ലവകാരികളും നന്മനിറഞ്ഞവരുമായ ഏതാനും ചെറുപ്പക്കാർ വടകരയിലെ നൈറ്റ് കടയിൽനിന്ന് വാഴക്കുല വെട്ടാനുള്ള വടിവാളുകൾ വാങ്ങി വീട്ടിലോട്ട് പോകുമ്പോൾ പറ്റിയ കൈയബദ്ധത്തിന്റെ പേരിൽ ക്രൂശിക്കപ്പെടുകയാണ്. 'ജാളി"യായി പോകുന്നതിനിടെ കൂട്ടത്തിലൊരാൾ അദ്ദേഹത്തിന്റെയൊരു സുപ്രധാന കണ്ടെത്തലിനെക്കുറിച്ച് പറഞ്ഞു-വടിവാൾ വീശുമ്പോഴും ചൂടായ കല്ലിൽ ദോശമാവ് ഒഴിക്കുമ്പോഴും ഏറെക്കുറെ ഒരേ ശബ്ദമാണ്. ചെവി നന്നായി ട്യൂൺ ചെയ്താൽ ഒന്ന് 'ശീ"യും മറ്റൊന്നു 'ശൂ"വും ആണെന്ന നേരിയ വ്യത്യാസം തോന്നിയേക്കാം. എങ്കിൽ അതൊന്ന് അറിഞ്ഞിട്ടുതന്നെ കാര്യമെന്നു പറഞ്ഞ് പാവം കുട്ട്യോൾ ഒരുമിച്ച് വടിവാളുകൾ വീശുകയും കഷ്ടകാലത്തിന്, അതിലെ കടന്നുപോയ ഒരാളുടെ മുഖത്തുകൊള്ളുകയും 51 നേരിയ മുറിവുകൾ ഉണ്ടാവുകയും ചെയ്തു. ആകെ പേടിച്ചുപോയ അദ്ദേഹം ഹാർട്ട് അറ്റാക്ക് വന്ന് തത്ക്ഷണം മരിച്ചു. സത്യമായിട്ടും ഇതാണ് സംഭവിച്ചത്. ആ കുട്ട്യോളെ അടുത്തറിയാവുന്ന എല്ലാവരും ഈ സത്യം വിളിച്ചുപറഞ്ഞിട്ടും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതി തുറുങ്കിലടയ്ക്കുകയും ചെയ്തു. രാഷ്ട്രപുനർനിർമ്മാണത്തിനായി പ്രവർത്തിക്കേണ്ട നല്ല ചെറുപ്പക്കാരുടെ ജീവിതമാണ് ജയിലിൽ എരിഞ്ഞടങ്ങുന്നത്. കോടതി കാണാതെപോയ ഈ വസ്തുത കണ്ടെത്തിയ സർക്കാർ അവർക്ക് ഇടയ്ക്കിടെ പരോൾ അനുവദിക്കുന്നത് അതുകൊണ്ടാണ്. തൊഴിലില്ലാത്ത ഒരുപാട് ചെറുപ്പക്കാരെ ചപ്പാത്തിയും ചിക്കൻകറിയുമുണ്ടാക്കാൻ പരോൾ കാലയളവിൽ ഇവർ പഠിപ്പിക്കുന്നുമുണ്ട്.

ചെറിയൊരു ശ്രദ്ധക്കുറവിനെ വലിയൊരു ക്രിമിനൽകുറ്റമാക്കി കുട്ട്യോളെ ശിക്ഷിച്ച കോടതി നടപടി ജനാധിപത്യവാദികളെ ഞെട്ടിക്കുന്നതാണ്. ഫാസിസ്റ്റ് ഭരണവ്യവസ്ഥയിലെ കോടതികളിൽനിന്ന് ഇതിലപ്പുറം പ്രതീക്ഷിച്ചിട്ട് കാര്യമില്ല. ജനാധിപത്യ കോടതികൾ നിലവിൽ വന്നാൽ ഈ കുറവ് പരിഹരിക്കാം. ബൂർഷ്വാകൾ ഇതിനെ പാർട്ടികോടതികളെന്നു പരിഹസിക്കുന്നത് കാര്യമറിയതെയാണ്. എഡ്യുക്കേഷൻ ഇല്ലാത്തവർ അങ്ങനെ പലതും പറയും. ജനങ്ങളുടെ പൊതുവേദിയാണ് പാർട്ടിയെന്ന് ആദ്യം മനസിലാക്കണം. ജനങ്ങൾക്കുവേണ്ടി ജനങ്ങളുടെ പൊതുവേദി തിരഞ്ഞെടുക്കുന്ന കോടതികൾ എപ്പോഴും മനുഷ്യത്വത്തിന്റെ പക്ഷത്തായിരിക്കും. കുറ്റവും കൈപ്പിഴയും തമ്മിലുള്ള വ്യത്യാസം പാർട്ടിയുടെ നീതിന്യായ വ്യവസ്ഥയിൽ നിർവചിച്ചിട്ടുണ്ട്. കൈപ്പിഴയുടെ പേരിൽ ജയിലുകളിൽ കഴിയുന്നവരിൽ മഹാഭൂരിപക്ഷവും പഞ്ചപാവങ്ങളാണ്.

മാറ്റുവിൻ ചട്ടങ്ങളെ!
ബ്രിട്ടീഷുകാരുണ്ടാക്കിവച്ച ചിട്ടവട്ടങ്ങൾ മാറാതെ സംസ്ഥാനങ്ങൾക്കു സ്വയംപര്യാപ്തത കൈവരിക്കാനാവില്ല. പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ഉത്തരവാദിത്വം രാജ്യത്തിനുള്ളതുപോലെ സംസ്ഥാനങ്ങൾക്കുമുണ്ടെന്ന് ജനകീയ നീതിന്യായവ്യവസ്ഥയിൽ പറയുന്നുണ്ട്. ബോംബ് നിർമ്മാണം, വടിവാൾ, കുറുവടി, എസ്-കത്തി പ്രയോഗങ്ങൾ എന്നിവ ഇതിന്റെ ഭാഗമാണ്. റെഡ് വോളന്റിയർമാരും റെഡ് ആർമിയും സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും സംരക്ഷിക്കാനുള്ള പ്രതിരോധസേനയാണെന്ന് ഇനിയെങ്കിലും ഖദറുകാർ മനസിലാക്കണം. പിടികിട്ടിയില്ലെങ്കിൽ പാർട്ടിക്ലാസുകളിൽ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കാൻ അവസരം നൽകും.
ജയിൽപുള്ളികളുടെ നൈപുണ്യവികസനവും സർക്കാരിന്റെ ലക്ഷ്യമാണ്. മിടുക്കന്മാരായ ചെറുപ്പക്കാർക്ക് സ്മാർട്ട് വിദ്യാഭ്യാസം നൽകാൻ ജയിലിൽ മൊബൈൽ ഫോണുകൾ നൽകിയെങ്കിലും വിവാദമായി. ജനാധിപത്യ സംരക്ഷണത്തിനായി ശ്രമങ്ങൾ നടത്തുമ്പോൾ പാർട്ടി നിരന്തരം വേട്ടയാടപ്പെടുന്നു.പാർട്ടിക്ക് സമയദോഷമുണ്ടാവുമ്പോൾ ഛിദ്രശക്തികൾ കരുത്തരാകുന്നത് സ്വാഭാവികമാണ്. ഗ്രഹണസമയത്ത് ഞാഞ്ഞൂലും തലപൊക്കുമെന്നാണല്ലോ പഴഞ്ചൊല്ല്. കോൺഗ്രസിന്റെ ഈ ബലംപിടിത്തം അതുപോലെയേ കാണുന്നുള്ളൂ.
വിപ്ലവപ്പാർട്ടിയാണെങ്കിലും ചില തുരപ്പന്മാർ ഉള്ളിലുണ്ടെന്നത് സത്യമാണ്. തിന്നുകൊഴുത്ത് എല്ലിനിടയിൽ കയറുന്നതിന്റെ പ്രശ്‌നമാണ്. മാറ്റിയെടുക്കാനുള്ള മരുന്നുണ്ട്. ഇങ്ങനെയുള്ളവരെ തിരഞ്ഞുപിടിച്ച് മോഹനവാഗ്ദാനങ്ങൾ നൽകി, കുലംകുത്തികളാക്കി പാർട്ടിക്കെതിരെ തിരിച്ചുവിടാനുള്ള ഖദറുകാരുടെ ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആവേശം കയറി റോഡിലിറങ്ങുന്നവർ ശ്രദ്ധിക്കുക-ഇന്നോവ കാറുകൾ പായുന്ന തിരക്കുള്ള റോഡുകളാണ് നമുക്കുള്ളത്.

സുഗന്ധമുള്ള സുവർണ

സ്വപ്നങ്ങൾ ക്യാപ്‌സൂളിൽ

ചെറുപ്പക്കാർക്കു പൊതുവേ സ്വർണാഭരണങ്ങളോട് ആഭിമുഖ്യം കുറഞ്ഞെങ്കിലും ലോഡുകണക്കിന് സ്വർണമാണ് കടൽകടന്നെത്തുന്നത്. എവിടെനിന്ന് വരുന്നു എങ്ങോട്ട് പോകുന്നു എന്നുമാത്രം പിടിയില്ല. 'സുരക്ഷിത അറകളിൽ" ഒളിപ്പിച്ച് വിദേശത്തുനിന്ന് നാട്ടിലെത്തിക്കുന്ന സ്വർണത്തെ മൂക്കിലും കാതിലും കഴുത്തിലുമൊക്കെ ആഭരണങ്ങളാക്കി അണിയാൻ ചെറുപ്പക്കാർക്ക് താത്പര്യമുണ്ടാവില്ലെന്നാണ് കസ്റ്റംസുകാരുടെ അഭിപ്രായം. സ്വപ്‌നങ്ങൾക്കു സുവർണശോഭ നൽകുന്ന മഞ്ഞ ലോഹത്തിന്റെ ഗന്ധം വിമാനത്താവളങ്ങളിൽ പരക്കുമ്പോൾ കേരളത്തിന്റെ അഭിമാനമാണ് പറന്നുയരുന്നത്. നൂറുകണക്കിന് സ്വർണ ക്യാപ്‌സൂളുകളുമായി ചാഞ്ചാടിയാടി വിമാനമിറങ്ങുന്ന കോട്ടുധാരികൾ എന്തായാലും ചില്ലറക്കാരല്ല. സ്വർണഅറകളുടെ ഉടമകളാണെങ്കിലും ഇവരുടെ നടപ്പും നോട്ടവും ലാളിത്യവും കണ്ടാൽ അങ്ങനെ തോന്നില്ലെന്നും കസ്റ്റംസ് വൃത്തങ്ങൾ പറയുന്നു. മണിക്കൂറുകളോളം ഭക്ഷണം കഴിക്കാതെ, വെള്ളംകുടിക്കാതെ വരുന്നവരെ കസ്റ്റംസുകാർ ആഘോഷപൂർവം വരവേറ്റ് നന്നായി നെയ്യ് ചേർത്ത ബിരിയാണിയും മുന്തിരിജ്യൂസും നൽകുമെന്നാണ് രഹസ്യവിവരം. ശേഷമുള്ള കാര്യങ്ങൾ പ്രതീക്ഷയ്ക്കപ്പുറം!. മൂക്കുകൊണ്ട് 'ക്ഷ" വരയ്ക്കുകയാണത്രേ കസ്റ്റംസുകാർ.
വിമാനമിറങ്ങുന്ന സുവർണ മങ്കമാർക്കും 'മങ്കൻമാർക്കും" ഇറക്കുമതിയിനത്തിൽ ചില്ലറ തടയുമെന്നല്ലാതെ ക്യാപ്‌സൂളുകൾ എവിടേക്കാണ് പോകുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. ക്യാപ്‌സൂൾ സ്വർണത്തിന്റെ ഹോൾസെയിൽ ഡീലർമാരിൽ ചില രാഷ്ട്രീയക്കാരുമുണ്ടെന്നാണ് കുത്തിത്തിരിപ്പുകാരുടെ ലേറ്റസ്റ്റ് റിപ്പോർട്ട്. നിക്ഷേപസൗഹൃദ സംസ്ഥാനമായ കേരളത്തിന്റെ ആസ്തി പല വിദേശരാജ്യങ്ങളിലും സുരക്ഷിതമാണത്രേ. കള്ളന്മാർ കൊണ്ടുപോകുമെന്ന പേടി വേണ്ടേവേണ്ട. കേരളത്തിൽ നിക്ഷേപിക്കാനുള്ള സ്വർണവും പണവും വിദേശത്തുനിന്ന് ഏതുവഴിക്കാണ് വരുന്നതെന്നു നോക്കിയിരിക്കുകയാണ് ഫാസിസ്റ്റ് കസ്റ്റംസുകാർ. വരുന്ന വഴി അവർക്കു പിടികിട്ടിയെങ്കിലും 'ക്യാപ്‌സൂൾവി.ഐ.പികൾക്ക് " കുറവില്ല. വരുന്ന പത്തുപേരിൽ അഞ്ചുപേർ പിടിയിലായാലും നഷ്ടമില്ലത്രേ. കേരളത്തിന്റെ വികസനത്തിന് ഫണ്ട് അനുവദിക്കാതിരിക്കുകയും വിദേശത്തുനിന്നുള്ള സുവർണ നിക്ഷേപത്തിന് തടയിടുകയും ചെയ്യുന്ന കേന്ദ്രനയം നിന്ദ്യവും പൈശാചികവുമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.