SignIn
Kerala Kaumudi Online
Friday, 26 April 2024 12.48 PM IST

സോഷ്യൽ മീഡിയയും മാറുന്ന ലോകവും

social-media

ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകളുടെ ‘Women Who Travel’ എന്ന ഫേസ്ബുക്ക് കൂട്ടായ്മ കണ്ട് ഒറ്റയ്ക്കു യാത്രചെയ്യാൻ തീരുമാനിച്ച ഒരു സാധാരണ വീട്ടമ്മയെ എനിയ്ക്കറിയാം. ആ കൂട്ടായ്മയുടെ കഥകൾ കണ്ട് പ്രചോദനമുൾക്കൊണ്ട് യാത്ര ചെയ്യുകയും അതിന്റെ ചിത്രങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതിലൂടെ പുതിയൊരു 'തന്നെ' അവർ കണ്ടെത്തി. കൊവിഡ് കാലം വന്നശേഷം എന്റെ വീട്ടിൽ തന്നെ ഞങ്ങൾക്ക് ഇഷ്ടപ്പെട്ട ബ്രാൻഡ് തേയില ഏതാണെന്ന് ഞങ്ങൾ കണ്ടെത്തിയത് ഓൺലൈനിലൂടെ ഒരു ബ്രാൻഡ് ഓർഡർ ചെയ്താണ്. വലിയ നടീനടന്മാരെ വച്ചു വലിയ പരസ്യം ചെയ്യുന്നതിനു പകരം പല ബ്രാൻഡുകളും അവരുടെ കസ്റ്റമേഴ്സിന്റെ സോഷ്യൽ മീഡിയ കൂട്ടായ്മ ഉണ്ടാക്കുന്നു. 'ഓഗ് മെന്റഡ് റിയാലിറ്റി' ഉപയോഗിച്ച് തങ്ങളുടെ 'മേക്കപ്പ് ' ഇട്ടുനോക്കി വാങ്ങിക്കാനുള്ള സൗകര്യം ചില ബ്രാൻഡുകൾ ഏർപ്പെടുത്തിക്കഴിഞ്ഞു. അഡ്വഞ്ചർ പാർക്കിന്റെയോ മാജിക് പാർക്കിന്റെയോ 'ഓഗ്‌മെന്റഡ് റിയാലിറ്റി' അനുഭവിച്ച് അവിടെ പോകണോ വേണ്ടയോ എന്നു കുട്ടികൾക്കു തീരുമാനിയ്ക്കാവുന്ന കാലം വരുന്നു.

പഠിയ്‌ക്കേണ്ട കോഴ്സുകളെക്കുറിച്ചും പോകേണ്ട ജിമ്മിനെ കുറിച്ചും സ്വീകരിക്കേണ്ട ഡയറ്റിനെക്കുറിച്ചും വ്യായാമമുറയെ കുറിച്ചുമൊക്കെ സോഷ്യൽ മീഡിയ നമ്മെ സ്വാധീനിക്കുന്നു. വീട്ടുമുറ്റത്ത് ഏതു ചെടി എങ്ങനെ വളർത്തണമെന്നും വീട്ടിൽ ബ്രേക്ക് ഫാസ്റ്റിന് ഏതു വിഭവം എങ്ങനെ ഉണ്ടാക്കിയാൽ സമീകൃതമാകുമെന്നുമൊക്കെ സോഷ്യൽമീഡിയയ്ക്ക് നമ്മോടു പറയാനുണ്ടാകും. ബ്രേക്ക് ഫാസ്റ്റിനുണ്ടാക്കിയ വിഭവത്തിന്റെ ഫോട്ടോയെടുത്ത് ഇൻസ്റ്റഗ്രാമിലിടുന്നതാണ് അതു കഴിക്കുന്നതിനെക്കാൾ പുതുതലമുറയിൽ പലർക്കും പ്രധാനം. എവിടെ പോയാലും പോകുന്ന സ്ഥലങ്ങൾ ആസ്വദിക്കുന്നതിനെക്കാൾ പ്രധാനമാണ് ആ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിലോ ഫേസ്ബുക്കിലോ ഇടുന്നത്. 'യൂട്യൂബ്' എന്ന 'ഗുരു' ഇല്ലെങ്കിൽ പുതുതലമുറയിൽ പെട്ടവർ പാചകകല പരീക്ഷിയ്ക്കുക പോലുമില്ല. ‘You are what you browse’ എന്നതാണ് പുതിയ നിഗമനം. ഗൂഗിളിന് അറിയാവുന്നതു പോലെ നമ്മുടെ ഏറ്റവുമടുത്ത സുഹൃത്തിനോ പങ്കാളിക്കോ പോലും നമ്മെ അറിയാൻ വയ്യ എന്നതാണു വാസ്തവം.

വർഷാവസാനം നിങ്ങൾ ഈ വർഷം ഇത്ര കിലോമീറ്റർ യാത്രചെയ്തു എന്ന സന്ദേശം ഫോണിൽ കണ്ടപ്പോൾ ഞാൻ അതിശയിച്ചു. എന്റെ ലൊക്കേഷൻ ഓഫ് ചെയ്താണിട്ടിരിയ്ക്കുന്നത്, എന്നിട്ടും ഗൂഗിളിന് അതറിയാം.

സോഷ്യൽ മീഡിയ നാം എവിടെ സമയം ചെലവഴിയ്ക്കണം, എന്തു വാങ്ങണം, എന്തു കഴിയ്ക്കണം, ആരോടു കൂട്ടുകൂടണം തുടങ്ങി നമ്മെ സംബന്ധിയ്ക്കുന്ന ഓരോ കാര്യങ്ങളും നിർണയിക്കുന്ന യുഗത്തിലേക്ക് നാം കടന്നിരിക്കുന്നു. കൊവിഡ് കാലം വന്നതോടെ ഒരിക്കലും വീഡിയോകോൾ ചെയ്യാത്തവർ പോലും 'സൂം' മീറ്റിംഗും ഗൂഗിൾ മീറ്റുമൊക്കെ ഉപയോഗിച്ചു തുടങ്ങി. പിറന്നാളാഘോഷവും കുടുംബയോഗവുമൊക്കെ ഇത്തരം 'മീറ്റ് ' വഴിയായി. അങ്ങനെ തൊണ്ണൂറു കഴിഞ്ഞവർ പോലും ഇത്തരം പ്ലാറ്റ്‌ഫോമിൽ സജീവമായി. യാത്രകൾക്കു വിലക്ക് വന്നതോടെ മറ്റുമാർഗമില്ലാതെ തുടങ്ങിയതാണെങ്കിലും ഇതിന്റെ സൗകര്യം മനസിലാക്കി സെക്രട്ടേറിയേറ്റിലും ഡൽഹിയിലുമൊക്കെ പലവട്ടം പോകേണ്ടി വന്നിരുന്നതൊക്കെ ഗൂഗിൾ മീറ്റിലാക്കാൻ കഴിഞ്ഞത് വലിയ സൗകര്യമായി ഞങ്ങളൊക്കെ ഇന്നു കരുതുന്നു. CISCO നടത്തിയ ഒരു പഠനത്തിൽ പറയുന്നത് 2022 ആകുമ്പോഴേയ്ക്കും 82ശതമാനം ഓൺലൈൻ ഉള്ളടക്കവും വീഡിയോ രൂപത്തിലായിരിയ്ക്കുമെന്നാണ്. ക്ലാസ് റൂം പഠനങ്ങളിൽ വീഡിയോ ഉള്ളടക്കം വളരെ പ്രധാനപ്പെട്ടതായി മാറിക്കഴിഞ്ഞു. ഒരു ട്രെയിനർ എന്ന നിലയിൽ (കേരളാ പൊലീസ് അക്കാഡമിയിൽ പ്രവർത്തിച്ച പരിചയം) എനിക്ക് അനുഭവവേദ്യമായ കാര്യമാണിത്. വീഡിയോ ഉള്ളടക്കമില്ലാത്ത പ്രസന്റേഷനുകൾ വേണ്ടത്ര 'ഇംപാക്ട് ' ഉണ്ടാക്കുന്നില്ല. ഡേറ്റയുടെ സ്വകാര്യത വളരെ പ്രാധാന്യമർഹിയ്ക്കുന്നു എന്ന കാര്യം പുതുതലമുറ കൂടുതൽ തിരിച്ചറിയുന്നുണ്ട്. സാമ്പത്തിക കാര്യങ്ങളും സാധനങ്ങൾ വാങ്ങലും വില്‌ക്കലും വിനോദവും പഠനവുമെല്ലാം സ്മാർട്ട് ഫോൺ എന്ന ഒറ്റ മാദ്ധ്യമത്തിലൂടെയാകുന്നു... ഡോക്ടറുടെ അപ്പോയ്‌ന്റ്‌മെന്റും ട്രെയിൻ ടിക്കറ്റും ബോർഡിംഗ് പാസും എല്ലാം ഫോണിൽ തന്നെ. ടൈപ്പ് ചെയ്യുന്നതിനു പകരം ശബ്ദമുപയോഗിയ്ക്കുന്ന രീതിയും കൂടിക്കൂടി വരികയാണ്. അതുകൊണ്ടു തന്നെ ശബ്ദം തിരിച്ചറിയുന്ന ആപ്പുകളും അത് പ്രിന്റ് ചെയ്യുകയും തർജ്ജമ ചെയ്യുകയും ചെയ്യുന്ന ആപ്പുകളും പ്രാധാന്യം നേടാം.

കേംബ്രിഡ്ജ് അനലറ്റിക്ക പോലെയുള്ള സ്‌കാമുകൾ ലോകത്തെ ഇനിയും ഇളക്കിമറിച്ചേക്കാം. കമ്പനികൾ തമ്മിൽ ഡേറ്റ പങ്കുവയ്ക്കുന്നതും ഇലക്‌ഷൻ ഫലം അട്ടിമറിക്കാനായി ഡേറ്റ ഉപയോഗിക്കുന്നതും സോഷ്യൽ മീഡിയ ക്യാംപെയ്ൻ വോട്ടിംഗിനെ സ്വാധീനിക്കുന്നതുമൊക്കെ ലോകത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. 'എത്തിക്കൽ ഹാക്കിംഗ് ' എന്ന പേരിൽ 'അൺ എത്തിക്കൽ' ആയ ഒരുപാടു കാര്യങ്ങൾ ചെയ്യലാണ് പലരുടെയും 'ഉദ്യോഗം'. ഇതൊക്കെയാണെങ്കിലും സോഷ്യൽ മീഡിയ വഴി ചതിയും സൈബർ ആക്രമണങ്ങളും കുത്തകവത്‌കരണവും ധാർഷ്ട്യവുമൊക്കെ ഇവയ്‌ക്കെതിരെ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഗവൺമെന്റുകളെ പ്രേരിപ്പിക്കുന്നു. അടുത്തിടെ ട്വിറ്ററുമായി ഇന്ത്യയുടെ ഗവൺമെന്റ് നടത്തിയ ഉരസലുകൾ എല്ലാവരും ഓർക്കുന്നുണ്ടാകും. നന്മയും തിന്മയും തിരിച്ചറിഞ്ഞ് അവധാനതയോടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാനുള്ള പ്രത്യേക പരിശീലനം കുട്ടികൾക്കും മുതിർന്നവർക്കും നൽകാൻ സർക്കാരുകൾ തയ്യാറാവേണ്ടതാണ്. ജാഗരൂകമായ സർക്കാർ സംവിധാനമുണ്ടെങ്കിൽ സോഷ്യൽ മീഡിയ ഭീമന്മാർ മുതൽ യൂട്യൂബർമാർ വരെ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറാൻ തയ്യാറാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOZHIYORAM, SOCIAL MEDIA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.