SignIn
Kerala Kaumudi Online
Friday, 25 July 2025 5.20 PM IST

കാലമെത്ര കഴിഞ്ഞാലും മാറാത്ത ശാപം

Increase Font Size Decrease Font Size Print Page
shiju

ജാതിചിന്തകളുടെ കനലുകൾ ഇപ്പോഴും ചാരത്തിൽ പുതഞ്ഞ്‌ കേരളീയ സമൂഹത്തിലൊന്നാകെ പതിയിരിപ്പുണ്ട്‌. ജാതിവ്യവസ്ഥ കേരളത്തിൽ നിലനിൽക്കുന്നില്ലെന്ന് അവകാശവാദം ഉന്നയിക്കുമ്പോഴാണ് ജാതീയതയുടെ പേരിൽ ഇരയാക്കപ്പെട്ടവരുടെ ദയനീയമായ വാർത്തകൾ ഒന്നിന് പുറകേ ഒന്നായി പുറത്തുവരുന്നത്. അട്ടപ്പാടിയിലെ ആദിവാസി യുവാവ് ഷിജുവിന് നേരിടേണ്ടിവന്ന ക്രൂരമർദ്ദനം,​ പാലക്കാട് നഗരസഭയിലെ പൊതുശ്മശാനത്തിൽ എൻ.എസ്.എസിന് പ്രത്യേക ഭൂമി നൽകിയത്,​ റാപ്പർ വേടനെതിരെ എൻ.ഐ.എയ്ക്ക് നൽകിയ പരാതി തുടങ്ങി നിരവധി സംഭവങ്ങൾക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ജാതി വിവേചനമാണ് കാരണമായിട്ടുള്ളത്.

കേരളത്തിൽ ദളിത് ആദിവാസി പീഡനങ്ങൾ ആവർത്തിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് നാം ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മധുവിനെ ആക്രമിച്ചതിന് സമാനമായ രീതിയിലാണ് കഴിഞ്ഞ 24ന് ഷിജു എന്ന 20 വയസുകാരനും ആക്രമിക്കപ്പെട്ടത്. പുരോഗമന കേരളം നാളിതുവരെ നടത്തിയ ചർച്ചകളോ സർക്കാർ സംവിധാനങ്ങൾ ചെയ്യുന്ന കാര്യങ്ങളോ സാമൂഹികമായൊരു മാറ്റത്തിന് ഉപകരിച്ചില്ലെന്നുവേണം ഇത്തരം സംഭവങ്ങളുടെ ആവർത്തനത്തിലൂടെ മനസിലാക്കാൻ. അതുകൊണ്ടുതന്നെ കേരളം വളരെ ഗൗരവമായി എടുക്കേണ്ട കാര്യമാണ് അട്ടപ്പാടിയിലേതും പാലക്കാട്ടെ പൊതുശ്മശാന ഭൂമിയിലെ വേർതിരിവും വേടന്റെ വിഷയവും.

മർദ്ദിക്കാനുള്ള സോഷ്യൽ

കറേജ് എവിടെനിന്ന് വരുന്നു?

മധുവിന്റെ കൊലപാതകം നടന്ന അട്ടപ്പാടിയിലാണ് മറ്റൊരു ചെറുപ്പക്കാരനെ കെട്ടിയിട്ട് മർദ്ദിക്കുന്നത്. ഈ ധൈര്യം, ഈ സോഷ്യൽ കറേജ് എവിടെ നിന്ന് വരുന്നുവെന്നതാണ് യഥാർത്ഥത്തിൽ അന്വേഷിക്കേണ്ടത്. ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിക്കാൻ പ്രതികൾക്ക് എങ്ങനെയാണ് ധൈര്യം കിട്ടുന്നത്? വാഹനത്തിന് മുന്നിലേക്ക് വീണുവെന്നും അസഭ്യം പറഞ്ഞ് വാഹനത്തിന്റെ ചില്ല് എറിഞ്ഞ് തകർത്തുവെന്ന് ആരോപിച്ചാണ് 20 വയസുള്ള ഷിജുവെന്ന ആദിവാസി യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. താഴെവീണ ഷിജുവിനെ വലിച്ചിഴച്ചുകൊണ്ടുവന്ന് വിവസ്ത്രനാക്കി പോസ്റ്റിൽ രണ്ടുമണിക്കൂർ കെട്ടിയിട്ടാണ് വാഹനത്തിന്റെ ഡ്രൈവറും ക്ലീനറും അടിക്കുന്നത്. അത് പുരോഗമന സമൂഹം ചെയ്യരുതാത്ത കാര്യമാണ്. ആദിവാസികളുടെയോ ദളിതരുടെയോ കാര്യങ്ങൾ വരുമ്പോഴുള്ള പൊതുസമൂഹത്തിന്റെ ഇടപെടലുകൾക്ക് വേഗക്കുറവുണ്ട്. പ്രിവിലെജ്ഡ് കാസ്റ്റിലുള്ളവർക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ സമൂഹം ഒന്നടങ്കം ശരവേഗത്തിൽ പ്രതികരിക്കും. ഇത് അവസാനിപ്പിക്കാൻ മലയാളി തയ്യാറാകുക എന്നത് മാത്രമേ ഇതിനൊരു പരിഹാരമുള്ളു.

ഭരണകൂടം ആർക്കൊപ്പം

അട്ടപ്പാടിയിൽ ആദിവാസി യുവാവിന് നേരെയുണ്ടായ അതിക്രമത്തിൽ പ്രതികളെ പിടികൂടാതെയിരുന്നതും നടപടികൾ വൈകിച്ചതും പൊലീസിന്റെ വീഴ്ചയാണ്. കേരളത്തിലെ ആഭ്യന്തരവകുപ്പും പൊലീസും അതിന്റെ സംവിധാനങ്ങളും ഇത്തരമൊരു പ്രശ്നമുണ്ടാകുമ്പോൾ തന്നെ പ്രതികളെ നിയമത്തിന്റെ മുന്നിലെത്തിക്കുവാനും മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്താനും ശ്രമിക്കുന്നില്ലെന്നത് വ്യാപകമായ ആക്ഷേപമാണ്. നിസാരമായൊരു പെറ്റിക്കേസ് കൈകാര്യം ചെയ്യുന്നത് പോലെയാണ് ദളിത് ആദിവാസി മർദ്ദനങ്ങളെയും അപമാനങ്ങളെയും കൈകാര്യം ചെയ്യുന്നത്. അതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു സംഗതി. അതുതന്നെയാണ് പ്രതികൾക്ക് വീണ്ടും അത്തരം സംഭവങ്ങൾ ആവർത്തിക്കാനുള്ള പ്രചോദനമാകുന്നതും. രണ്ടാമത്തെ കാര്യം,​ കേരള സമൂഹത്തിൽ ജാതിയും ജാതി വിവേചനങ്ങളും ഒന്നും ഇവിടെയില്ലെ ന്ന വ്യാപകമായ പ്രചാരണമുണ്ട്. ജാതീയമായ അതിക്രമങ്ങളും ജാതീയമായ പീഡനങ്ങളും കേരളത്തിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. അത് ഭരണകൂടം സമ്മതിക്കുകയും ഇതിൽ സമൂഹത്തിന് ജാഗ്രതയുണ്ടാകണമെന്ന് മുന്നറിയിപ്പും നൽകണം.

അക്രമികൾ പരിക്കില്ലാതെ

രക്ഷപ്പെടുന്ന സാഹചര്യം

കേരളത്തിലെ കീഴ്ത്തട്ടിനെ, അതായത് ദളിത് ആദിവാസി സമൂഹത്തെ അപമാനിക്കുക എന്നത് ഏതൊരാൾക്കും ചെയ്യാൻ കഴിയുന്നതും പരിക്കില്ലാതെ രക്ഷപ്പെടാൻ കഴിയുന്നതുമായ ഒരന്തരീക്ഷം കേരളത്തിലുണ്ട്. അതിന് മേലാണ് വേടൻ എന്ന റാപ്പറിനെതിരെ ഉയരുന്ന ആരോപണങ്ങൾ നിലനിൽക്കുന്നത്. റാപ്പർ വേടൻ സമൂഹത്തിൽ ജാതിഭീകരവാദം കുത്തിവെയ്ക്കുകയാണ്. അതിനെ പ്രതിരോധിക്കണമെന്ന് പ്രമുഖ നേതാവ് തുറന്നു പറഞ്ഞതും വിവേചനത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. വേടനെ പ്രതിരോധിക്കണമെന്ന് പറയുന്നതിലൂടെ അത് ഒരു കലാപാഹ്വാനമാണെന്നും വ്യാഖ്യാനിക്കും. ഇത്തരം അഭിപ്രായം പറയുന്നവർക്കെതിരെ കേസില്ല. ഇതിന് കേരളം വഴങ്ങുന്നതിന് ഒരു കാരണം, കേരളത്തിലെ സവർണ സമൂഹം മൊത്തം ദളിതരെയും ആദിവാസികളെയും അപമാനിക്കാൻ ലൈസൻസുണ്ടെന്ന് വിചാരിക്കുന്നവരായതു കൊണ്ടാണ്. ഇവിടെയാണ് അതിന്റെ പ്രശ്നം. ഇത് നിരന്തരം ആവർത്തിക്കുന്നതിന് കാരണം, നേരത്തേ ചെയ്തവർ കുറ്റവാളിയാക്കപ്പെടുകയോ നിയമത്തിന് മുന്നിൽ വരികയോ അവന് നിയമപരമായി കിട്ടേണ്ടതായ ശിക്ഷ കിട്ടാതിരിക്കുകയോ അവൻ വളരെ എളുപ്പത്തിൽ രക്ഷപ്പെടുകയോ ചെയ്യുന്ന സ്ഥിതിയാണെന്ന് പറയാം.

പൊതുശ്മശാന

ഭൂമി വീതംവെയ്ക്കാമോ?

പാലക്കാട് പൊതുശ്മശാനത്തിൽ എൻ.എസ്.എസിന് പ്രത്യേകമായി ഭൂമി നൽകാനുള്ള നഗരസഭയുടെ തീരുമാനം ഒരു പ്രത്യേക സമകാലിക പശ്ചാത്തലത്തിൽ വേണം പരിശോധിക്കാൻ. ഒരു പൊതുശ്മശാനം എങ്ങനെയാണ് ജാതിയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കായി പതിച്ചു കൊടുക്കാൻ കഴിയുന്നത്? എൻ.എസ്.എസിന് 20 സെന്റ് ഭൂമി നൽകാനാണ് നഗരസഭ തീരുമാനിച്ചത്. ഇതിന് പിന്നാലെ മറ്റുചില സമുദായ സംഘടനകളും ഭൂമി ആവശ്യപ്പെട്ട രംഗത്തുവന്നിരുന്നു. എൻ.എസ്.എസിന് മാത്രമല്ല ആവശ്യപ്പെട്ടാൽ ഏത് സമുദായത്തിനും ഭൂമി വീതിച്ചു കൊടുക്കും എന്നുള്ള പാലക്കാട് നഗരസഭയുടെ വിശദീകരണം തെറ്റാണ്. എന്താണ് പൊതുശ്മശാനം എന്നുള്ളതുകൊണ്ട് അർത്ഥമാക്കുന്നത്? ജാതിമത ഭേദമെന്യേ എല്ലാവർക്കും മൃതദേഹങ്ങൾ സംസ്‌കരിക്കാനുള്ള ഇടമാണല്ലോ പൊതുശ്മശാനങ്ങൾ. അതിനെ ജാതിയുടെ അടിസ്ഥാനത്തിലും മതത്തിന്റെ അടിസ്ഥാനത്തിലും വിഭാഗീയമായി വേർതിരിക്കുന്ന ഒരു സംഗതി കൊണ്ടുവരുന്നു എന്നതുകൊണ്ട് എന്താണ് വ്യക്തമാക്കുന്നത്. കൃത്യമായ ഒരു അസമത്വ ശ്രേണീകരണ വ്യവസ്ഥയെ പാലക്കാട് നഗരസഭ പിന്താങ്ങുന്നു എന്നുള്ളതാണല്ലോ അതിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്. ഇത് അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരായ വെല്ലുവിളിയാണ് ഉയർത്തുന്നത്.

വളരെ വ്യക്തമായിട്ട് ജാതി ഭീകരവാദം പുലർത്തിയിട്ടാണ്, നഗരസഭയിലെ കൗൺസിലർ വേടനെതിരെ പരാതി കൊടുത്തിട്ടുള്ളത്. ഇവർ തന്നെ ജാതി ഭീകരവാദം പുലർത്തുകയും ജാതി ഭീകരത പ്രവർത്തിക്കുന്ന രീതിയിൽ ശ്മശാനം മതിൽ കെട്ടിത്തിരിക്കാൻ സംഘടനകളെ അനുവദിക്കുകയും അതേസമയം ജാതിക്കെതിരായ വിമോചനാത്മകമായ ആശയങ്ങൾ മുന്നോട്ടുവെക്കുന്ന വേടന് എതിരെ രംഗത്ത് വരികയും ചെയ്യുന്ന വൈരുദ്ധ്യം കേരള സമൂഹം കാണാതെ പോകരുത്.

TAGS: SHIJU, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.