SignIn
Kerala Kaumudi Online
Thursday, 19 September 2024 1.19 AM IST

ഹൃദയപൂർവം ഈ സേവനങ്ങൾ

Increase Font Size Decrease Font Size Print Page
rahim
പത്തനംതിട്ട ജനറൽ ആശുപത്രി ഡി.വൈ.എഫ്.ഐ പൊതിച്ചോർ വിതരണത്തിന്റെ നാലാം വാർഷികത്തിൽ അഖിലേന്താ പ്രസിഡന്റ് എ.എ റഹിം ഭക്ഷണം വിതരണം ചെയ്യുന്നു

യുവജന സംഘടനകളുടെ സാമൂഹിക സേവനത്തിന്റെ ഉദാത്ത മാതൃകയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കഴിഞ്ഞ നാല് വർഷവമായി ഡി.വൈ.എഫ്.ഐ നടത്തിക്കൊണ്ടിരിക്കുന്ന പൊതിച്ചോർ വിതരണം. ഇതുവരെ പത്തുലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്തതായാണ് ഡി.വൈ.എഫ്.എെയുടെ കണക്ക്. നാല് വർഷമായി ഒരു ദിവസം പോലും മുടങ്ങാതെ നല്‌കുന്ന ഭക്ഷണം നിരവധിയാളുകളുടെ വിശപ്പാറ്റുന്നുണ്ട്. ഒാരോ ദിവസവും പൊതിച്ചോറുകൾ കെട്ടി ആശുപത്രിയിൽ എത്തിക്കുന്നത് വെല്ലവിളി തന്നെയാണ്. പക്ഷേ, സംഘടനാ ശൃംഖല വിപുലവും ജനകീയവുമായതുകൊണ്ട് ഭാരിച്ച ഇൗ ജോലി തൻമയത്വത്തോടെ ചെയ്യാൻ കഴിയുന്നു. ജില്ലയിലാകെയുളള സി.പി.എം കുടുംബങ്ങളും അനുഭാവികളും പൊതിച്ചോർ വിതരണത്തിൽ പങ്കാളികളാണ്.

വിശപ്പിനു ഭക്ഷണവും ജീവനേകാൻ രക്തവുമെന്നതാണ് ഹൃദയപൂർവം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ആപ്തവാക്യം. 2017 നവംബർ 25 ന് കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിലാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റി 'ഹൃദയപൂർവം പൊതിച്ചാർ' വിതരണം ആരംഭിച്ചത്. അന്നത്തെ ജില്ലാ കളക്ടർ ആർ. ഗിരിജയാണ് ആദ്യ പൊതി വിതരണം ചെയ്തത്. ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് പൊതിച്ചാേറുകൾ വിതരണം ചെയ്തുവരുന്നത്. ഓരോ ദിവസവും ഓരോ മേഖലകമ്മറ്റികളാണ് ഭക്ഷണം എത്തിക്കുന്നത്. വിശേഷ ദിവസങ്ങളിൽ പായസമടക്കമുള്ള പ്രത്യേക വിഭവങ്ങളും നൽകുന്നു. ഏതെങ്കിലും പ്രത്യേക കേന്ദ്രത്തിൽ ഭക്ഷണം തയ്യാറാക്കി നൽകാതെ വീടുകളിൽ നിന്ന് പൊതിച്ചാേർ ശേഖരിച്ചാണ് ആശുപത്രിയിലെത്തിക്കുന്നത്.
ഹർത്താലും പ്രളയവും കൊവിഡും ഭക്ഷണ വിതരണത്തിന് തടസമായില്ല. പത്തനംതിട്ട ജില്ലയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. ഓട്ടോറിക്ഷകൾ പോലും നിരത്തിലുണ്ടായിരുന്നില്ല. ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോർ മാത്രമാണ് അന്ന് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും വിശപ്പകറ്റിയത്. തെരുവുകളിൽ അന്തിയുറങ്ങുന്നവർക്കും പദ്ധതി തുണയായി.
ആരും അന്യരല്ലെന്ന ബോധ്യത്തിൽ മുന്നിൽ കൈ നീട്ടുന്നവരുടെ നിറമോ മതമോ ജാതിയോ രാഷ്ട്രീയമോ നോക്കാതെ ലക്ഷങ്ങൾക്ക് അന്നമൂട്ടാൻ പദ്ധതിക്കായി. ഒരിക്കൽ പോലും മുഖം കാണാത്തവർക്കാണ് വീടുകളിൽ നിന്ന് ഭക്ഷണം ഒരുക്കി പൊതികെട്ടി നൽകുന്നത്.
ഭക്ഷണ വിതരണത്തിനൊപ്പം ആശുപത്രിയിൽ ആവശ്യാനുസരണം രക്തവും ഡി.വൈ.എഫ്.ഐ പ്രവർത്തകർ ദാനം ചെയ്യുന്നു.
ഹൃദയപൂർവം പൊതിച്ചോർ വിതരണത്തിന്റെ നാലാം വാർഷികം അടുത്തിടെ ആചരിച്ചു. ഡി.വൈ.എഫ്.എെ അഖിലേൻന്ത്യാ പ്രസിഡൻ്റ് എ. എ. റഹിം ആശുപത്രിയിലെത്തി നാലാം വാർഷികം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സംഗേഷ് ജി. നായർ, സെക്രട്ടറി പി.ബി സതീഷ് കുമാർ, ട്രഷറർ ബി. നിസാം തുടങ്ങിയവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

ജില്ലയിൽ ഡി.വൈ.എഫ്.എെക്ക് 104 മേഖലാ കമ്മറ്റികളുണ്ട്. ഒാരോ മേഖലാ കമ്മറ്റികൾക്കും മൂന്ന് മാസം മുൻപേ പൊതിച്ചോർ സംഭരണത്തിനുള്ള അറിയിപ്പുകൾ നല്കും. ഡി.വൈ.എഫ്.എെയുടെ ദൈനംദിന സംഘടനാ പ്രവർത്തനത്തിന്റെ ഭാഗം കൂടിയാണ് പൊതിച്ചോർ വിതരണം. ഒരു ദിവസം ശരാശരി 700 പൊതികൾ വിതരണം ചെയ്യും.

കൊവിഡ് കാലത്ത് ഒരു ദിവസം മൂന്ന് നേരം ആശുപത്രികളിൽ പൊതിച്ചോറുകൾ എത്തിച്ചു. കൊവിഡ് രോഗികൾക്ക് പ്രത്യേകം പാക്കറ്റുകളിലാക്കിയാണ് ഭക്ഷണം എത്തിച്ചത്. ലോക്ഡൗൺ കാലത്ത് തെരുവിൽ ഭക്ഷണം കിട്ടാതെ വലഞ്ഞവർക്കും പൊതിച്ചോർ വിതരണം വിശപ്പകറ്റി. ജനുവരി ആദ്യ ആഴ്ച കോന്നി മെഡിക്കൽ കോളേജിൽ പൊതിച്ചോർ വിതരണം ആരംഭിക്കുന്നു.

രാഷ്ട്രീയ ആശയങ്ങൾ വ്യത്യസ്തമായിരിക്കുമ്പോൾ തന്നെ മാനവസേവാ രംഗത്ത് വിവിധ പ്രവർത്തനങ്ങളുമായി സജീവമാണ് അവരുടെ യുവജന സംഘടനകൾ.
സാമൂഹിക സേവന രംഗത്ത് ഉജ്വല മാതൃകയായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾ ജില്ലയിൽ വേറെയുമുണ്ട്. സി.പി.എം നിയന്ത്രണത്തിലുള്ള മദർ തെരേസ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയാണ് ജില്ലയിൽ ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന പ്രബലമായ മറ്റൊരു പ്രസ്ഥാനം. സ്വന്തമായി ആംബുലൻസ്, ഡയാലിസിസ് സഹായം, പരിശീലനം ലഭിച്ച നഴ്സുമാർ, വാളണ്ടിയർമാർ തുടങ്ങി വിപുലമായി സംവിധാനങ്ങൾ സൊസൈറ്റിക്കുണ്ട്. കാൻസർ, വൃക്ക രോഗികളായ ജില്ലയിലെ നൂറ് കണക്കിന് ആളുകൾക്ക് മദർ തെരേസ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി ആശ്വാസ കേന്ദ്രമാണ്.

ആർ.എസ്.എസിന്റെ സേവാ വിഭാഗമായ സേവാഭാരതിക്ക് ജീവകാരുണ്യ രംഗത്തും ദുരന്തമുഖങ്ങളിലും രക്ഷാപ്രവർത്തനങ്ങൾക്ക് പ്രത്യേക പരിശീലനം നേടിയ പ്രവർത്തകരുണ്ട്. മഹാപ്രളയത്തിൽ അവരുടെ സേവനം നിരവധിയാളുകളുടെ ജീവൻ രക്ഷിച്ചു. സ്വന്തം ഉപകരണങ്ങളുമായി രംഗത്തിറങ്ങിയ സേവാഭാരതി സമയനഷ്ടമില്ലാതെ ദുരന്തമുഖത്തെത്തി. ദേശീയ തലത്തിലുള്ള സേവാഭരതിയുടെ സംഘടനാ സംവിധാനം സൈനിക അച്ചടക്കത്തിലുള്ളതാണ്. കോൺഗ്രസിന്റെ സേവാ വിഭാഗമായ സേവാദളും ജീവകാരുണ്യ മേഖലയിൽ രംഗത്തുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PATHANAMTHITTA DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.