
വിജ്ഞാനാധിഷ്ഠിത വികസനത്തിന്റെ നവകേരളത്തിലേക്കുള്ള ചുവടുവയ്പുകളുമായി നമ്മൾ ഒരു പുതിയ വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കേരളം സാക്ഷ്യം വഹിക്കുന്നത് വലിയ മാറ്റങ്ങൾക്കാണ്. ഇടതു സർക്കാരിന്റെ നേതൃത്വത്തിൽ വികസനത്തിന്റെയും സാമൂഹ്യ സുരക്ഷയുടെയും ഉൾപ്പെടെ എല്ലാ രംഗത്തും ലോകശ്രദ്ധയാകർഷിക്കുന്ന 'കേരള മാതൃക" നാം സൃഷ്ടിച്ചു. ജനങ്ങളുടെ ജീവിതഭാരം ലഘൂകരിക്കുക എന്നത് ഈ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. അതിന്റെ ഭാഗമായാണ് സാമൂഹ്യ സുരക്ഷാരംഗത്ത് ഗൗരവമേറിയ ഇടപെടലുകൾ നടത്തിവരുന്നത്.
സാമൂഹ്യ സുരക്ഷാ പെൻഷനുകൾ 2000 രൂപയായി വർദ്ധിപ്പിച്ചത് പാവപ്പെട്ടവരോടുള്ള സർക്കാരിന്റെ കരുതലിനു തെളിവാണ്. ഇതിനുപുറമെ, മറ്റ് വരുമാന മാർഗങ്ങളില്ലാത്ത വീട്ടമ്മമാർക്ക് പെൻഷൻ ഉറപ്പാക്കാനുള്ള വിപ്ലവകരമായ തീരുമാനം സ്ത്രീശാക്തീകരണത്തിലെ സുപ്രധാന നാഴികക്കല്ലാണ്.
ആശാ വർക്കർമാർ അടക്കമുള്ള സ്‌കീം വർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിച്ചത് അവരുടെ അദ്ധ്വാനത്തിനുള്ള അംഗീകാരമാണ്. മത്സര പരീക്ഷകൾക്കോ നൈപുണ്യ പരിശീലനത്തിലോ പങ്കെടുക്കുന്ന
യുവതീയുവാക്കൾക്കായി 'കണക്ട് ടു വർക്ക്" സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചതും വിദ്യാഭ്യാസ മേഖലയിലെ പൊതുനിക്ഷേപം വർദ്ധിപ്പിച്ചതും നവകേരളത്തിന്റെ അടിത്തറ ഭദ്രമാക്കാനാണ്.
ഒരുവശത്ത് കേന്ദ്ര സർക്കാർ ജനക്ഷേമ പദ്ധതികളിൽ നിന്ന് പിന്മാറുമ്പോൾ, മറുവശത്ത് സാധാരണക്കാരെ ചേർത്തുപിടിക്കുന്ന ഈ ജനപക്ഷ ബദലാണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്; അതും വികസനത്തിൽ മുന്നേറ്റം സൃഷ്ടിച്ചുകൊണ്ടുതന്നെ! കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ലോകത്തിനുതന്നെ അത്ഭുതമാണ്. ആർദ്രം മിഷനിലൂടെ നമ്മുടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറി. ശിശുമരണ നിരക്ക് കുറയ്ക്കുന്നതിലും ശരാശരി ആയുർദൈർഘ്യം ഉയർത്തുന്നതിലും വികസിത രാഷ്ട്രങ്ങളോട് കിടപിടിക്കുന്ന നേട്ടമാണ് കേരളം സ്വന്തമാക്കിയത്.
കേരളത്തെ ഒരു ആഗോള വൈജ്ഞാനിക സമൂഹമായി പരിവർത്തിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉന്നത
വിദ്യാഭ്യാസ മേഖലയിൽ ഗൗരവമായ ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തിവരുന്നത്. കാലഹരണപ്പെട്ട രീതികൾ ഉപേക്ഷിച്ച്, 2024-25 അദ്ധ്യയന വർഷം മുതൽ നടപ്പാക്കിയ നാല് വർഷ ബിരുദ കോഴ്സുകൾ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള പഠനസൗകര്യവും
ഗവേഷണ അഭിരുചിയും വളർത്താൻ സഹായിക്കും. കരിക്കുലം പരിഷ്കരണത്തിലൂടെയും ഡിജിറ്റൽ സർവ്വകലാശാല പോലുള്ള നൂതന സംവിധാനങ്ങളിലൂടെയും വൈജ്ഞാനിക ഉത്പാദനത്തിനൊപ്പം തൊഴിൽ
നൈപുണ്യവും ഉറപ്പാക്കാനാണ് ശ്രമം.
കേരളം കൈവരിച്ച ഏറ്റവും വലിയ നേട്ടമാണ് അതിദാരിദ്ര്യ മുക്ത സംസ്ഥാനം എന്ന പദവി. ഭഷ്യസുരക്ഷ, ആരോഗ്യ സംരക്ഷണം, വരുമാന മാർഗങ്ങൾ എന്നിവ ഉറപ്പാക്കിക്കൊണ്ട് ദാരിദ്ര്യത്തിന്റെ വേരുകൾ അറുത്തുമാറ്റുന്ന ശാസ്ത്രീയ രീതിയാണ് കേരളം അവലംബിച്ചത്. പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുടെ ഹബ്ബായി കേരളം മാറുകയാണ്. ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ കേരളം കൈവരിച്ച മുന്നേറ്റം രാജ്യത്തിനുതന്നെ മാതൃകയാണ്. സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ അയ്യായിരത്തിലധികം സ്റ്റാർട്ടപ്പുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.
നമ്മെ സാമ്പത്തികമായി തകർക്കാൻ കേന്ദ്രം ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴും കേരളം തകരാതെ പിടിച്ചുനിൽക്കുകയും, തനത് വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ 15 വർഷംകൊണ്ട് മൂന്നര മടങ്ങ് വളർന്നിരിക്കുന്നു. ആഭ്യന്തര ഉത്പാദനം 2011-12 ലെ 3.64 ലക്ഷം കോടി രൂപയിൽ നിന്ന് 2024-25 ൽ 12.49 ലക്ഷം കോടിയായാണ് വളർന്നത്. ലൈഫ് മിഷനിലൂടെ നാലേമുക്കാൽ ലക്ഷത്തോളം കുടുംബങ്ങൾക്ക് വീടുകൾ ലഭിച്ചു. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ അതിജീവിതർക്കായുള്ള ടൗൺഷിപ്പിൽ 200 വീടുകളുടെ കോൺക്രീറ്റ് പൂർത്തിയായി. വാഗ്ദാനങ്ങൾ പാലിക്കുക എന്നതാണ് ഈ സർക്കാരിന്റെ മുഖമുദ്ര എന്ന് തെളിയിക്കുന്നതാണ് ഇതെല്ലാം.
ഇന്ന് നാം നേരിടുന്ന ചോദ്യം ലളിതമാണ്- വികസനവും സമാധാനവും തുടരണോ, അതോ വർഗീയതയും വികസന വിരുദ്ധതയും നാടിനെ തകർക്കണോ? നവകേരള നിർമ്മിതിക്ക് വേഗം കൂട്ടാനും മതനിരപേക്ഷ കേരളത്തെ കൂടുതൽ കരുത്തോടെ കാത്തുസൂക്ഷിക്കാനും ഇടതുപക്ഷ സർക്കാരിന്റെ ജനപക്ഷ ബദലുകൾ തുടരേണ്ടതുണ്ട്. നാളത്തെ കേരളം എങ്ങനെയാകണം എന്നതിന് കൃത്യമായ ഒരു വികസന രൂപരേഖ സർക്കാരിനുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 'വിഷൻ- 2031." കേരളത്തിന്റെ ആഭ്യന്തര ഉത്പാദനം ഇരട്ടിയാക്കാനും ഓരോ കുടുംബത്തിന്റെയും ജീവിതനിലവാരം വികസിത രാഷ്ട്രങ്ങൾക്ക് സമാനമാക്കാനുമാണ് നാം ലക്ഷ്യമിടുന്നത്.
കൃത്രിമ ബുദ്ധി, ഡാറ്റാ സയൻസ് തുടങ്ങിയ നവീന സാങ്കേതികവിദ്യകളിൽ കേരളത്തെ ആഗോള കേന്ദ്രമാക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക, കാർഷിക- വ്യവസായ മേഖലകളിൽ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിപ്ലവം സൃഷ്ടിക്കുക എന്നിവയാണ് വിഷൻ 2031-ലൂടെ ലക്ഷ്യം വയ്ക്കുന്നത്. നാടിന്റെ ഭാവി വികസനത്തിനുള്ള നിർദ്ദേശങ്ങളും ആശയങ്ങളും പൊതുജനങ്ങളിൽ നിന്ന് സ്വരൂപിക്കുന്നതിനായി 'സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം" എന്നൊരു പദ്ധതി ഇന്ന് മുതൽ ആരംഭിക്കുകയാണ്.
ഓരോ പ്രദേശത്തിന്റെയും വികസന ആവശ്യങ്ങൾ മനസിലാക്കി,അവിടങ്ങളിൽ അനുയോജ്യമായ വികസനം എത്തിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ, പദ്ധതികൾ എന്നിവയിൽ ജനകീയ അഭിപ്രായം രൂപീകരിക്കുന്നതിനും ക്ഷേമ പ്രവർത്തനങ്ങൾ ആവശ്യകതയ്ക്കനുസരിച്ച് ലഭ്യമായോ എന്ന കാര്യത്തിൽ അഭിപ്രായം തേടുന്നതിനും ഈ പദ്ധതി സഹായകമാണ്. അചഞ്ചലമായ ഇച്ഛാശക്തിയോടെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലൂന്നുന്ന നവകേരള നിർമ്മിതിക്കായി നമുക്ക് ഒരുമിച്ച് മുന്നേറാം.
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |