SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.43 PM IST

നിയമസഭയിൽ കുഴപ്പമുണ്ടാക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി, അന്ധനെ പോലെയാക്കിയെന്ന് സ്പീക്കർ

Increase Font Size Decrease Font Size Print Page
pinarayi-vijyan

തിരുവനന്തപുരം: നിയമസഭയിൽ ഇന്നുരാവിലെ പ്രതിപക്ഷ എംഎൽഎമാർ സൃഷ്ടിച്ച സംഘർഷത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കർ എ എൻ ഷംസീറും. പ്രതിപക്ഷ അംഗങ്ങൾ വാച്ച് ആൻഡ് വാർഡിനെ വടി കൊണ്ട് മർദിച്ചെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇത് സ്പീക്കറുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നും ഞങ്ങളത് കണ്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചത്.

'ബാനർ പിടിച്ച ഒരാൾ വടികൊണ്ട് വാച്ച് ആൻഡ് വാർഡിനെ തല്ലുകയായിരുന്നു. സ്പീക്കറുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് തോന്നുന്നു. ആ ഘട്ടത്തിലാണ് വാച്ച് ആൻഡ് വാർഡ് അത് തടുക്കാനും പിടിക്കാനും നോക്കുന്നത്. ഇത് ഞങ്ങളെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. ഒരു പ്രകോപനവും ഇല്ലാതെയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഈ സംഭവങ്ങൾ ഉണ്ടാകുന്നത്. ബോധപൂർവം കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത് . നാട്ടിലും കോടതിയിലും ചെലവാകാത്ത കാര്യം ഇവിടെ ചെലവാക്കാനാണ് നോക്കിയത്. നിയമസഭയിൽ കാണിക്കാൻ പാടില്ലാത്ത കോപ്രായങ്ങളെ സഭ അപലപിക്കണം'- മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ജനാധിപത്യ അവകാശം പ്രതിപക്ഷത്തിനുമാത്രമല്ലെന്നും സ്‌പീക്കർക്കുമുണ്ടെന്നും എ എൻ ഷംസീർ പ്രതികരിച്ചു. സ്പീക്കറുടെ മുഖംമറച്ച് അന്ധനെപോലെയാക്കി ജനാധിപത്യം കൈകാര്യം ചെയ്യുന്നത് ശരിയാണോയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ അത് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനുമറുപടിയുമായി വി ഡി സതീശനും രംഗത്തെത്തി. പ്രതിപക്ഷം ബാനർ പിടിക്കുന്നത് ആദ്യമല്ലെന്നും, സാധാരണ ഇത്തരം പ്രശ്‌നങ്ങളുണ്ടാകുമ്പോൾ ചേംബറിലേക്ക് ഇരുപക്ഷത്തേയും വിളിച്ച് സംസാരിക്കുകയാണ് സ്പീക്കർ ചെയ്യാറുള്ളതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

TAGS: PROTEST, NIYAMASABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY