രാജ്യത്ത് നമ്പർ വൺ എന്ന പെരുമയുണ്ടെങ്കിലും, ലൈംഗിക അതിക്രമങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കുന്ന പോക്സോ നിയമം നടപ്പാക്കുന്നതിൽ കേരളാ പൊലീസ് വളരെ പിന്നിലാണ്. പോക്സോ കേസുകളിൽ ഗൗരവമായ അന്വേഷണമോ തെളിവുശേഖരണമോ നടത്താതെ പൊലീസ് ഉഴപ്പുകയാണെന്ന് ഏറെക്കാലമായുള്ള ആക്ഷേപമാണ്. എന്നാൽ പോക്സോ കേസുകളിലെ അന്വേഷണത്തിൽ പൊലീസിന്റെ വീഴ്ചകൾ തുറന്നു സമ്മതിച്ച് ക്രമസമാധാന ചുമതലയുള്ള അഡീ.ഡി.ജി.പി എം.ആർ അജിത്കുമാർ മനുഷ്യാവകാശ കമ്മിഷനിൽ റിപ്പോർട്ട് നൽകിയതോടെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണമായത്.
പോക്സോ കേസന്വേഷണം പൂർത്തിയാവാൻ കാലതാമസമുണ്ടാവുന്നെന്നും പ്രതിക്കെതിരെ തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ച സംഭവിക്കുന്നെന്നുമാണ് എ.ഡി.ജി.പിയുടെ റിപ്പോർട്ടിലുള്ളത്. അന്വേഷണ, വിചാരണാ വേളകളിൽ മേലുദ്ധ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മേൽനോട്ടത്തിൽ വീഴ്ച സംഭവിക്കുന്നു. വിചാരണവേളയിൽ അതിജീവിതയും സാക്ഷികളും പ്രതിക്ക് അനുകൂലമായി മൊഴി മാറ്റുകയാണ്. അതിജീവിതയും ബന്ധുക്കളും കോടതിക്ക് പുറത്ത് പ്രതിയിൽ നിന്ന് പണവും ആനുകൂല്യങ്ങളും കൈപ്പറ്റി കേസ് തീർപ്പാക്കുന്നെന്നും എ.ഡി.ജി.പി പറയുന്നു. എ.ഡി.ജി.പിയുടെ റിപ്പോർട്ട് ഹൈക്കോടതി രജിസ്ട്രാർക്കും ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും തുടർനടപടികൾക്കായി മനുഷ്യാവകാശ കമ്മിഷൻ കൈമാറിയിരിക്കുകയാണ്.
വധശിക്ഷവരെ കിട്ടാവുന്ന വകുപ്പുകൾ ചുമത്താമെങ്കിലും തെളിവില്ലാതെ അവസാനിക്കുകയാണ് കേസുകൾ. 16.7ശതമാനം പോക്സോ കേസുകളിൽ മാത്രമാണ് കേരളത്തിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നതെന്നാണ് കണക്കുകൾ. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേസുകൾ അവസാനിപ്പിക്കാനാണ് പൊലീസിന് ധൃതി. മലപ്പുറം മങ്കടയിൽ രണ്ട് സഹോദരിമാരെയും അരീക്കോട്ടെ പന്ത്രണ്ടുകാരിയെയും പീഡിപ്പിച്ച കേസുകൾ എഴുതിത്തള്ളാൻ പൊലീസ് ശ്രമിച്ചെങ്കിലും പുനരന്വേഷണത്തിൽ പ്രതികൾ അകത്തായി. തെളിവുകളും ശാസ്ത്രീയ റിപ്പോർട്ടുകളുമുള്ള കേസുകളിൽ ദുർബലമായ വകുപ്പുകൾ ചുമത്തി പ്രതികളെ പൊലീസ് രക്ഷിക്കും. ഇരയെയും പ്രതികളെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ് മദ്ധ്യസ്ഥ ചർച്ച നടത്താറുണ്ട്. ഇതെല്ലാം പോക്സോ നിയമത്തിന് വിരുദ്ധമാണ്. 2013 മുതൽ 2018വരെ വിചാരണ പൂർത്തിയായ 1255 കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടത് 230 കേസുകളിൽ മാത്രമാണ്. കോഴിക്കോട്ട് 282കേസുകളിൽ വിചാരണ പൂർത്തിയായപ്പോൾ പ്രതികൾ ശിക്ഷിക്കപ്പെട്ടത് 23ൽ താഴെ മാത്രം.
പോക്സോ കേസുകളിലെ അട്ടിമറിക്ക് ഉദാഹരണങ്ങളേറെയുണ്ട്. കിഴക്കമ്പലത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ മൊഴിമാറ്റാൻ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് പരാതിപ്പെട്ടത് പെൺകുട്ടിയുടെ അമ്മയാണ്. വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാനും മൊഴിചോർത്താനും പൊലീസിലെ ഇടതു സംഘടനാനേതാക്കളാണ് കരുനീക്കിയത്. കൊച്ചി നാവിക ആസ്ഥാനത്തെ പീഡനക്കേസിൽ നാവികസേന ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് പൊലീസ് കേസൊതുക്കി. ലഫ്ടനന്റായ ഭർത്താവ് തന്നെ മേലുദ്യോഗസ്ഥർക്ക് വഴങ്ങാൻ നിർബന്ധിക്കുന്നതായ യുവതിയുടെ പരാതിയിൽ പത്തുപേരെ പ്രതിയാക്കിയെങ്കിലും തുടർനടപടിയുണ്ടായില്ല. ഈ കേസിൽ സി.ബി.ഐ അന്വേഷണത്തെ സുപ്രീംകോടതിയിൽ പൊലീസ് എതിർത്തു. പത്തനംതിട്ടയിൽ ഭിന്നശേഷിയുള്ള പെൺകുട്ടിയെ അഞ്ചു പേർ ചേർന്ന് പീഡിപ്പിച്ച കേസിൽ അട്ടിമറിക്ക് ശ്രമിച്ചത് സി.ഐയായിരുന്നു. പെൺകുട്ടിയേയും അമ്മൂമ്മയേയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി നിർബന്ധിച്ച് മൊഴിയെടുക്കാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞിരുന്നു. കൊച്ചിയിൽ സാത്താൻസേവയുടെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലും അട്ടിമറിയുണ്ടായി. മജിസ്ട്രേറ്റിനു മുന്നിൽ പ്രതികൾക്ക് അനുകൂലമായ മൊഴിനൽകാൻ പൊലീസ് നിർബന്ധിച്ചതായും കുട്ടി മാനസികരോഗിയാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചതായും മാതാപിതാക്കൾ പരാതിപ്പെട്ടു.
കുട്ടികൾക്കെതിരായ ലൈംഗികകുറ്റകൃത്യങ്ങൾ തടയാനുള്ള നിയമത്തിൽ (പോക്സോ) കുറഞ്ഞത് 3വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷയും, ഇരയ്ക്കു മരണം സംഭവിച്ചാൽ വധശിക്ഷയും കിട്ടും. എന്നാൽ കേസ് അട്ടിമറിക്കാൻ പൊലീസിന് പല വഴികളുണ്ട്. വിവരമറിഞ്ഞ് 24 മണിക്കൂറിനകം കേസെടുക്കണമെന്നാണ് നിയമമെങ്കിലും കേസ് രജിസ്റ്റർ ചെയ്യാതെ ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയാണ്. ഇരയെയും കുടുംബാംഗങ്ങളെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി മാരത്തോൺ മൊഴിയെടുക്കലാണ് അടുത്തത്. ഇതിൽ മനംമടുത്ത് കേസ് വേണ്ടെന്നു വയ്ക്കുന്ന ഏറെപ്പേരുണ്ട്. സ്റ്റേഷനിൽ വിളിച്ചുവരുത്താതെ പൊലീസ് ഇരയുടെ വീട്ടിലെത്തി മൊഴിയെടുക്കണമെന്നാണ് നിയമം, അതും ഒരുതവണ മാത്രം. പോക്സോ നിയമപ്രകാരം ഇരയുടെ മൊഴി രേഖപ്പെടുത്തേണ്ടത് വനിതാ എസ്.ഐയാണ്. എന്നാൽ മിക്കപ്പോഴും പുരുഷ പൊലീസുകാരായിരിക്കും മൊഴിയെടുക്കുന്നത്. അതിരുവിട്ട ചോദ്യങ്ങളുണ്ടാവുന്നതോടെ ഇരകൾ കേസ് വേണ്ടെന്ന് പറയുന്ന സംഭവങ്ങൾ നിരവധിയുണ്ടായിട്ടുണ്ട്. നിസാരവകുപ്പുകൾ ചുമത്തുന്നതിന് പുറമെ വൈദ്യപരിശോധനയ്ക്ക് കുട്ടി വിസമ്മതിച്ചെന്ന് രേഖയുണ്ടാക്കി കേസ് ദുർബലമാക്കുന്നതും പതിവാണ്.
ഇരയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്
ശിക്ഷാനിരക്ക് കൂട്ടാനുള്ള നിർദ്ദേശങ്ങളും പൊലീസിന്റെ ഭാഗത്തുനിന്നുണ്ട്. പ്രതിക്ക് അനുകൂലമായി മൊഴി മാറ്റുന്നത് ഒഴിവാക്കാൻ അതിജീവിതയുടെയും പ്രധാന സാക്ഷികളുടെയും രഹസ്യമൊഴി കോടതിയിൽ രേഖപ്പെടുത്തണമെന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. കുറ്റം തെളിയിക്കാൻ മൊഴികളേക്കാൾ സാഹചര്യ, ശാസ്ത്രീയ തെളിവുകൾ കണ്ടെത്തണം. കെമിക്കൽ എക്സാമിനേഷൻ റിസൾട്ട്, സീൻപ്ലാൻ, ജനന സർട്ടിഫിക്കറ്റ്, വൈദ്യപരിശോധനാ സർട്ടിഫിക്കറ്റ് എന്നിവ കാലതാമസമൊഴിവാക്കി കുറ്റപത്രത്തിനൊപ്പം നൽകണം. കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് തെളിവുകളെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥനുമായി ചർച്ച നടത്തുകയും നിയമോപദേശം തേടുകയും വേണം.
പ്രതിമാസ ക്രൈം കോൺഫറൻസിൽ ജില്ലാ പൊലീസ് മേധാവിമാർ പോക്സോ കേസുകളുടെ അന്വേഷണ പുരോഗതി പരിശോധിക്കണം. അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ച തെളിവുകൾ പോക്സോ കേസുകളുടെ ജില്ലാ നോഡൽ ഓഫീസർ സൂക്ഷ്മ പരിശോധന നടത്തണം. പോക്സോ കോടതിയിൽ വിചാരണാ നടപടികളിൽ സഹായിക്കാൻ കാര്യക്ഷമതയും, പോക്സോ നിയമത്തിൽ അറിവുമുള്ള പൊലീസ് ഉദ്യോഗസ്ഥയെ സ്ഥിരം സഹായിയായി നിയോഗിക്കണം. അതിജീവിത കൂറുമാറിയാൽ അതുവരെ നൽകിയ വിക്ടിം കോമ്പൻസേഷൻ തിരിച്ചു പിടിക്കണം. ബന്ധുക്കൾ പ്രതിയാകുന്ന കേസിൽ ഇരയെ സുരക്ഷിതമായി പാർപ്പിക്കണം. അതിജീവിതയെ വിക്ടിം ലയ്സൻ ഓഫീസർ സ്ഥിരമായി സന്ദർശിക്കണം. പ്രതി സ്വാധീനിക്കാൻ ശ്രമിച്ചാൽ അക്കാര്യം കോടതിയെ അറിയിക്കണം.
നഷ്ടപരിഹാരം
12.99കോടി
പോക്സോ കേസിലെ ഇരകൾക്ക് കോടതി ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരം നൽകാനായി 12.99കോടി രൂപ ജനുവരിയിൽ അനുവദിച്ചിരുന്നു. 568 കേസുകളിലെ ഇരകൾക്കായാണിത്. 620 ഇരകൾക്കായി 14.39 കോടി രൂപയാണ് ആകെ നഷ്ടപരിഹാരം നൽകാനുള്ളത്. ഇതിൽ കഴിഞ്ഞ നവംബർ വരെയുള്ള കുടിശികയാണ് തീർത്തത്. ലീഗൽ സർവീസ് അതോറിട്ടി വഴിയാണ് നഷ്ടപരിഹാരം കൈമാറുക. അതിക്രമത്തിനിടെ മരിച്ചവരുടെ ബന്ധുക്കൾക്കും പ്രതിയെ കണ്ടെത്താനാവാത്ത കേസിലെ ഇരകൾക്കും ആസിഡ് ആക്രമണത്തിൽ പരിക്കേറ്റവർക്കും നഷ്ടപരിഹാരം കിട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |