SignIn
Kerala Kaumudi Online
Thursday, 19 September 2024 6.29 PM IST

കാശ്‌മീരിൽ സിനിമ വീണ്ടും എത്തുമ്പോൾ

Increase Font Size Decrease Font Size Print Page

photo

കാശ്‌മീരിനെ ദേശീയ മുഖ്യധാരയിലേക്കു കൊണ്ടുവരാനുള്ള യത്നങ്ങൾ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ദേശവിരുദ്ധരായ വിധ്വംസകശക്തികളും അതിർത്തിക്കപ്പുറത്തു നിന്നുള്ള ഭീകര ഗ്രൂപ്പുകളുമൊക്കെ ചേർന്ന് അടുത്തകാലം വരെ അത്തരം ശ്രമങ്ങൾക്ക് തുരങ്കംവയ്ക്കുകയായിരുന്നു. എന്നിരുന്നാലും അടുത്തകാലത്ത് കേന്ദ്രം കൈക്കൊണ്ട ചില സുപ്രധാന നടപടികൾ അവിടെ പ്രത്യക്ഷമായും അനുകൂല അന്തരീക്ഷം സ്ഥാപിക്കാൻ സഹായകമായിട്ടുണ്ട്. ജമ്മുകാശ്‌മീരിൽ അടുത്തവർഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടക്കുകയാണിപ്പോൾ. അതിനായുള്ള വോട്ടർപട്ടിക തയ്യാറാക്കൽ അവസാന ഘട്ടത്തിലെത്തിയിരിക്കുന്നു. ഏറെ രാഷ്ട്രീയ വിവാദങ്ങളും തർക്കങ്ങളും കഴിഞ്ഞാണ് വോട്ടർപട്ടിക അവസാന ഘട്ടത്തോടടുക്കുന്നത്.

കാശ്‌മീരിന്റെ പ്രത്യേകാധികാര പദവി ഭരണഘടനാ ഭേദഗതി വഴി കേന്ദ്രം എടുത്തുകളഞ്ഞതിനെ ഇപ്പോഴും എതിർക്കുന്ന രാഷ്ട്രീയ കക്ഷികളും ജനങ്ങളും കാശ്‌മീരിൽ ഏറെയുണ്ട്. തങ്ങളുടെ എതിർപ്പ് പലരൂപത്തിലും ഭാവത്തിലും അവർ പുറത്തെടുക്കുന്നുമുണ്ട്.

ഇതിനിടെ കാശ്‌മീരിലെ സിനിമാതിയേറ്ററുകൾ തുറക്കാൻ തുടങ്ങിയത് സ്ഥിതിഗതികൾ സാധാരണ നിലയിലേക്കു മടങ്ങുന്നതിന്റെ ലക്ഷണമായി കരുതാം. തീവ്രവാദ പ്രവർത്തനങ്ങൾ ശക്തിപ്രാപിച്ചപ്പോഴാണ് മൂന്നു പതിറ്റാണ്ടിനു മുൻപ് കാശ‌്‌മീരിലെ തിയേറ്ററുകളെല്ലാം അടച്ചുപൂട്ടേണ്ടിവന്നത്. മൂന്നു പതിറ്റാണ്ടായി സിനിമാശാലകളിൽ പോയി സിനിമ കാണാനുള്ള അവസരമാണ് നഷ്ടപ്പെട്ടിരുന്നത്. ശ്രീനഗറിലെ ഒരു മൾട്ടിപ്ളക്സ് ഇന്നലെ പരീക്ഷണാടിസ്ഥാനത്തിൽ പ്രദർശനം തുടങ്ങി. റെഗുലർ പ്രദർശനം ഈ മാസം 30 മുതൽ തുടങ്ങാനാണ് ആലോചന. വേറെയും ചില സിനിമാശാലകൾ ഇതോടൊപ്പം സ്ഥിരമായി തുറക്കാനുള്ള ഒരുക്കത്തിലാണ്. ഭീകരഗ്രൂപ്പുകളുടെ ആക്രമണഭീഷണി അന്തരീക്ഷത്തിൽ അങ്ങിങ്ങ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും സിനിമാപ്രേമികൾ അതീവ ആഹ്ലാദത്തിലാണെന്നാണു വാർത്ത. വർഷങ്ങളായി തിയേറ്ററിൽ പോയി സിനിമ ആസ്വദിക്കാൻ കഴിയാതിരുന്ന ജനങ്ങൾ, പ്രത്യേകിച്ചും യുവജനങ്ങൾ വലിയ ആശ്വാസത്തോടെയാണ് പുതിയ മാറ്റത്തെ കാണുന്നത്. ഭീകരന്മാരുടെ അഴിഞ്ഞാട്ടക്കാലത്ത് ഫോൺ സൗകര്യങ്ങളും ഇന്റർനെറ്റുമെല്ലാം വിച്ഛേദിക്കപ്പെട്ടിരുന്നതിനാൽ വിനോദ ഉപാധികളൊന്നുമില്ലാതെ യുവജനത വല്ലാത്ത വീർപ്പുമുട്ടലിലായിരുന്നു. സിനിമാശാലകൾ വീണ്ടും തുറക്കുന്നത് അതുകൊണ്ടുതന്നെ അവരിൽ അനല്പമായ ആഹ്ലാദം സൃഷ്ടിച്ചിട്ടുണ്ട്. സിനിമ പോലുള്ള വിനോദ ഉപാധികളെ ഭീകരർ സദാ തള്ളിപ്പറയുകയും സിനിമാശാലകൾക്കെതിരെ ആക്രമണം നടത്തുകയും പതിവായതോടെയാണ് സിനിമാപ്രദർശനം പാടേ അവസാനിപ്പിക്കേണ്ടിവന്നത്. ഭീകരർക്ക് മേൽക്കൈയുണ്ടായിരുന്ന ദക്ഷിണ കാശ്‌മീരിലെ ഷോപിയാനിലും പുൽവാമയിലും ഇതിനകം രണ്ടു തിയേറ്ററുകൾ തുറന്നുകഴിഞ്ഞു. കാശ്‌മീരിലെ പത്തു ജില്ലകളിലും താമസിയാതെ തിയേറ്ററുകൾ പ്രദർശന സജ്ജമാക്കാനുള്ള ഒരുക്കം നടന്നുവരുന്നു. യുവാക്കളിലും കുട്ടികളിലും ബഹുഭൂരിപക്ഷവും ജീവിതത്തിൽ ഇതുവരെ സിനിമ കാണാത്തവരാണെന്ന യാഥാർത്ഥ്യം അവിശ്വസനീയമായി തോന്നാം. ഭീകരർ അതിന് അവർക്ക് അവസരം നൽകിയില്ലെന്നതാണ് സത്യം.

സിനിമാതിയേറ്ററുകളിൽ പ്രദർശനം വീണ്ടും തുടങ്ങുമ്പോൾ ഒളിയാക്രമണങ്ങൾ തടയുക എന്നതാകും അധികൃതർ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. അതിനു വേണ്ട എല്ലാ കരുതൽ നടപടികളോടും കൂടിയാകും തിയേറ്ററുകൾ തുറക്കുന്നത് എന്ന് ഭരണകൂടം ഉറപ്പുനൽകിയിട്ടുണ്ട്. തിയേറ്ററുകൾ തുറക്കുന്നതിനൊപ്പം സിനിമാ ചിത്രീകരണത്തിനുള്ള പുതിയ അവസരങ്ങളും ഉണ്ടാകും. രാജ്യത്തൊട്ടാകെയുള്ള ചലച്ചിത്ര നിർമ്മാതാക്കളെ മോഹിപ്പിക്കുന്ന ചിത്രീകരണ ഇടങ്ങളാണല്ലോ കാശ്‌മീരിൽ ഉടനീളമുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CINEMA HALLS IN KASHMIR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.