അഴിമതി ജനിക്കുന്നത് ആർത്തിയിൽ നിന്നാണ്; അത്യാവശ്യത്തിൽ നിന്നല്ല! നാലുപേർ കേട്ടാൽ തരക്കേടില്ലാത്ത ശമ്പളമുണ്ട്, സർക്കാർ മേഖലയിലെ താരതമ്യേന താഴ്ന്ന തസ്തികക്കാർക്കു പോലും. അതുകൊണ്ടാണ്, മുമ്പ് മുന്തിയ ശമ്പളത്തിന് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി തേടിയിരുന്നവർ ഇപ്പോൾ, ആ വമ്പൻ ശമ്പളംപോലും വേണ്ടെന്നുവച്ച് സർക്കാർ ജോലിക്ക് പരീക്ഷയെഴുതുന്നത്. സ്വകാര്യസ്ഥാപനങ്ങളിലെ തൊഴിൽ സമ്മർദ്ദമൊന്നും സർക്കാർ സർവീസിൽ ഇല്ല. നിശ്ചിതസമയത്തിനകം ജോലി തീർക്കണമെന്ന് ആരും പറയില്ല. ജോലി ചെയ്താലും ഇല്ലെങ്കിലും ശമ്പളം കൃത്യമായി അക്കൗണ്ടിൽ വീഴും. മാന്യമായ ശമ്പളവും സമ്മർദ്ദരഹിതമായ തൊഴിൽ അന്തരീക്ഷവും ഉള്ളതുകൊണ്ട് സർക്കാർ ഉദ്യോഗസ്ഥർ മൊത്തത്തിൽ സത്യവാന്മാരായിത്തീരും എന്നു മാത്രം ധരിക്കരുത്.
സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്യുമ്പോൾ കയ്യോടെ പിടിക്കുകയെന്ന ഉദ്ദേശ്യത്തോടെ സംസ്ഥാന വിജിലൻസ് വകുപ്പ് 'ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്" എന്ന അഴിമതി വിരുദ്ധ നീക്കം തുടങ്ങിയിട്ട് നാലുമാസമായതേയുള്ളൂ- കൈക്കൂലി വീരന്മാരായ നാല്പത് ഉദ്യോഗസ്ഥരാണ് 29 കേസുകളിലായി ഇതുവരെ പിടിക്കപ്പെട്ടത്. അതിൽ ഒടുവിലത്തേതാണ്, കൊച്ചി നഗരസഭയുടെ വൈറ്റില മേഖലാ ഓഫീസിൽ ബിൽഡിംഗ് ഇൻസ്പെക്ടർ ആയ എ. സ്വപ്ന ഒരു കെട്ടിടനിർമ്മാതാവിൽ നിന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഒരാഴ്ച മുമ്പ് പിടിക്കപ്പെട്ട സംഭവം. ജോലി കഴിഞ്ഞ് തൃശൂരിലെ വീട്ടിലേക്ക് കാറിൽ പോകുംവഴി പൊന്നുരുന്നിയിൽവച്ച് റോഡരികിൽ വാഹനം നിറുത്തി, പണം കൈപ്പറ്രുന്നതിനിടെയായിരുന്നു അറസ്റ്റ്. പരിശോധനയിൽ കാറിൽ നിന്ന് കണ്ടെടുത്ത 41,180 രൂപ അതേദിവസം പലരിൽ നിന്നായി ഈ ഉദ്യോഗസ്ഥ കൈക്കൂലിയായി കൈപ്പറ്റിയതാണെന്നാണ് വിജിലൻസ് നിഗമനം.
ഒരു അഞ്ചുനില കെട്ടിടത്തിന്, ഓരോ നിലയ്ക്കും പ്രത്യേകം കെട്ടിട നമ്പരിനായി നല്കിയ അപേക്ഷയിൽ നാലുമാസമായിട്ടും തീരുമാനമാകാതിരുന്നതിനെ തുടർന്ന് ഉദ്യോഗസ്ഥയെ സമീപിച്ചപ്പോഴാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഒരുനിലയ്ക്ക് അയ്യായിരം രൂപ നിരക്കിൽ 25,000 രൂപ നല്കണമെന്നായിരുന്നു ആവശ്യമെങ്കിലും, അപേക്ഷകന്റെ ആവർത്തിച്ചുള്ള അഭ്യർത്ഥനപ്രകാരം റേറ്റ് പിന്നീട് 15,000 ആയി കുറച്ചു. പറഞ്ഞ കൈക്കൂലി നല്കാമെന്നേറ്റ അപേക്ഷകൻ വിജിലൻസിനെ വിവരം അറിയിക്കുകയും ചെയ്തു. അഴിമതി ശീലക്കാരിയെന്ന് നേരത്തേ തന്നെ പേരുദോഷമുള്ള ഉദ്യോഗസ്ഥയാണത്രേ ഇവർ. ഇത്തരം ഉദ്യോഗസ്ഥരെ അവരുടെ 'ബ്രൈബ് ഓപ്പറേഷനി"ടെ തന്നെ പിടികൂടുന്ന വിജിലൻസ് നടപടിയാണ് 'ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്." നാലു മാസത്തിനിടെ പിടിയിലായത് 40 ഉദ്യോഗസ്ഥരാണെങ്കിലും, പരാതിക്കാരിൽ നിന്ന് പേരുകൾ ശേഖരിച്ച് വിജിലൻസ് തയ്യാറാക്കിവച്ചിരിക്കുന്ന അഴിമതി ഉദ്യോഗസ്ഥരുടെ പട്ടികയിൽ ഇപ്പോഴുള്ളത് എഴുന്നൂറിലധികം പേരാണ്.
പിടിക്കപ്പെട്ടപ്പോൾ സ്വപ്ന പറഞ്ഞത്, താൻ ജോലി ചെയ്യുന്ന വകുപ്പിൽ മുഴുവൻ അഴിമതിക്കാരാണെന്നും, തമ്മിൽ ഭേദം താനാണെന്നുമായിരുന്നു! നല്ല ന്യായം! ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിലൂടെ ഇതുവരെ അറസ്റ്റിലായ 40 ഉദ്യോഗസ്ഥരിൽ പതിനാറുപേർ റവന്യു വകുപ്പുകാരാണ്. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലല്ല, പൊതുജനങ്ങളിൽ നിന്നു കിട്ടിയ പരാതികളിൽ പ്രാഥമികമായ അന്വേഷണം നടത്തിയതിനു ശേഷമാണ് വിജിലൻസ് പട്ടിക തയ്യാറാക്കിയത്. എന്തായാലും, കൈക്കൂലി ചോദിക്കുകയും വാങ്ങുകയും ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരെ അകത്താക്കാൻ ഒന്നാന്തരം കെണിയാണ് വിജിലൻസിന്റെ ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്. ഉദ്യോഗസ്ഥതലത്തിൽ നിന്ന് എത്ര സമ്മർദ്ദമുണ്ടായാലും വിജിലൻസ് ഓപ്പറേഷൻ ശക്തമായിത്തന്നെ തുടരണം. കൊച്ചിയിൽ പിടിക്കപ്പെട്ട കോർപറേഷൻ ഉദ്യോഗസ്ഥ ഇപ്പോൾ സസ്പെൻഷനിലാണ്. സ്ഥിരം അഴിമതിക്കാരായ ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടിയല്ല, പിരിച്ചുവിടൽ തന്നെ വേണം. പണി പോകുമെന്നു വന്നാൽ കൈക്കൂലിപ്പണി താനേ നിന്നോളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |