കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. തേവര എസ്‌എച്ച് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി ഗോവിന്ദാണ് (19) ഇന്നലെ മരിച്ചത്. സംഭവത്തിൽ ബസ് ഡ്രൈവറായ വരാപ്പുഴ സ്വദേശി സനൽ ഇപ്പോഴും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. സമയക്രമം പാലിക്കാനാണ് വേഗത്തിൽ ബസോടിക്കുന്നതെന്നും ആരെയും ഉപദ്രവിക്കാൻ ഉദ്ദേശമില്ലെന്നുമാണ് കൊച്ചിയിലെ സ്വകാര്യ ബസ് ഡ്രൈവർമാരുടെ നിലപാട്. സനലിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നാണ് നോർത്ത് പൊലീസ് അറിയിച്ചത്.
ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളം നോർത്ത് ടൗൺ ഹാളിന് സമീപമുള്ള പാലം ഇറങ്ങിവരികയായിരുന്നു ഗോവിന്ദ്. പിന്നാലെ അമിത വേഗതയിൽ വരികയായിരുന്നു സ്വകാര്യ ബസ്. ഇതിനിടെ സ്‌കൂട്ടറിന്റെ ഹാൻഡിൽ ബസിന്റെ ഒരു ഭാഗത്ത് തട്ടി തെറിച്ച് ബസിനടിയിലേക്ക് വീഴുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ഗോവിന്ദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചിരുന്നു. ഏരൂർ റൂട്ടിലോടുന്ന നന്ദനം എന്ന ബസാണ് അപകടത്തിനിടയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |