സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്‌ജിമാരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. ഈ നിയമന ഉത്തരവിൽ, അവർ വിരമിച്ച ശേഷം മറ്റ് സർക്കാർ പദവികൾ സ്വീകരിക്കാൻ പാടില്ലെന്ന നിബന്ധനയില്ല. അതിന്റെ അർത്ഥം, ഒരു സ്വതന്ത്ര പൗരൻ എന്ന നിലയിൽ അവർക്ക് ഗവൺമെന്റിന്റെ ജുഡിഷ്യറി സ്വഭാവമുള്ള കമ്മിഷനുകളിലും ലോകായുക്തയിലും മറ്റും പദവികൾ സ്വീകരിക്കുന്നതിന് നിയമ തടസമില്ല എന്നാണ്. അങ്ങനെ പല ജഡ്‌ജിമാരും വിരമിച്ചതിനു ശേഷം സർക്കാർ പദവികൾ സ്വീകരിക്കുന്നുണ്ട്. അങ്ങനെ പദവികൾ സ്വീകരിച്ചവരെല്ലാം ജഡ്‌ജിയുടെ പദവിയിൽ ഇരിക്കുമ്പോൾത്തന്നെ സർക്കാർ സ്വാധീനത്തിന് വഴങ്ങിയവരാണെന്നു പറയുന്നത് ശരിയല്ല. നിയമത്തിൽ അണുവിട വ്യത്യാസത്തിന് തയ്യാറാകാതിരുന്ന ജഡ്‌ജിമാരും ഇത്തരം പദവികൾ സ്വീകരിച്ചിട്ടുണ്ട്. നിയമപരമായി ഇത് തെറ്റല്ലെങ്കിലും ധാർമ്മികമായ ചില പ്രശ്നങ്ങൾ ഇതിൽ ഉയർന്നുവരാം.
വിരമിക്കുന്നതിന് മുമ്പുതന്നെ സർക്കാർ പദവി സ്വീകരിക്കുന്നതു സംബന്ധിച്ച് ഒരു കൂടിയാലോചന സർക്കാരിന്റെ ഏതെങ്കിലും ദൂതന്മാരുമായി ഇവർ നടത്തിയിരുന്നോ എന്ന സംശയം സമൂഹത്തിൽ ഉടലെടുക്കാം. ആ സംശയം ശരിയായിരിക്കണമെന്നില്ലെങ്കിലും അത്തരമൊരു സംശയത്തിന്റെ സാദ്ധ്യത അവിടെ നിലനിൽക്കുന്നില്ല എന്ന് പറയാനാകില്ല. ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന സമയത്ത് വ്യക്തമായ രാഷ്ട്രീയം പാലിച്ചിരുന്നവരും അല്ലാത്തവരും ജഡ്‌ജിമാരായി നിയമിതരാകാറുണ്ട്. അതിനാൽ വിരമിക്കുമ്പോൾ അവർ പ്രവർത്തിച്ചിരുന്ന പാർട്ടിയാണ് അധികാരത്തിലുള്ളതെങ്കിൽ സ്വാഭാവികമായും അവർക്ക് ചില പദവികൾ ലഭിക്കാൻ സാദ്ധ്യത കൂടുതലാണ്. അതിനെ, അവർ ജഡ്‌ജി പദവിയിലിരുന്നപ്പോൾ സർക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ചവരാണ് എന്ന് വ്യാഖ്യാനിക്കുന്നതും ശരിയല്ല. അതേസമയം ജഡ്‌ജി പദവി രാജിവച്ചതിനു ശേഷം ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ആശാസ്യമല്ല.
കൽക്കട്ട ഹൈക്കോടതി ജഡ്‌ജിയായിരുന്ന ജസ്റ്റിസ് ഗാംഗുലി പദവി രാജിവച്ച് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചത് നിയമരംഗത്ത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. 1952-ൽ സുപ്രീംകോടതി ജഡ്‌ജിയുടെ പദവിയിൽ നിന്ന് വിരമിക്കുന്നതിന് തൊട്ടുമുമ്പ് ജസ്റ്റിസ് ഫസൽ അലിയെ ഒറീസ ഗവർണറായി അന്നത്തെ നെഹ്‌റു സർക്കാർ പ്രഖ്യാപിച്ചതു മുതൽ തുടങ്ങിയതാണ് ഇത്തരം വിവാദങ്ങൾ. കഴിഞ്ഞ ദിവസം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഈ വിഷയം സംബന്ധിച്ച് നടത്തിയ പ്രസ്താവന ഇതുസംബന്ധിച്ച ചർച്ചകൾക്ക് ഇടയാക്കിയിരിക്കുകയാണ്. വിരമിച്ച ജഡ്‌ജിമാർ സർക്കാർ പദവികൾ സ്വീകരിക്കുന്നതിനും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുമെതിരെ രൂക്ഷമായ വിമർശനമാണ് ചീഫ് ജസ്റ്റിസ് നടത്തിയത്. ഇത്തരം രീതികൾ ജുഡിഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
വിരമിച്ചയുടൻ സർക്കാർ പദവി ഏറ്റെടുക്കുമ്പോൾ, നേരത്തേ അണിയറയ്ക്കു പിന്നിൽ ഏതെങ്കിലും ഇടപെടലുകൾ നടന്നിട്ടുണ്ടാകുമെന്ന സംശയം ജനങ്ങൾക്കുണ്ടാകും. ഭാവിയിൽ ലഭിക്കാൻ പോകുന്ന സർക്കാർ പദവികളുടെ പേരിൽ ജുഡിഷ്യൽ തീരുമാനങ്ങൾ സ്വാധീനിക്കപ്പെട്ടോ എന്ന തെറ്റിദ്ധാരണയുമുണ്ടാകും. അത് നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെയും വിശ്വാസ്യതയെയും നിഷ്‌പക്ഷ നിലപാടിനെയും ബാധിക്കും. ഇതു മുന്നിൽക്കണ്ട് താനും നിരവധി സഹപ്രവർത്തകരും സർക്കാർ പദവികൾ സ്വീകരിക്കില്ലെന്ന് പരസ്യമായി പ്രതിജ്ഞയെടുത്തിട്ടുണ്ടെന്നുമാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. വിരമിച്ച ജഡ്‌ജിമാരുടെ സേവനം തുടർന്നും രാജ്യത്തിന് ലഭിക്കാനുള്ള അവസരം പൂർണമായും ഇല്ലാതാക്കുന്നതും ശരിയല്ല. അതിനാൽ റിട്ടയർമെന്റിനു ശേഷം രണ്ടുവർഷം വരെയോ മറ്റോ ഉള്ള ഒരു നിശ്ചിത കാലാവധിക്കുള്ളിൽ പദവികൾ സ്വീകരിക്കാൻ പാടില്ല എന്ന നിബന്ധന നിലവിൽ വരുന്നത് പരിഗണിക്കാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |