SignIn
Kerala Kaumudi Online
Sunday, 05 May 2024 6.21 PM IST

കോൺഗ്രസിനെ തകർക്കാൻ കോൺഗ്രസുകാർ തന്നെ മതി

photo

കൂറുമാറ്റവും മന്ത്രിസഭാ തകർച്ചയുമൊക്കെ പുത്തരിയല്ലാത്ത ഗോവ മറ്റൊരു കൂട്ടകാലുമാറ്റത്തിനാണു ബുധനാഴ്ച സാക്ഷ്യം വഹിച്ചത്. പതിനൊന്നംഗ കോൺഗ്രസ് നിയമസഭാ കക്ഷിയിലെ എട്ടുപേരും ബി.ജെ.പിയിലേക്ക് ചാടിയിരിക്കുകയാണ്. ഇതോടെ ബി.ജെ.പിക്ക് സഭയിൽ ഇരുപത്തിയെട്ടുപേരായി. ഇനിയുള്ള കാലം കൂറുമാറ്റമൊന്നും ഉണ്ടായില്ലെങ്കിൽ ഉറച്ചഭരണം കാഴ്ചവയ്ക്കാനുമാകും. ഇന്ത്യയെ ഒന്നിപ്പിക്കാൻ രാഹുൽഗാന്ധി കന്യാകുമാരിയിൽ നിന്നാരംഭിച്ച ഐക്യയാത്ര ഗോവയിലെത്തുന്നതിന് മുൻപ് കോൺഗ്രസിന് ഇത്തരത്തിലൊരു തിരിച്ചടി നേരിടേണ്ടിവന്നത് വിധിവൈപരീത്യമാകാം. എന്നാൽ ഗോവ രാഷ്ട്രീയം അറിയാവുന്ന ആർക്കും ഇതിൽ പന്തികേടൊന്നും തോന്നുകയില്ല. അധികാരത്തിനും പണത്തിനും വേണ്ടി അവിടെ മറുകണ്ടം ചാടൽ പതിവാണ്. അതുകൊണ്ടാകാം ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു വിജ്ഞാപനം വന്നപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥിത്വം നൽകാൻ തിരഞ്ഞെടുത്തവരെയെല്ലാം ക്ഷേത്രനടയിൽ കൊണ്ടുപോയി പ്രതിജ്ഞയെടുപ്പിച്ചത്. സഭാ കാലാവധി അവസാനിക്കുന്നതുവരെ തങ്ങൾ ആരുടെയും പ്രലോഭനങ്ങൾക്കു വഴങ്ങി മറുകണ്ടം ചാടില്ലെന്നായിരുന്നു പ്രതിജ്ഞ. അത് പാഴ‌്‌വാക്കായിരുന്നുവെന്ന് ഇപ്പോഴത്തെ കാലുമാറ്റം തെളിയിച്ചു. ബി.ജെ.പിയിലേക്കു കാലുമാറിയ എട്ട് കോൺഗ്രസ് എം.എൽ.എമാരിൽ മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തും പ്രതിപക്ഷ നേതാവായിരുന്ന മൈക്കിൾ ലോബോയും വരെ ഉൾപ്പെടുന്നു.

ലോക ജനാധിപത്യ ദിനത്തിനു തൊട്ടു തലേദിവസം തന്നെ കോൺഗ്രസ് വിടാനുള്ള എട്ട് ഗോവൻ എം.എൽ.എമാരുടെ തീരുമാനം പുറത്തുവന്നത് കൗതുകം പകരുന്നതായി. കാലുമാറ്റത്തിലൂടെയും ജനാധിപത്യത്തെ ശക്തിപ്പെടുത്താമല്ലോ. എന്നാൽ ഇത് നല്ല ജനാധിപത്യശീലമല്ലെന്നു ഉറക്കെ പറയാൻ ആർജ്ജവമുള്ള രാഷ്ട്രീയ നേതൃത്വങ്ങളോ ജനാധിപത്യവാദികളോ അധികമില്ലെന്നതാണ് രാജ്യം നേരിടുന്ന ദുരന്തം. ജനാധിപത്യത്തെക്കുറിച്ച് ഘോരഘോരം വാദിക്കുമ്പോൾത്തന്നെ മറുവശത്ത് പണക്കൊഴുപ്പിൽ ജനാധിപത്യം വിലയ്ക്കെടുക്കുന്ന അധാർമ്മിക നടപടികളാണു നടന്നുകൊണ്ടിരിക്കുന്നത്. താത്‌‌കാലിക ലാഭവും അധികാരത്തോടുള്ള അത്യാർത്തിയുമാണ് ഇരിക്കുന്ന കൊമ്പുതന്നെ മുറിക്കാൻ നേതാക്കളെ പ്രേരിപ്പിക്കുന്നത്. ഗോവയിൽ ഇപ്പോൾ കോൺഗ്രസ് വിട്ട എട്ടുപേരിൽ പ്രമുഖരായ മൂന്നുപേർക്ക് മന്ത്രിസ്ഥാനം നൽകുമെന്നാണു സൂചന. ശേഷിക്കുന്നവർക്കും സ്ഥാനവലിപ്പമനുസരിച്ച് കാര്യമായി എന്തെങ്കിലുമൊക്കെ ലഭിക്കാതിരിക്കില്ല. അതൊക്കെ നിശ്ചയിച്ചുറപ്പിച്ച ശേഷമാകുമല്ലോ കാലുമാറിയിട്ടുള്ളത്. അധികാര രാഷ്ട്രീയത്തിന് മറ്റെന്തിനെക്കാളും പരിഗണന ലഭിക്കുന്ന ഒരു സംവിധാനത്തിൽ സംശുദ്ധ രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നതുതന്നെ വിവരക്കേടാണ്. ക്ഷേത്രത്തിൽപോയി വിഗ്രഹത്തിനു മുന്നിൽനിന്നു പ്രതിജ്ഞയെടുത്ത കോൺഗ്രസ് നേതാക്കൾ പോലും ഗോവയിൽ ഭരണകക്ഷി മുന്നോട്ടുവച്ച പ്രലോഭനങ്ങളിൽ കണ്ണുമഞ്ഞളിച്ച് മറുകണ്ടം ചാടിയത് ഈ രാഷ്ട്രീയ തിന്മയിൽ നിന്നു അവരെ വിലക്കാൻ ആദർശധീരതയുള്ള നേതാക്കളില്ലാതെ പോയതിനാലാണ്. അധികാരം വച്ചുനീട്ടുന്ന സുഖസൗകര്യങ്ങളും അതിരുകളില്ലാത്ത സമ്പാദ്യമോഹവുമാകാം ഇവരെ എതിർ പാളയത്തിലെത്തിച്ചിട്ടുള്ളത്. ദുർബലമായിക്കൊണ്ടിരിക്കുന്ന ഒരു പാർട്ടിയിൽ തുടരുന്നതിലെ രാഷ്ട്രീയ നഷ്ടവും അതിനു ഹേതുവാകാം.

ഏതായാലും ഗോവയിൽ കൈയാലപ്പുറത്തെ തേങ്ങയെന്നപോലെ അസന്ദിഗ്ദ്ധമായ ബി.ജെ.പി ഭരണത്തിന് ഇതോടെ ഭദ്രത കൈവരുമെന്നു കരുതാം. നാല്പതംഗ സഭയിൽ 33 പേരുടെ പിന്തുണ ഇപ്പോൾ അവർ അവകാശപ്പെടുന്നു. നേരത്തെ മദ്ധ്യപ്രദേശിലും കർണാടകയിലും മഹാരാഷ്ട്രയിലും ബി.ജെ.പി ഗോവയിലേതുപോലുള്ള തന്ത്രം പ്രയോഗിച്ച് അധികാരം പിടിച്ചിരുന്നു. ഗോവയിൽ ഭരണംപിടിക്കേണ്ട സാഹചര്യം വന്നില്ലെങ്കിലും ഭരണം അങ്ങേയറ്റം ഭദ്രമാക്കാൻ മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺഗ്രസിനെ പിളർത്തേണ്ടിവന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇതൊക്കെ സ്വാഭാവിക നടപടിയായി ഗണിക്കപ്പെടാമെങ്കിലും ജനാധിപത്യ മൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്നവരിൽ ആശങ്ക ഉളവാക്കുന്ന സംഭവമാണിതെല്ലാം. കോൺഗ്രസിനെ ഇല്ലാതാക്കാൻ കോൺഗ്രസുകാർ തന്നെ ധാരാളം എന്നു വിളിച്ചറിയിക്കുന്നതു കൂടിയാണ് ഗോവ കാലുമാറ്റം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONGRESS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.