SignIn
Kerala Kaumudi Online
Saturday, 20 April 2024 11.42 AM IST

ജാതിസെൻസസിനെ കോൺഗ്രസ് പിന്തുണയ്ക്കുമ്പോൾ

photo

പത്തുവർഷം കൂടുമ്പോൾ രാജ്യത്തുനടക്കുന്ന ജനസംഖ്യാ കണക്കെടുപ്പിനൊപ്പം ജാതിതിരിച്ചുള്ള കണക്കും എടുക്കണമെന്ന് കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നു. സ്വാഗതാർഹമായ വലിയൊരു നയംമാറ്റമാണിത്. ആറുപതിറ്റാണ്ടോളം ഭരണത്തിലിരുന്നപ്പോഴൊന്നും ഇത്തരമൊരു ആവശ്യത്തിന് ചെവികൊടുക്കാൻ പാർട്ടി തയ്യാറായില്ല. ജാതി സെൻസസിന്റെ ആവശ്യം ഉദിക്കുന്നില്ലെന്നായിരുന്നു അപ്പോഴത്തെ നിലപാട്. അധികാരത്തിൽനിന്ന് നിഷ്‌കാസിതമായപ്പോൾ ഉണ്ടായ വീണ്ടുവിചാരത്തിനു പിന്നിൽ തീർച്ചയായും രാഷ്ട്രീയ കാരണങ്ങൾ തന്നെയാകാം ഉള്ളത്. നഷ്ടപ്പെട്ട ജനവിശ്വാസവും പിന്തുണയും ആർജ്ജിക്കാൻ ഇതുപോലുള്ള നയംമാറ്റവും ആവശ്യമാണെന്ന യാഥാർത്ഥ്യം റായ്‌പൂരിൽ നടന്ന കോൺഗ്രസ് പ്ളീനറി സമ്മേളനം മനസിലാക്കിയത് ശുഭോദർക്കമാണ്. അടുത്തവർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ഇതുൾപ്പെടെ ചില സുപ്രധാന നിർദ്ദേശങ്ങൾ അംഗീകരിച്ചുകൊണ്ടാണ് കോൺഗ്രസ് നേതാക്കൾ റായ്‌പൂരിൽ നിന്നു മടങ്ങിയത്. ജാതി സെൻസസിനെ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രഭരണമുന്നണിയും സർക്കാരും അനുകൂലിക്കുന്നില്ല. അതുകൊണ്ടുതന്നെ കോൺഗ്രസ് ഇത്തരത്തിലൊരു ആവശ്യം ഉന്നയിക്കുമ്പോൾ എൻ.ഡി.എ മുന്നണിക്ക് അത് പാടെ അവഗണിക്കാനാവില്ല.

ജനങ്ങളിൽ ഓരോ വിഭാഗവും സാമൂഹികമായും സാമ്പത്തികമായും ഏതുശ്രേണിയിൽ നില്‌ക്കുന്നുവെന്ന് അറിയേണ്ടത് ആവശ്യമാണ്. വികസനത്തിന്റെ ഗുണഫലങ്ങൾ ജനങ്ങൾക്കാകമാനം ലഭ്യമാകുന്നുണ്ടോ എന്നറിയാൻ ആധികാരികമായ കണക്കെടുപ്പുതന്നെ വേണം. ഇത്തരത്തിൽ തയ്യാറാക്കുന്ന കണക്കുകൾ എല്ലാ കാര്യങ്ങൾക്കും പ്രയോജനപ്പെടുകയും ചെയ്യും. സംവരണം ഉൾപ്പെടെ ഭരണഘടനാ ആനുകൂല്യങ്ങൾ നല്‌കുന്നതിന് കൃത്യവും സ്പഷ്ടവുമായ മാനദണ്ഡങ്ങളുണ്ട്. അതുപോലെ സർക്കാർ വിവിധ പദ്ധതികളിലൂടെ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ ലഭ്യമാക്കാനും കൃത്യമായ സ്ഥിതിവിവരങ്ങൾ ആവശ്യമാണ്. സംവരണത്തിന് ഭരണഘടന വ്യവസ്ഥ ഉണ്ടായിട്ടുപോലും അത് എങ്ങനെയെല്ലാം അട്ടിമറിക്കപ്പെടുന്നു എന്നതിന് നൂറുനൂറ് ഉദാഹരണങ്ങൾ മുമ്പിലുണ്ട്. എന്തോ അനർഹമായതെല്ലാം വാരിക്കോരി നല്‌കുന്നു എന്നാണ് സംവരണ വിരുദ്ധരുടെ സ്ഥിരമായ ആക്ഷേപം.

ബ്രിട്ടീഷുകാർ ഭരിച്ചിരുന്ന കാലത്ത് ഒരിക്കൽ മാത്രമാണ് രാജ്യത്ത് ജാതിതിരിച്ച് ജനസംഖ്യാ കണക്കെടുത്തിട്ടുള്ളത്. പിന്നാക്ക വിഭാഗ സംഘടനകൾ നിരന്തരം ആവശ്യം ഉന്നയിക്കാറുണ്ടെങ്കിലും പിന്നീടിതുവരെ അത്തരമൊരു കണക്കെടുപ്പിന് ഭരണാധികാരികൾ തയ്യാറായിട്ടില്ല. കേരളത്തിലും ജാതിതിരിച്ചുള്ള കണക്കെടുപ്പു നടത്തണമെന്ന ആവശ്യം പിന്നാക്ക വിഭാഗങ്ങളുടെ സംഘടനകൾ ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്. എതിർപ്പുകൾ പലതും മറികടന്ന് ബീഹാർ സർക്കാർ ഇപ്പോൾ അവിടെ ജാതി സെൻസസിനു തുടക്കമിട്ടിട്ടുണ്ട്. നിതീഷ്‌കുമാർ സർക്കാരിന്റെ ഇതുസംബന്ധിച്ച തീരുമാനത്തിനെതിരെ ചിലർ കോടതിയിൽ പോലും പോയി. എന്നാൽ ജാതി സെൻസസ് തടയാൻ കോടതി വിസമ്മതിക്കുകയാണുണ്ടായത്.

പിന്നാക്ക വിഭാഗങ്ങളും പട്ടികജാതി - പട്ടികവർഗക്കാരുമെല്ലാം ചേർന്ന് ഉള്ളതെല്ലാം കൊണ്ടുപോകുന്നു എന്ന ആക്ഷേപം തുറന്നുകാട്ടാൻ ജാതി സെൻസസിനെക്കാൾ മികച്ചൊരു ഉപാധി വേറെയില്ല. ഇത്തരമൊരു സെൻസസ് കേരളത്തിൽ നടന്നാലറിയാം സംവരണവിരുദ്ധ ശക്തികളുടെ ആക്ഷേപത്തിന്റെ പൊള്ളത്തരം. ബീഹാറിൽ നിതീഷ്‌കുമാർ കാണിച്ച ധീരമായ നിലപാട് പിന്തുടരാൻ എത്ര ഭരണാധികാരികൾ തയ്യാറാകും? കോൺഗ്രസ് പാർട്ടിയുടെ ജാതിസെൻസസ് പ്രഖ്യാപനം ശ്രദ്ധേയമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. പിന്നാക്ക, പട്ടികവിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും സ്‌ത്രീകളുടെയും സാമൂഹിക - സാമ്പത്തിക സ്ഥിതി വിലയിരുത്തുന്ന സർവേ റിപ്പോർട്ട് എല്ലാവർഷവും തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്നാണ് കോൺഗ്രസ് വാഗ്ദാനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONGRESS DEMAND CASTE CENSUS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.