അർഹമായ സഹായമോ ആനുകൂല്യമോ, അങ്ങോട്ട് ആവശ്യപ്പെടാതെ തന്നെ നൽകുന്നത് മര്യാദ മാത്രമല്ല, ഔചിത്യവും സന്മനസും കൂടിയാണ്. ആവശ്യപ്പെട്ടിട്ടും അത് നൽകാതിരിക്കുന്നത് അനൗചിത്യം. ആവർത്തിച്ച് അപേക്ഷിച്ചിട്ടും തീരെ പരിഗണിക്കാതിരിക്കുന്നതിനെ വെറും അവഗണനയെന്ന് സൗമ്യമായി പറഞ്ഞാൽ പോരല്ലോ. കഴിഞ്ഞ വർഷം ജൂലായിൽ സംഭവിച്ച വയനാട് ഉരുൾദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവർത്തനങ്ങൾക്ക്
സഹായം ചോദിച്ച് കേരളം കേന്ദ്രത്തിനു മുന്നിൽ അന്നു മുതൽ കൈനീട്ടിത്തുടങ്ങിയതാണ്. അപേക്ഷയും കത്തും നിവേദനവുമൊക്കെ പല തവണയായി. കോടതി തന്നെ ഇക്കാര്യത്തിൽ കേന്ദ്രത്തെ നിശിതമായി പലവട്ടം വിമർശിച്ചു. ഏറ്റവും ഒടുവിൽ വയനാട് ദുരന്തബാധിതർക്ക് സഹായകമായ നിലപാട് സ്വീകരിക്കുന്നതിൽ സംസ്ഥാനത്തോട് ചിറ്റമ്മനയം പറ്റില്ലെന്ന് ഹൈക്കോടതി പറഞ്ഞത് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ്. ഇതൊക്കെയായിട്ടും കേന്ദ്ര സർക്കാരിന് 'ങേഹേ!" ഇതൊന്നും കണ്ടിട്ടുമില്ല; കേട്ടിട്ടുമില്ല!
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രിമാരായ കെ.എൻ. ബാലഗോപാലും, മുഹമ്മദ് റിയാസും ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാരായ അമിത് ഷാ, നിർമ്മലാ സീതാരാമൻ, നിതിൻ ഗഡ്കരി എന്നിവരെ സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾക്കായി വെവ്വേറെ കണ്ടതാണ്. വയനാട് ദുരന്ത പുനരധിവാസത്തിനായി 2221.03 കോടി രൂപ ഗ്രാൻഡ് ആയി അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി നേരിട്ടാണ് ആവശ്യമുന്നയിച്ചത്. കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം മോദിയോടും ആരോഗ്യമന്ത്രി ജെ.പി. നദ്ദയോടും ആവശ്യപ്പെട്ടു. എയിംസ് സജീവ പരിഗണനയിലാണെന്ന് നദ്ദയും, വയനാട് പുനരധിവാസത്തിന് കൂടുതൽ സഹായം അനുവദിക്കുന്നത് പരിഗണിക്കാമെന്ന് അമിത് ഷായും പറഞ്ഞത് നല്ലവാക്ക്. പ്രതീക്ഷ പകരുന്ന വാക്കുകൾകൊണ്ടു കാര്യമില്ലല്ലോ. കേരളം ഇത് കുറേ കേട്ടതാണ്. ഇനി വേണ്ടത് വാചകവും വാഗ്ദാനവുമല്ല, അടിയന്തര നടപടി മാത്രമാണ്.
കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചതിന്റെ ദുരിതം സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിക്കു മേൽ കയറ്റിവച്ചിരിക്കുന്ന ഭാരം പർവതസമാനമാണ്. ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കുന്നതു പരിഗണിച്ച് 6000 കോടി രൂപയും, ജി.എസ്.ഡി.പിയുടെ 0.5 ശതമാനം വരുന്ന 6500 കോടിയോളം രൂപയും അധികമായി കടമെടുക്കാൻ അനുവദിക്കണമെന്നതാണ് നമ്മൾ ആവശ്യപ്പെട്ട മറ്രുരണ്ട് പ്രധാന വിഷയങ്ങൾ. നെല്ല് സംഭരണത്തിനുള്ള സബ്സിഡി ഇനത്തിൽ തടഞ്ഞുവച്ചിട്ടുള്ള 221.52 കോടിയും, ഗതാഗത നിരക്കുമായി ബന്ധപ്പെട്ട 257.41 കോടിയും അനുവദിക്കുക തുടങ്ങി വേറെയുമുണ്ട് അടിയന്തരാവശ്യങ്ങൾ. ഇതിൽ തിരുവനന്തപുരത്തെ ഔട്ടർ റിംഗ് റോഡുമായി ബന്ധപ്പെട്ടും, മറ്റു ചില പാതകളുമായി ബന്ധപ്പെട്ടും മന്ത്രി നിതിൻ ഗഡ്കരിയോട് ഉന്നയിച്ച ആവശ്യങ്ങളിൽ മാത്രമാണ് സമയബന്ധിതമായ ചില ഉറപ്പുകൾ കിട്ടിയത്. ബാക്കി കാര്യങ്ങൾ എന്ന് പരിഗണിക്കുമെന്നോ, എത്രത്തോളം പരിഗണിക്കുമെന്നോ ഒരു പിടിയുമില്ല.
സഹായധനം അനുവദിക്കുന്നതിലും ആവശ്യങ്ങൾ അംഗീകരിക്കുന്നതിലും എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളോട് ഉദാര സമീപനവും, കേരളം ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളോട് 'ഉഡായിപ്പ്" സമീപനവും എന്നതാണ് അംഗീകരിക്കാനാകാത്തത്. ഇക്കാര്യത്തിലാണ് കേരളത്തോട് ചിറ്റമ്മ നയം പറ്റില്ല എന്ന്, ഈ അവഗണനയിൽ സഹികെട്ട് ഹൈക്കോടതി പറഞ്ഞത്. കേന്ദ്രം തിരിഞ്ഞുനോക്കാതിരുന്നിട്ടും വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കേരളം ഒരു വീഴ്ചയും വരുത്തിയില്ല. പുനരധിവാസ, പുനർനിർമ്മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് കൃത്യമായ രൂപരേഖ പ്രഖ്യാപിക്കുകയും വയനാട് ടൗൺഷിപ്പിന് തറക്കല്ലിടുകയും ചെയ്തു. രാഷ്ട്രീയം മനസിൽ വച്ച് കേരളത്തോട് 'ചിറ്റമ്മ കളിക്കുന്നത്" ഇനിയെങ്കിലും കേന്ദ്രം അവസാനിപ്പിക്കണം. രാഷ്ട്രീയ വിവേചനം ഇല്ലെങ്കിൽ അർഹവും ന്യായവുമായ സഹായം അനുവദിക്കാൻ ഇനി അമാന്തം കാട്ടുകയുമരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |