
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ തീരുമാനം.
സ്ഥാനാർത്ഥി പട്ടിക മാർച്ച് ഏഴിനകം പുറത്തിറങ്ങുമെന്ന് ഡൽഹിയിൽ പൊളിറ്റ് ബ്യൂറോ യോഗത്തിനുശേഷം ജനറൽ സെക്രട്ടറി എം. എ. ബേബി അറിയിച്ചു. പിണറായി വിജയന്റെ മണ്ഡലമായ
ധർമ്മടത്ത് അടക്കം സ്ഥാനാർത്ഥി ആരാകുമെന്ന് ഒരാഴ്ചയ്‌ക്കകം സംസ്ഥാനത്ത് തീരുമാനിക്കും.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി പ്രഖ്യാപിക്കുന്ന രീതി സി.പി.എമ്മിനില്ല. ഇത്തവണയും അതുണ്ടാകില്ല.
രണ്ടുടേം വ്യവസ്ഥയിലെ ഇളവ് സാഹചര്യം അനുസരിച്ച് പാർട്ടി തീരുമാനിക്കും. പാർട്ടിക്ക് ചില തത്വങ്ങളുണ്ടെങ്കിലും അതിനു ഇളവുകളുമുണ്ടെന്ന് ബേബി വിശദീകരിച്ചു. പാർട്ടിക്ക് ഗുണകരമാവുന്ന ചില സാഹചര്യങ്ങളിൽ മാനദണ്ഡങ്ങളിൽ പുനഃപരിശോധന ആവശ്യമായി വരും. പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി അംഗങ്ങൾ മത്സരിക്കുമോയെന്നതും സംസ്ഥാനത്താണ് തീരുമാനിക്കേണ്ടതെന്ന് ബേബി വ്യക്തമാക്കി.
മറ്റു പാർട്ടികളെ പോലെ 'ഹൈക്കമാൻഡ്' അല്ല തീരുമാനമെടുക്കുന്നത്. ജില്ലാ ഘടകങ്ങളാണ് സ്ഥാനാർത്ഥികളെ നിർദ്ദേശിക്കുന്നത്. സീനിയർ നേതാക്കൾക്ക് പുറമെ യുവജനങ്ങൾ, സ്ത്രീകൾ, പാർശ്വവത്കൃത സമൂഹത്തിൽപ്പെട്ടവർ, ന്യൂനപക്ഷങ്ങൾ തുടങ്ങിയവർക്ക് പ്രാതിനിധ്യം ഉറപ്പിച്ചു കൊണ്ടാകും പട്ടിക. വിജയസാദ്ധ്യതയാണ് മാനദണ്ഡങ്ങളിലൊന്ന്. ജാതിസമവാക്യങ്ങളല്ല, സാമൂഹികഘടകങ്ങളാണ് പാർട്ടി നോക്കുന്നത്. എൽ.ഡി.എഫ് സർക്കാരിന്റെ പ്രവർത്തനങ്ങളെ ജനങ്ങൾ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.എ. ബേബി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |