രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് വേണമെന്നുള്ള വാദം ഉയർന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് പലപ്പോഴായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും പാർലമെന്റ് തിരഞ്ഞെടുപ്പും അതിന്റെ ഭാഗമായുള്ള പെരുമാറ്റച്ചട്ടവും രാജ്യത്തിന്റെ വികസന പ്രക്രിയയെ തടസ്സപ്പെടുത്തുന്നു എന്നതാണ്. തിരഞ്ഞെടുപ്പ് കാലയളവിൽ പല സുപ്രധാന തീരുമാനങ്ങളും സർക്കാരുകൾക്ക് മാറ്റിവയ്ക്കേണ്ടിവരും. ജനങ്ങളെ സ്വാധീനിക്കാൻ വേണ്ടി ഭരണകക്ഷി ശ്രമിക്കുന്നു എന്ന ആരോപണം ഉയരുമെന്നു ഭയന്ന് ക്ഷേമപദ്ധതികളും ഇളവുകളും മറ്റും പ്രഖ്യാപിക്കാൻ സർക്കാരുകൾ തുനിയുകയുമില്ല. മാത്രമല്ല, ഇലക്‌ഷൻ കമ്മിഷന്റെ അനുമതിയില്ലാതെ ഇതുപോലുള്ള കാര്യങ്ങൾ പ്രഖ്യാപിക്കാനുമാവില്ല. ഇലക്‌ഷൻ കാലയളവിലാണ് ഇത്തവണ റംസാനും വിഷുവും വന്നത്. എല്ലാ വർഷവും കൺസ്യൂമർ ഫെഡ് സംസ്ഥാനത്തുടനീളം വിഷു - റംസാൻ ചന്തകൾ തുറക്കുന്നത് പതിവാണ്. ഇത്തവണ അത് തുറക്കുന്നത് ഇലക്ഷൻ കമ്മിഷൻ തടഞ്ഞു. ഈ വിലക്കയറ്റത്തിന്റെ കാലത്ത് 13 ഇനം സബ്‌സിഡി സാധനങ്ങൾ വാങ്ങാൻ വഴിയൊരുക്കുന്ന വിഷുച്ചന്തകൾ ജനങ്ങൾക്ക് വലിയ ആശ്വാസം നൽകുന്ന ഒന്നാണ്.
സബ്‌സിഡി സാധനങ്ങൾ വാങ്ങിയതിന്റെ പേരിൽ ഇവിടെ ആരും വോട്ടൊന്നും മാറ്റി ചെയ്യാനും പോകുന്നില്ല. ഇലക്‌ഷൻ കമ്മിഷന്റെ വിലക്കിനെതിരെ കൺസ്യൂമർ ഫെഡ് ഹൈക്കോടതിയെ സമീപിച്ചത് ഫലത്തിൽ ജനങ്ങൾക്ക് ഗുണം ലഭിക്കുന്ന തീരുമാനത്തിന് ഇടയാക്കി. സംസ്ഥാനത്ത് 256 വിഷുച്ചന്തകൾ തുറക്കാൻ ഹൈക്കോടതി അനുമതി നൽകി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപുതന്നെ ഇ ടെൻഡർ വഴി 17 കോടി രൂപയുടെ സാധനങ്ങൾ സ്റ്റോക്ക് ചെയ്തിരുന്നതാണ്. അടിസ്ഥാനപരമായി ജീവിതപ്രശ്നങ്ങൾക്കാണ് മുൻതൂക്കം നൽകേണ്ടതെന്ന് ചന്തകൾ തുറക്കാൻ അനുവദിച്ചുകൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സബ്‌സിഡിക്കായി സർക്കാർ നീക്കിവച്ച അഞ്ച് കോടി രൂപ തിരഞ്ഞെടുപ്പ് കഴിയുംവരെ അനുവദിക്കാൻ പാടില്ലെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വിഷുച്ചന്തയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാനും പാടില്ല.
രാഷ്ട്രീയ നേട്ടത്തിനായി ഏതെങ്കിലും സ്ഥാനാർത്ഥിയോ പാർട്ടികളോ ഇത് ദുരുപയോഗം ചെയ്താൽ കമ്മിഷന് ഇടപെടാനുള്ള അവകാശം ഉണ്ടായിരിക്കുമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. സർക്കാർ സബ്‌സിഡിയോടെ ഈ ഘട്ടത്തിൽ ചന്തകൾ തുടങ്ങുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുമെന്നാണ് ഇലക്‌ഷൻ കമ്മിഷന്റെ അഭിഭാഷകൻ വാദിച്ചത്. എന്നാൽ റംസാൻ - വിഷുച്ചന്തകൾ തുടങ്ങാൻ ഫെബ്രുവരി 16-ന് തീരുമാനമെടുത്തിരുന്നു എന്നായിരുന്നു സർക്കാർ ബോധിപ്പിച്ചത്. കടുത്ത വേനലിൽ, പണമില്ലാതെ സാധാരണക്കാർ നെട്ടോട്ടമോടുന്ന ഈ വേളയിൽ അവരുടെ ആശ്വാസത്തിനാണ് പെരുമാറ്റച്ചട്ടത്തിന്റെ കർക്കശമായ നിയന്ത്രണങ്ങളേക്കാൾ കോടതി മുൻതൂക്കം നൽകിയത് എന്നത് തികച്ചും അഭിനന്ദനീയവും സ്വാഗതാർഹവുമാണ്.
ഇതുപ്രകാരം 179 ത്രിവേണി സ്റ്റോറുകളിലും 77 താലൂക്കുകളിലെ ഓരോ പ്രധാന സഹകരണ സംഘങ്ങളിലുമാണ് ചന്ത പ്രവർത്തിക്കുക. സപ്ളൈകോയിലെ സബ്‌സിഡി നിരക്കിലാവും വിഷുച്ചന്തകളിലും വിൽപ്പന. കൂടാതെ, ത്രിവേണി സ്റ്റോറുകളിലുള്ള മറ്റ് സാധനങ്ങളും 10- 30 ശതമാനം വിലക്കുറവിൽ ലഭിക്കും. മുൻകാലങ്ങളിൽ ഇലക്‌ഷൻ കമ്മിഷനുകൾ ഇത്തരം ചന്തകൾ നടത്തുന്നത് വിലക്കാറില്ലായിരുന്നു. ഇലക്‌ഷൻ നോക്കിയല്ല വിഷുവും റംസാനും മറ്റും വരുന്നത്. അത് എല്ലാ വർഷവും പതിവായി വരുന്നതും അതുമായി ബന്ധപ്പെട്ട ഇത്തരം ചന്തകൾ നടത്തപ്പെടുന്നതുമാണ്. പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ ജനങ്ങൾക്ക് ന്യായമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ നഷ്ടപ്പെടാൻ പാടില്ല. മാത്രമല്ല ഇലക്‌ഷൻ കഴിഞ്ഞ് നിത്യോപയോഗ സാധനങ്ങളുടെ വില കൂടില്ലെന്ന് ആർക്ക് പറയാനാകും. അതിനാൽ ഈ അവസരം ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ തയ്യാറാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |