SignIn
Kerala Kaumudi Online
Sunday, 30 June 2024 11.35 PM IST

ഗൂഗിൾ നോക്കിപ്പോയി തോട്ടിൽ വീഴരുത്!

google-map

പരിചയമില്ലാത്ത സ്ഥലത്ത്,​ നാട്ടുകാരോട് വഴി 'ചോദിച്ചു ചോദിച്ചു" പോകുന്നതായിരുന്നു പഴയ ശീലം. ഗൂഗിൾ മാപ്പ് വന്നതോടെ മുഖദാവിലുള്ള അന്വേഷണത്തിനു പകരം,​ മൊബൈലിലോ വാഹനത്തിന്റെ ഡിസ്‌പ്ളേ സ്ക്രീനിലോ ഗൂഗിൾ ഭൂപടം നോക്കി പോകുന്നതായി കൂടുതൽ സൗകര്യം. പക്ഷേ,​ ഇങ്ങനെ ഗൂഗിൾ മാപ്പിനെ മാത്രം ആശ്രയിച്ചു വാഹനമോടിച്ച് തോട്ടിലും പുഴയിലുമൊക്കെ വീണ് അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ കൂടിവരികയാണ്. ഒരു സ്ഥലത്തെത്തുവാൻ ഏറ്റവും ദൂരക്കുറവുള്ളതും സൗകര്യപ്രദവുമായ പാത നിർദ്ദേശിക്കുകയാണ് ഗൂഗിൾ മാപ്പിന്റെ ദൗത്യമെന്ന് മറക്കരുത്. ആ യാത്രയുടെ സുരക്ഷിതത്വം യാത്രക്കാരന്റെ സ്വന്തം ഉത്തരവാദിത്വമാണ്. തോട്ടിലോ നദിയിലോ വെള്ളം പൊങ്ങുന്നതിനെ തുടർന്ന്,​ അതിനരികിലൂടെയുള്ള പാതയിലെ ഗതാഗതം മുന്നറിയിപ്പില്ലാതെ പെട്ടെന്ന് തടയുകയും,​ തത്കാലം വാഹനങ്ങൾ മറ്റൊരു വഴി തിരിച്ചുവിടുകയും ചെയ്യുന്നത് പതിവാണ്. പ്രത്യേകിച്ച് മഴക്കാലത്ത്. ഇതൊന്നുമറിയാതെ രാത്രിയിൽ അതുവഴി കാറിലും മറ്റും ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് വഴി കണ്ടുപിടിച്ചു വരുന്നവരാണ് കെണിയിലാവുക.

ഇങ്ങനെ,​ അപ്രതീക്ഷിത സാഹചര്യങ്ങളിൽ വഴിതടസമോ അപകടസാദ്ധ്യതയോ രൂപപ്പെടുമ്പോൾ അവിടെ ഒരു ബാരിക്കേഡോ,​ ചുരുങ്ങിയത് ഒരു മുന്നറിയിപ്പു ബോർഡോ ഉണ്ടെങ്കിൽ ഇത്തരം അപകടങ്ങൾ സംഭവിക്കുമോ?​ ദേശീയപാതയിൽ മാത്രമല്ല,​ സംസ്ഥാന പാതകളിലും ഗ്രാമീണ പാതകളിൽപ്പോലും മുന്നറിയിപ്പുകളില്ലാതെ വഴിതിരിക്കലുകൾ പതിവാണ്. തൊട്ടു മുന്നിൽ,​ മഴയിൽ ഒരു പാതാളക്കുഴി രൂപപ്പെട്ടതാകാം,​ റോഡ് ഇടിഞ്ഞ് തോട്ടിലേക്കു വീണതാകാം,​ വഴിയിലേക്ക് മണ്ണിടിഞ്ഞു വീണതാകാം.... ഇങ്ങനെ പലതാണ് യാത്രാതടസത്തിന് ഇടയാക്കുന്ന പ്രാദേശിക കെടുതികൾ. ഇവിടങ്ങളിൽ സ്വീകരിക്കേണ്ട യാത്രാദിശ വ്യക്തമാക്കുന്നതും,​ അപകട സാദ്ധ്യതാ മുന്നറിയിപ്പ് നല്കുന്നതുമായ ബോർഡുകൾ സ്ഥാപിക്കേണ്ട ഉത്തരവാദിത്വം തദ്ദേശസ്ഥാപനങ്ങൾക്കാണ്. നിർഭാഗ്യവശാൽ അങ്ങനെയൊരു സംവിധാനമോ ജാഗ്രതയോ നിലവിൽ തദ്ദേശ സ്ഥാപനങ്ങൾക്കില്ല.

ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ കോട്ടയം കുറുപ്പന്തറയ്ക്കടുത്താണ്,​ ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് ആലപ്പുഴയ്ക്കുള്ള വഴി തപ്പിവന്ന നാലംഗ ഹൈദരാബാദ് സംഘത്തിന്റെ കാർ അബദ്ധത്തിൽ കനാലിൽ വീണത്. ശബ്ദംകേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് രക്ഷകരായത്. ഇടത്തേക്കു തിരിയാനുള്ള ഗൂഗിൾ സന്ദേശത്തെ പൂർണമായി വിശ്വസിച്ച്,​ അപകടസാഹചര്യമറിയാതെ ഡ്രൈവർ വാഹനം തിരിച്ചതായിരുന്നു കാരണം. ഇടത്തേക്കു തിരിയുന്നതു നിരോധിച്ച്,​ രാത്രിയിലും കാണാൻ പാകത്തിൽ അവിടെ ഒരു മുന്നറിയിപ്പ് ബോർഡ് ഉണ്ടായിരുന്നെങ്കിൽ ‌ഡ്രൈവർ അതു ശ്രദ്ധിച്ചേനെ. സ്ഥലങ്ങൾ കാണാനും വിവാഹ സത്കാരങ്ങളിലും മറ്റും പങ്കെടുക്കാനുമായി ദിവസവും നിരവധി അന്യസംസ്ഥാനക്കാർ കേരളത്തിലെവിടെയും വന്നുപോകുന്നതുകൊണ്ട് ഇത്തരം മുന്നറിയിപ്പു ബോർഡുകൾ മലയാളത്തിൽ മാത്രമായാൽപ്പോരാ,​ ഇംഗ്ളീഷിലും കൂടി വേണം താനും.

മുന്നറിയിപ്പ് ബോർഡുകൾ ഉൾപ്പെടെ സ്ഥാപിക്കുന്നതിനും,​ അപ്രതീക്ഷിത അപകട സാഹചര്യങ്ങളിൽ പ്രാദേശിക തലത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു കീഴിൽ റോഡ് സേഫ്റ്റി സെല്ലുകൾ രൂപീകരിക്കണമെന്നാണ് റോഡ് സുരക്ഷാ വിദഗ്ദ്ധരുടെ നിർദ്ദേശം. തദ്ദേശസ്ഥാപന സെക്രട്ടറിമാർ കൺവീനർമാരാകുന്ന ഇത്തരം സെല്ലുകളിൽ വാർഡ് അംഗങ്ങളും എൻജിനിയർമാരും ഓവർസിയർമാരും മറ്റു സാങ്കേതിക വിദഗ്ദ്ധരും പൊതുപ്രവർത്തകരും സന്നദ്ധരായ വിദ്യാർത്ഥികളുമൊക്കെ അംഗങ്ങളാകണം. ഇവർക്ക് ജില്ലാതല ദുരന്ത നിവാരണ അതോറിട്ടിയുമായി സഹകരിച്ച് പ്രവർത്തിക്കാം. സംസ്ഥാനത്ത് മൺസൂൺ ആരംഭിക്കാനിരിക്കെ,​ വെള്ളക്കെട്ടും പ്രളയസാദ്ധ്യതയും നദികളിലെ ജലനിരപ്പ് ഉയരുന്നതുമൊക്കെ മുന്നിൽക്കണ്ട് പ്രാദേശിക റോഡ് സുരക്ഷാ സെല്ലുകളുടെ രൂപീകരണം വേഗത്തിലാകട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.