കൊച്ചി നേര്യമംഗലത്തെ നാളികേര വികസന ബോർഡിന്റെ വിത്തുത്പ്പാദന കേന്ദ്രം ഗുജറാത്തിലേക്ക് മാറ്റിക്കാണ്ടുപോകാനുള്ള സാഹചര്യമൊരുക്കുന്നത്, നാളീകേരത്തിന്റെ നാടെന്ന് കവിപോലും വിഭാവനചെയ്ത നമ്മുടെ കേരളത്തിൽ കേരകൃഷിയും കേര കർഷകരും കടുത്ത അവഗണന നേരിടുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. കേന്ദ്ര സർക്കാർ സ്ഥാപനമായ ബോർഡിന്റെ കൊച്ചിയിലെ ആസ്ഥാനവും ജപ്തി ഭീഷണിയിലാണ്.
കേരളത്തിൽ നാളികേര കൃഷി ക്ഷയിക്കുമ്പോൾ കർണാടകത്തിലും തമിഴ്നാട്ടിലും ഗുജറാത്തിലും ബീഹാറിലുമൊക്ക തെങ്ങുകൃഷി വ്യാപിക്കാൻ കാരണം നാളികേര വികസന ബോർഡിന്റെ പ്രവർത്തനങ്ങളാണ്. കേന്ദ്ര കൃഷിമന്ത്രാലയത്തിന് കീഴിൽ 1981ൽ ആരംഭിച്ച നാളികേര വികസന ബോർഡിന്റെ ആസ്ഥാനം കേരളത്തിലാക്കാൻ കാരണം തന്നെ ഈ മേഖലയിൽ നമ്മൾക്കുണ്ടായിരുന്ന ആധിപത്യമായിരുന്നു. മാറിമാറി വന്ന കേരള സർക്കാരുകൾ വേണ്ട രീതിയിൽ നാളികേര വികസന ബോർഡിനെ ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് വേണം പറയാൻ. ബോർഡിന്റെ ഫണ്ടിൽ ചെറിയ ഭാഗം മാത്രമാണ് ഇപ്പോൾ കേരളത്തിൽ ചെലവഴിക്കുന്നത്. അനുവദിക്കുന്നത് പോലും മുഴുവനായി വാങ്ങിക്കുവാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. ലഭിച്ച ഫണ്ട് വിനിയോഗിക്കാതെ തിരിച്ചടച്ച സംഭവം കഴിഞ്ഞ വർഷം ഞങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തതാണ്.
നാളികേര വികസന ബോർഡിന് മികച്ചയിനം തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കാൻ 1997ൽ എറണാകുളം കോതമംഗലം താലൂക്കിലെ സംസ്ഥാന കൃഷി വകുപ്പിന്റെ മാതൃകാഫാമിനോട് ചേർന്നുള്ള 50 ഏക്കർ സ്ഥലം നാളികേര വികസന ബോർഡിന് സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. ലക്ഷക്കണക്കിന് നാളികേര തൈകൾ ഇവിടെ ഉത്പാദിപ്പിച്ച് സബ്സിഡി നിരക്കിൽ കേരളം മുഴുവൻ വിതരണം ചെയ്തിട്ടുമുണ്ട്. ഇപ്പോഴും വർഷം 60,000ൽ പരം തൈകൾ ഉത്പാദിപ്പിക്കുന്നുണ്ട്.
ഒരു രൂപ പാട്ടത്തിനാണ് അന്ന് സർക്കാർ സ്ഥലം നൽകിയത്. 2012ൽ പാട്ടക്കാലാവധി അവസാനിച്ചു. ഇത് പുതുക്കി നൽകാൻ പിന്നെ നടപടിയുണ്ടായില്ല. പലവട്ടം ഈ ആവശ്യവുമായി സംസ്ഥാനത്തെ സമീപിച്ചിട്ടും പ്രതികരണം ഉണ്ടായില്ലെന്നാണ് ബോർഡ് അധികൃതർ പറയുന്നത്. പാട്ടക്കാലാവധി തീർന്നതോടെ പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യവികസനവും മുടങ്ങി. 2017ൽ 78 ലക്ഷം രൂപ പാട്ടക്കുടിശിക അടയ്ക്കാൻ റവന്യൂ വകുപ്പ് നാളികേര വികസന ബോർഡ് നോട്ടീസും നൽകി. അന്ന് കൃഷിമന്ത്രിയായിരുന്നു വി.എസ്. സുനിൽകുമാർ പ്രശ്നത്തിൽ ഇടപെട്ടു. ഒരു രൂപ പാട്ടത്തിന് തന്നെ പുതുക്കി നൽകുമെന്ന് കത്തും നൽകി. പക്ഷേ ഔദ്യോഗിക നടപടികളൊന്നും ഉണ്ടായില്ല.
കഴിഞ്ഞ ജനുവരി മാസത്തിൽ നാളികേര വികസന ബോർഡിന്റെ കൊച്ചി നഗരത്തിലെ ആസ്ഥാനം ജപ്തി ചെയ്യാൻ ജില്ലാ കളക്ടർ നോട്ടീസ് നൽകിയതോടെയാണ് കാര്യം ഗൗരവമായി മാറുന്നത്. പാട്ടക്കുടിശിക 1,71.62,340 രൂപ ഉടനെ അടയ്ക്കണമെന്നാണ് ഉത്തരവ്. ഒരാഴ്ചയ്ക്കുള്ളിൽ അടച്ചില്ലെങ്കിൽ ജപ്തി ചെയ്യാനാകും. ബോർഡ് ഈ തുക അടയ്ക്കാൻ തയ്യാറല്ല. ജപ്തിയാണെങ്കിൽ ചെയ്തോട്ടെ എന്ന നിലപാടിലാണ് അധികൃതർ. നേര്യംമംഗലം തോട്ടം പൂട്ടാനും അവർ തയ്യാറാണ്. മറ്റൊരു കാര്യം ഗുജറാത്തിൽ തെങ്ങുകൃഷി വ്യാപിക്കുകയാണ്. അവിടെ നല്ല തെങ്ങിൻ തൈകൾ കിട്ടാനില്ല. വിത്തുതോട്ടം സ്ഥാപിക്കണമെന്നും അതിന് സ്ഥലം തരാമെന്നും ഗുജറാത്ത് സർക്കാർ പലവട്ടം നാളികേര വികസന ബോർഡിനോട് ആവശ്യപ്പെട്ടുകഴിഞ്ഞെന്നാണ് അറിവ്.
പുതിയ വ്യവസായങ്ങൾ കേരളത്തിൽ സ്ഥാപിക്കുമെന്ന് പറയുമ്പോൾ ഇതുപോലുള്ള സ്ഥാപനങ്ങൾ നിലനിറുത്താനുള്ള സൗമനസ്യം മാത്രമല്ല ആർജ്ജവം കൂടി സംസ്ഥാന സർക്കാർ കാണിക്കേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |