കൊച്ചി: വെളിച്ചെണ്ണ വിലയിലെ അനിയന്ത്രിതമായ കുതിപ്പ് സംസ്ഥാനത്തെ നാളീകേര അധിഷ്ഠിതമായ വ്യവസായങ്ങൾക്ക് കനത്ത വെല്ലുവിളി സൃഷ്‌ടിക്കുന്നു. വില പിടിച്ചുനിറുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കൊച്ചിൻ ഓയിൽ മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മുമ്പൊരിക്കലും ഇല്ലാത്തവിധം വെളിച്ചെണ്ണ വില കുതിക്കുകയാണ്. ചില്ലറ വിപണിയിൽ വില കിലോയ്‌ക്ക് 460 രൂപയ്ക്ക് മുകളിലാണ്. ഓണക്കാലത്ത് വില 500 രൂപ കടന്നേക്കും.
വെളിച്ചെണ്ണ ഭക്ഷ്യവസ്തുവായി ഉപയോഗിക്കുന്ന ഏക സംസ്ഥാനം കേരളമാണ്. വില ഉയരുമ്പോൾ കടുക് എണ്ണയും പാം ഓയിലും മലയാളികളുടെ അടുക്കള കീഴടക്കാൻ സാദ്ധ്യതയേറെയാണ്. വെളിച്ചെണ്ണയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും കയറ്രുമതിക്ക് നിയന്ത്രണം വേണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. കയറ്റുമതി നിരോധനത്തിന് നാളികേര വികസന ബോർഡിൽ സംസ്ഥാന സർക്കാർ ശക്തമായ സമ്മർദ്ദം ചെലുത്തണം. സംസ്ഥാനത്തെ തെങ്ങ് കൃഷിയേയും ഓയിൽ മിൽ വ്യവസായവും തകർച്ചയിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമാണ്.
ഔഷധമേഖലയിലും പ്രതിസന്ധി
ആയുർവേദ ഔഷധ നിർമ്മാണത്തിലും വെളിച്ചെണ്ണ ഉപയോഗിക്കുന്നുണ്ട്. ഹെയർ ഓയിൽ, ഷാംബു, ലേപനങ്ങൾ, ക്രീമുകൾ, സോപ്പ് എന്നിവയാണ് വെളിച്ചെണ്ണയിൽ നിർമ്മിക്കുന്നത്. വില കൂടുമ്പോൾ മായം ചേർക്കലും വർദ്ധിക്കും. ലിക്വിഡ് പാരഫിൻ ഓയിലിന്റെ സാന്നിദ്ധ്യം വെളിച്ചെണ്ണയിലും വെളിച്ചെണ്ണ ചേർത്തുള്ള ആയൂുർവേദ തൈലങ്ങളിലും വർദ്ധിച്ചിട്ടുണ്ട്. ചില കമ്പനികൾ ഉത്പ്പന്നത്തിന്റെ പാക്കറ്റിൽ തന്നെ പാരഫിൻ ഓയിലിന്റെ അളവ് രേഖപ്പെടുത്തുന്നുമുണ്ട്. ശിരോരോഗങ്ങൾക്കും മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്കും പാരഫിൻ ഓയിൽ ചേർത്ത തൈലം ദോഷമായി മാറും.
ഉത്പാദനം കുറഞ്ഞു
കേരളത്തിലും തമിഴ്നാട്ടിലും വിളവെടുപ്പ് സീസൺ ആരംഭിച്ചിട്ടും വില കുറയുന്നില്ല. ഉത്പാദനം കുറഞ്ഞതും കയറ്റുമതി കൂടിയതുമാണ് പ്രധാന കാരണം. തെക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലും നാളികേര ഉത്പാദനം ഗണ്യമായി കുറഞ്ഞു. മെച്ചപ്പെട്ട വിളവ് ലഭിച്ചിരുന്ന വടക്കൻ കേരളത്തിൽ 30ശതമാനം വരെ ഉത്പാദന ഇടിവുണ്ട്.
ഇറക്കുമതി സാദ്ധ്യത കുറവ്
ഇന്ത്യക്ക് പുറമെ, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിലാണ് വെളിച്ചെണ്ണ ഉത്പാദനമുള്ളത്. ഇന്തോനേഷ്യ കയറ്റുമതി നിരോധിച്ചു. ആഭ്യന്തര ഉത്പാദനം കുറഞ്ഞതുകാരണം ശ്രീലങ്കയും ഫിലിപ്പൈൻസിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഫിലിപ്പൈൻസിലും വില ഉയർന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള ഇറക്കുമതി ലാഭകരമാകാനിടയില്ല.
വിലവിവരം
വെളിച്ചെണ്ണ കിലോ (കൊച്ചി) 460രൂപ
കൊപ്രാ കിലോ 265രൂപ (5ശതമാനം നികുതി പുറമേ).
പച്ചതേങ്ങ 60 -75 രൂപ
'' കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് നാളികേരത്തിന്റെയും വെളിച്ചെണ്ണയുടേയും കയറ്റുമതി നിരോധിക്കണം''
തലത് മെഹമൂദ്
പ്രസിഡന്റ്
കേരള ഓയിൽ മർച്ചന്റ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |