നാട്ടിൽ നിന്ന് വിദേശത്തു പോയി ജോലി ചെയ്ത് വീട്ടിലേക്ക് പണം അയയ്ക്കുന്നവർക്ക് പണ്ടൊക്കെ കേരളത്തിൽ ഒറ്രപ്പേരേ ഉണ്ടായിരുന്നുള്ളൂ: 'ദുബായിക്കാരൻ!" ഗൾഫ് മലയാളി, സിംഗപ്പൂർ മലയാളി, അമേരിക്കൻ മലയാളി, എന്നൊക്കെയുള്ള പ്രയോഗങ്ങൾ പിന്നെ വന്നതാണ്. ഇപ്പോഴാകട്ടെ, ഇവരെയെല്ലാം ചേർത്ത് ഒറ്റപ്പേരിൽ വിളിക്കും: പ്രവാസി മലയാളി. ലോകത്ത് മലയാളി പോയി പണിയെടുക്കാത്ത രാജ്യങ്ങൾ കുറയും. ഇങ്ങനെ, കടൽ കടന്ന് ചോര നീരാക്കിയും, നാടിനെക്കുറിച്ചുള്ള ഓർമ്മകളിൽ വെന്തുനീറിയും പ്രവാസജീവിതം നയിക്കുന്ന ഓരോ മലയാളിയും നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് വിയർപ്പിന്റെ മണം മാത്രമല്ല, സ്വപ്നങ്ങളുടെ മധുരവുമുണ്ട്. നാട്ടിൽ മടങ്ങിയെത്തി, ശിഷ്ടകാലം കുടുംബത്തോടൊപ്പം സമാധാനത്തോടെ ജീവിക്കുമ്പോൾ മുടങ്ങാത്ത വരുമാനം ഉറപ്പാക്കാൻ, കയ്യിലെ സമ്പാദ്യം മൂലധനമാക്കി ഇവിടെത്തന്നെ എന്തെങ്കിലും ചെറിയ ബിസിനസ് തുടങ്ങാമെന്ന് ചിന്തിച്ചുപോയ ഹതഭാഗ്യർ നേരിടേണ്ടിവന്ന സർക്കാർ കുരുക്കുകളുടെ അനുഭവം എത്രയെങ്കിലുമുണ്ട്. ഉദ്യോഗസ്ഥരുടെ പീഡനത്തിൽ ജീവിതം മടുത്ത് ആത്മഹത്യ ചെയ്തവർ പോലുമുണ്ട്.
ഒരു മോട്ടോർ വർക്ക് ഷോപ്പോ, കാർ വാഷിംഗ് സെന്ററോ തുടങ്ങണമെങ്കിൽപ്പോലും വേണം, പഞ്ചായത്ത് മുതൽ പരിസ്ഥിതി വരെ വിവിധ സർക്കാർ വകുപ്പുകളുടെ അനുമതിയും ക്ളിയറൻസും പരിശോധനകളും എൻ.ഒ.എസിയും ഉൾപ്പെടെ കാക്കത്തൊള്ളായിരം ഊരാക്കുടുക്കുകൾ. വിദേശത്തു പോയി ജോലി ചെയ്യുന്നവരെല്ലാം കോടീശ്വരന്മാരല്ല. പക്ഷേ, ഇവരെല്ലാവരും കൂടി നാട്ടിലേക്ക് അയയ്ക്കുന്ന നിക്ഷേപത്തിന്റെ കണക്ക് അത്ര ചെറുതല്ല! റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, സംസ്ഥാനത്തെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം മൂന്നുലക്ഷം കോടി കവിഞ്ഞു. അതായത്, ഈ സാമ്പത്തികവർഷത്തെ സംസ്ഥാന ബഡ്ജറ്റ് വിഹിതത്തെക്കാൾ അധികം. രാജ്യത്ത് പ്രവാസി നിക്ഷേപത്തുകയുടെ കാര്യത്തിൽ മഹാരാഷ്ട്രയ്ക്കു പിന്നാലെ, രണ്ടാം സ്ഥാനത്താണ് കേരളം.
ബാങ്കുകളിൽ കുമിയുന്ന ഈ നിക്ഷേപം വിനിയോഗിച്ച്, നിക്ഷേപകർക്ക് അവരുടെ സമ്പാദ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കിയും, സംരംഭം തുടങ്ങുന്നതിന് സരളമായ ഏകജാലക സംവിധാനം ഏർപ്പാടാക്കിയും, കുറഞ്ഞ നിരക്കിൽ വൈദ്യുതിയും വെള്ളവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും സ്വതന്ത്രമായി പ്രവർത്തിക്കുന്ന പ്രവാസി വ്യവസായ പാർക്കുകളെക്കുറിച്ച് സർക്കാരിന് ആലോചിക്കാവുന്നതേയുള്ളൂ. പ്രവാസികളുടെ നിക്ഷേപമെടുത്ത് സർക്കാർ പദ്ധതികളിൽ മുടക്കാൻ നോക്കുമ്പോഴാണ് വിയോജിപ്പും കുഴപ്പങ്ങളും. നിലവിലെ ഐ.ടി പാർക്കുകളുടെ മാതൃകയിൽ, പ്രവാസി വ്യവസായ പാർക്കുകൾക്ക് സർക്കാർ സ്ഥലം കണ്ടെത്തി അടിസ്ഥാന സൗകര്യങ്ങളൊരുക്കണം. പ്രവാസികൾക്ക് ഭീമമായ മുതൽമുടക്ക് കൂടാതെ ആരംഭിക്കാവുന്ന ഇടത്തരം സംരംഭങ്ങളെക്കുറിച്ച് പഠനം നടത്തി, അവയുടെ നടത്തിപ്പിന് ആവശ്യമായ സൗകര്യങ്ങൾക്കു വേണം മുൻതൂക്കം നല്കേണ്ടത്. ഓരോ വ്യവസായത്തിനും അനുസൃതമായ കെട്ടിട സൗകര്യം സംരംഭകൻ തന്നെ ഒരുക്കട്ടെ. അതിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടാകരുത്.
വ്യവസായങ്ങൾക്ക് ചുമത്തുന്ന അധിക നിരക്കിലാകരുത് ഇവിടെ ലഭ്യമാക്കുന്ന വൈദ്യുതിക്കും വെള്ളത്തിനും കരം ചുമത്തേണ്ടത്. ഇതിനെക്കാളെല്ലാം പ്രധാനമാണ്, സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങാതെ പാർക്കിൽ സജ്ജമാക്കുന്ന ബിസിനസ് ഫെസിലിറ്രേഷൻ സെന്റർ വഴി സംരംഭകന് വ്യവസായ അനുമതിക്ക് ആവശ്യമായതെല്ലാം ലഭ്യമാക്കുക എന്നത്. പ്രവാസി വ്യവസായ പാർക്കിൽ സർക്കാർ പങ്കാളിത്തമുണ്ടെങ്കിൽ ബാങ്കുകൾ വായ്പ നല്കാൻ മടിക്കില്ല. ഉത്പന്ന നിർമ്മാണ യൂണിറ്റുകളാണെങ്കിൽ അവയുടെ വിപണത്തിനുള്ള സൗകര്യങ്ങൾ കൂടി സർക്കാർ ഒരുക്കുകയും, സംരംഭകർക്ക് വിദഗ്ദ്ധോപദേശം നല്കുന്ന സാങ്കേതിക സമിതി കൂടി ഉണ്ടാവുകയും ചെയ്താൽ പ്രവാസികളുടേതായി ബാങ്കിൽ കുമിഞ്ഞുകിടക്കുന്ന സഹസ്രകോടികൾ വിനിയോഗിച്ച് നൂറുകണക്കിന് വ്യവസായ സംരംഭകരെ സൃഷ്ടിക്കാമെന്നു മാത്രമല്ല, ഇത് സംസ്ഥാനത്തിന്റെ വ്യാവസായിക രംഗത്ത് പുതിയ ചുവടുവയ്പാവുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |