കുവൈറ്റ് സിറ്റി: ജൂലായ് 16ന് ആരംഭിക്കുന്ന ഉഷ്‌ണ തരംഗ സീസണോടനുബന്ധിച്ച് കുവൈറ്റിൽ താമസിക്കുന്നവർ സൂര്യാഘാതം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അറബ് യൂണിയൻ ഫോർ അസ്‌ട്രോണമി ആന്റ് സ്‌പേസ് സയൻസ് അംഗം ബാദർ അൽ ഒമറ മുന്നറിയിപ്പ് നൽകി. ജെമിനി നക്ഷത്രത്തിന്റെ ഉദയത്തോടെയാണ് ഈ ഉഷ്‌ണതരംഗം ആരംഭിക്കുന്നത്. ഈ ചൂടുകാലത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ഓഗസ്റ്റ് 11ന് അൽ കുലൈബിൻ നക്ഷത്രം ഉദിക്കുന്നത് വരെ 26 ദിവസം നീണ്ടുനിൽക്കുന്നതാണ് ഈ ഉഷ്‌ണതരംഗം. അതിനുശേഷം താപനില ക്രമേണ കുറഞ്ഞുതുടങ്ങുമെന്നും വേനൽക്കാലം അവസാനിക്കുന്നത് വരെ ഇത് തുടരുമെന്നും അൽ ഒമറ പറഞ്ഞു. ഓഗസ്റ്റ് പകുതിയോടെ ഉഷ്‌ണതരംഗം കുറയുകയും ഉയർന്ന താപനില ക്രമേണ താഴുകയും ചെയ്യും. ഓഗസ്റ്റ് 24ന് വേനൽക്കാലത്തെ അവസാന നക്ഷത്രമായ സുഹൈലിൽ എത്തും. സുഹൈൽ നക്ഷത്രം ഉദിക്കുന്നതോടെ താപനില കുറയുകയും രാത്രികാലങ്ങളിൽ തണുപ്പ് അനുഭവപ്പെടാനും ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |