ദുബായ്: ഡിജിറ്റൽ പണമിടപാടുകളിൽ മാറ്റം വരുത്താനൊരുങ്ങി യുഎഇയിലെ ബാങ്കുകൾ. ഡിജിറ്റൽ സേവനങ്ങൾക്കായി ബാങ്കുകളിൽ നിന്ന് എസ്‌എംഎസ്, ഇ -മെയിൽ വഴി വരുന്ന ഒടിപികൾ (ഒറ്റത്തവണ പാസ്‌വേർഡ്) അയയ്‌ക്കുന്നത് ക്രമേണ അവസാനിപ്പിക്കുക എന്നതാണ് പുതിയ നീക്കം. 2025 ജൂലായ് 25 മുതൽ ഈ മാറ്റം നിലവിൽ വരുമെന്ന് എമറാത്ത് അൽ യൂമിന്റെ റിപ്പോർട്ടിൽ പറയുന്നു.
എല്ലാത്തരം പ്രാദേശിക, അന്തർദേശീയ സാമ്പത്തിക കൈമാറ്റങ്ങൾക്കും ഓൺലൈൻ ഇടപാടുകൾക്കും ഈ മാറ്റം ബാധകമാകും. ഒടിപികൾക്ക് പകരം ആപ്പ് വഴിയുള്ള സേവനങ്ങളാകും ഇനി മുതൽ ലഭിക്കുക. അതിനായി മൊബൈൽ ബാങ്കിംഗ് ആപ്പുകൾ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.
യുഎഇ സെൻട്രൽ ബാങ്കിന്റെ നിർദേശപ്രകാരമാണ് പുതിയ നീക്കമെന്നും ഘട്ടം ഘട്ടമായിട്ടായിരിക്കും ഇത് നടപ്പിലാക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു. ഭാവിയിൽ പണമിടപാടുകൾ നടത്തുന്നതിന് ഉപഭോക്താക്കൾക്ക് ഒടിപിക്ക് പകരം ആപ്പുകൾ വഴിയായിരിക്കും പുതിയ സംവിധാനങ്ങൾ ഒരുക്കുക.
ബാങ്കിംഗ് സേവനങ്ങളുടെ സുരക്ഷ ഉറപ്പാക്കി ഇ-മെയിൽ അല്ലെങ്കിൽ എസ്‌എംഎസ് വഴി വരുന്ന തട്ടിപ്പുകൾ കുറയ്‌ക്കുക എന്നതാണ് ഈ പുതിയ മാറ്റത്തിലൂടെ യുഎഇ ലക്ഷ്യമിടുന്നത്. പ്രവാസികൾക്കും ഈ മാറ്റം ബാധകമാണ്. അതിനാൽ, നാട്ടിലേക്ക് പണമയക്കുന്നവർ നിങ്ങളുടെ ബാങ്കുമായി സമീപിച്ച് ഇക്കാര്യത്തിൽ വ്യക്തത വരുത്തി ബാങ്കിംഗ് ആപ്പ് ഡൗൺലോഡ് ചെയ്‌ത ശേഷം മാത്രം ഇനി പണമിടപാടുകൾ നടത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |