വിദ്യാർത്ഥികൾക്കിടയിലെ ആത്മഹത്യാ നിരക്കിലുണ്ടാകുന്ന വർദ്ധനവിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാനസികാരോഗ്യ സംരക്ഷണം ഉറപ്പുവരുത്താൻ സുപ്രീംകോടതി വളരെ പ്രധാനമായ ചില മാർഗനിർദ്ദേശങ്ങൾ നൽകിയിരിക്കുന്നു. ഔദ്യോഗിക നിയമ നിർമ്മാണം ഉണ്ടാകുന്നതുവരെ ഈ നിർദ്ദേശങ്ങൾ രാജ്യത്തെ നിയമമായി കണക്കാക്കണമെന്നാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വിധിയിൽ പറഞ്ഞിരിക്കുന്നത്. മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ വിശാഖപട്ടണത്തെ ആകാശ് ബൈജൂസ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥിനിയായിരുന്ന പതിനേഴുകാരി 2023 ജൂലായിൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിർണായകമായ ഇടപെടലുണ്ടായത്.
മകളുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ആന്ധ്ര ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് പിതാവ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി അന്വേഷണം ഏറ്റെടുക്കാൻ സി.ബി.ഐയോട് ഉത്തരവിട്ടു. രാജ്യത്തെ ആത്മഹത്യകൾ സംബന്ധിച്ച നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ വലിയ അസ്വസ്ഥതയുളവാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ ബാധിച്ചിരിക്കുന്ന ആഴമേറിയതും ഘടനാപരവുമായ രോഗാവസ്ഥയിലേക്ക് പരോക്ഷമായി വിരൽചൂണ്ടുന്നതു കൂടിയാണ് ഈ കണക്കുകളെന്ന് കോടതി വിലയിരുത്തി. കണക്കുകൾ പ്രകാരം ഇന്ത്യയിൽ 2022-ൽ 1,70,924 ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 7.6 ശതമാനം- അതായത് 13,044 പേർ വിദ്യാർത്ഥികളായിരുന്നു. ഇവയിൽ 2,200 ലേറെ- മരണങ്ങൾ പരീക്ഷാ തോൽവിയെ തുടർന്നാണ്.
വിദ്യാർത്ഥികളുടെ വൈകാരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരാജയപ്പെട്ടിരിക്കുകയാണെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകൾ. അതിനാൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏകീകൃത മാനസികാരോഗ്യ നയം രൂപീകരിക്കണമെന്നും ഈ നയങ്ങൾ വർഷം തോറും പുതുക്കുകയും പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും വേണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. നൂറിൽ കൂടുതൽ വിദ്യാർത്ഥികളുള്ള സ്ഥാപനങ്ങളിൽ യോഗ്യതയുള്ള ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെയെങ്കിലും നിയമിക്കണം. അത് സൈക്കോളജിസ്റ്റ്, കൗൺസലർ, സോഷ്യൽ വർക്കർ എന്നിവരാകാം. ചെറിയ സ്ഥാപനങ്ങൾക്ക് റഫറൽ സംവിധാനങ്ങൾ ഉണ്ടാകണം. കോച്ചിംഗ് സെന്ററുകളും സ്‌കൂളുകളും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ബാച്ച് വേർതിരിച്ച് പഠിപ്പിക്കുന്ന രീതി അവസാനിപ്പിക്കണം. രാജ്യത്ത് മിക്ക കോച്ചിംഗ് സെന്ററുകളിലും നിലനിൽക്കുന്നതാണ് ഈ രീതി. ഇത് ഇനി പാടില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.
ഇതിനെല്ലാം പുറമേ, എല്ലാ ജീവനക്കാർക്കും വർഷത്തിൽ രണ്ടുതവണ പരിശീലനം നൽകണം. വിവിധ വിദ്യാർത്ഥി വിഭാഗങ്ങളുമായി സംവേദനക്ഷമമായ ഇടപെടൽ പരിശീലനത്തിൽ ഉൾപ്പെടുത്തണം. ജാതി, ലിംഗഭേദം, മതം, ലൈംഗിക അതിക്രമം, റാഗിംഗ് തുടങ്ങിയവ ഉണ്ടായാൽ ഉടൻതന്നെ അധികൃതരെ വിവരമറിയിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണം. അക്കാഡമിക് സമ്മർദ്ദം ഒഴിവാക്കാൻ സഹായകമായ സെഷനുകൾ സംഘടിപ്പിക്കുകയും, അതിൽ മാതാപിതാക്കളുടെ സാന്നിദ്ധ്യം ഉറപ്പാക്കുകയും വേണം. പാഠ്യേതര പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, കരിയർ കൗൺസലിംഗ് തുടങ്ങി പരീക്ഷാസമ്മർദ്ദം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണം തുടങ്ങി ക്രിയാത്മക നിർദ്ദേശങ്ങളാണ് ഉന്നത കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. പാർലമെന്റും സംസ്ഥാന നിയമസഭകളും സമഗ്ര നിയമ നിർമ്മാണം നടത്തുംവരെ ഈ മാർഗനിർദ്ദേശങ്ങൾക്ക് പ്രാബല്യമുണ്ടാകുമെന്ന് കോടതി പറഞ്ഞിട്ടുള്ളതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോച്ചിംഗ് സെന്ററുകളും കാലവിളംബം കൂടാതെ ഈ മാർഗനിർദ്ദേശങ്ങൾ നടപ്പാക്കാൻ നിർബന്ധിതരാകുമെന്ന് പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |