ബോധവത്‌കരണവും മുന്നറിയിപ്പുകളുമൊക്കെ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും സൈബർ തട്ടിപ്പുകൾക്ക് സംസ്ഥാനത്ത് കുറവൊന്നും സംഭവിക്കുന്നില്ല. ഏറ്റവും ഒടുവിൽ മട്ടാഞ്ചേരിയിലെ അൻപത്തിയൊൻപതുകാരിയായ വീട്ടമ്മയ്ക്ക് 2.88 കോടി രൂപയാണ് സൈബർ തട്ടിപ്പിൽ നഷ്ടമായത്. രണ്ടു മാസത്തോളമെടുത്താണ് തട്ടിപ്പ് അരങ്ങറിയത്. എല്ലാം യഥാർത്ഥത്തിലുള്ളതാണെന്ന് വരുത്താൻ വ്യാജ കോടതിയും വ്യാജ ജഡ്‌ജിയും വ്യാജ സാക്ഷിയും വരെ തട്ടിപ്പ് സംഘം ഒരുക്കിയിരുന്നു. മുംബയിലെ തിലക് നഗർ പൊലീസ് സ്റ്റേഷനിൽ നിന്നാണെന്നു പറഞ്ഞ് വീട്ടമ്മയ്ക്ക് ഫോൺ കാൾ എത്തിയതോടെയാണ് തുടക്കം. ജെറ്റ് എയർവേസുമായി ബന്ധപ്പെട്ട കള്ളപ്പണ കടത്തു കേസിൽ വീട്ടമ്മയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട് എന്നായിരുന്നു ഭീഷണി!
ഇത്തരം ഫോൺ കാളുകൾ വന്നപ്പോൾത്തന്നെ വിവരം വീട്ടമ്മ പൊലീസിനെ അറിയിച്ചിരുന്നെങ്കിൽ തട്ടിപ്പിന് ഇരയാകില്ലായിരുന്നു. വീട്ടമ്മയെ വെർച്വൽ അറസ്റ്റിന് വിധേയമാക്കിയ തട്ടിപ്പ് സംഘം ഇവരെ ഓൺലൈൻ കോടതിയിലും ഹാജരാക്കി. വെർച്വൽ അറസ്റ്റ് എന്ന ഒരു സംഗതിയില്ലെന്ന് രാജ്യത്തെ ഔദ്യോഗിക അന്വേഷണ ഏജൻസികളും പൊലീസ് വകുപ്പുമൊക്കെ പലതവണ അറിയിച്ചിട്ടുള്ളതാണെങ്കിലും വീണ്ടും ആളുകൾ തട്ടിപ്പിൽ വീഴുന്നതാണ് അത്ഭുതപ്പെടുത്തുന്നത്. ഇനി കള്ളപ്പണവുമായി ബന്ധപ്പെട്ടതാണെങ്കിൽപ്പോലും അക്കൗണ്ടിലൂടെ പണം നൽകിയല്ല അത് പരിഹരിക്കേണ്ടത്. 2.88 കോടി രൂപ തട്ടിയെടുത്ത സംഘം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പോയാൽ പൊലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് കിട്ടുമെന്നും വീട്ടമ്മയെ ധരിപ്പിച്ചു. ഇതൊക്കെ വിശ്വാസ്യത ഉറപ്പിക്കാൻ വേണ്ടി ചെയ്യുന്നതാണ്.
ഇതനുസരിച്ച് ഈ 'സർട്ടിഫിക്കറ്റ്" വാങ്ങാനായി സ്റ്റേഷനിൽ ചെന്നപ്പോഴാണ് വമ്പൻ സാമ്പത്തിക തട്ടിപ്പാണ് നടന്നതെന്ന് വ്യക്തമായത്. മിക്കവാറും മറ്റു രാജ്യങ്ങളിൽ ഇരുന്നാവും തട്ടിപ്പുകാർ പ്രവർത്തിക്കുക എന്നതിനാൽ ഇവരെ പിടികൂടുക അത്ര എളുപ്പമുള്ള കാര്യമല്ല. ഇത്തരം ഭീഷണി സന്ദേശങ്ങൾ വന്നാൽ; അത് ഇനി എന്തിന്റെ പേരിലായാലും ഉടനെ സൈബർ പൊലീസിനെ അറിയിക്കുക എന്നതാണ് ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക മാർഗം. മറ്റൊന്ന്, പരിചയമില്ലാത്ത ഫോൺ നമ്പർ എടുക്കാതിരിക്കുക എന്നതാണ്. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകി ബാങ്ക് അക്കൗണ്ട്, സ്വകാര്യ വിവരങ്ങൾ തുടങ്ങിയവ കൈവശപ്പെടുത്തി അക്കൗണ്ടിലെ പണമെല്ലാം എടുക്കുന്ന നിരവധി ഹാക്കിംഗ് സംഘങ്ങൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. അതിനാൽ അനാവശ്യമായ ലിങ്കുകളിൽ ക്ളിക്ക് ചെയ്യാതിരിക്കാനാണ് നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്.
മൊബൈൽ ഫോണിലേക്ക് മാൽവെയറുകൾ കടത്തിവിട്ട് തട്ടിപ്പ് നടത്തുന്നവരും കുറവല്ല. എ.ഐ ഉപയോഗിച്ചും തട്ടിപ്പുകൾ അരങ്ങേറുന്നു. കുടുംബാംഗങ്ങളുടെ ശബ്ദത്തിൽ വിളിച്ച് ഒ.ടി.പി, പിൻ നമ്പരുകൾ എന്നിവ ചോദിക്കുന്ന രീതിയും നിലവിലുണ്ട്. സൗജന്യ നെറ്റ്‌വർക്കുകൾ അനാവശ്യമായി ഉപയോഗിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. അംഗീകൃത വൈഫൈ നെറ്റ്‌വർക്കുകൾ മാത്രം ഉപയോഗിച്ച് ബ്രൗസിംഗ് ചെയ്യാൻ ശ്രമിക്കണം. അനാവശ്യ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതും അപകടകരമാണ്.
അതുപോലെ, ആവർത്തിക്കുന്ന സൈബർ തട്ടിപ്പുകൾ തടയാൻ ആധുനിക പരിശീലനം നൽകിയ സൈബർ പൊലീസ് സംഘങ്ങളെ സർക്കാർ നിയോഗിക്കേണ്ടതാണ്. അഥവാ, തട്ടിപ്പിന് ഇരയായാൽത്തന്നെ അത് റിപ്പോർട്ട് ചെയ്യുന്ന സമയത്തിന് വളരെയേറെ പ്രാധാന്യമുള്ളതിനാൽ അത് വൈകാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം. സംസ്ഥാനത്ത് ആവർത്തിക്കുന്ന സൈബർ തട്ടിപ്പുകൾ എന്തുവിലകൊടുത്തും തടയാനാവശ്യമായ എല്ലാ നടപടികളെക്കുറിച്ചും ആഭ്യന്തര വകുപ്പ് ആലോചിക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |