
ബംഗളൂരു: സർക്കാർ ഉദ്യോഗസ്ഥയെ പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊന്നു. കാർണാടക യാദ്ഗിരിയിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. സാമൂഹ്യക്ഷേമവകുപ്പ് ഉദ്യോഗസ്ഥ അഞ്ജലി കമ്പാനൂരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലംഗ സംഘം അഞ്ജലി സഞ്ചരിച്ച കാർ തടഞ്ഞു നിർത്തിയാണ് ആക്രമിച്ചത്.
ഇവരുടെ കൈവശമുണ്ടായിരുന്ന മാരകായുധങ്ങൾ ഉപയോഗിച്ച് കാറിന്റെ ഗ്ലാസ് തകർത്ത ശേഷം വാഹനത്തിനുള്ളിൽ ഇരിക്കുകയായിരുന്ന അഞ്ജലിയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതുരമായി പരിക്കേറ്റ അഞ്ജലിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചയോടെയാണ് അഞ്ജലി മരണത്തിന് കീഴടങ്ങിയത്.
ഷഹബാദ് മുനിസിപ്പൽ കൗൺസിലിന്റെ മുൻ പ്രസിഡന്റാണ് അഞ്ജലി. നേരത്തെ ഇവരുടെ ഭർത്താവ് ഗിരീഷ് കമ്പാനൂരിനെയും ഇതേ അക്രമികളാണ് കൊലപ്പെടുത്തിയത്. അന്ന് യാദ്ഗിരി റെയിൽവേ സ്റ്റേഷന് സമീപം നെഞ്ചിൽ കത്തി കുത്തിയിറക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അതിനു മുമ്പ് ഗിരീഷിന്റെ സഹോദരനെയും ഇതേ അക്രമി സംഘം കൊലപ്പെടുത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട സംഭവങ്ങൾ തന്നെയാണ് ഇപ്പോഴത്തെ ആക്രമണത്തിലും കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
അക്രമിസംഘത്തെ നിയോഗിച്ച ശങ്കർ എന്നയാളെ കഴിഞ്ഞ മാസം ഒരു ക്വട്ടേഷൻ സംഘം ആളുകൾ ആക്രമിച്ചിരുന്നു. ഇതിന് പിന്നിൽ അഞ്ജലിയാണെന്ന് ധരിച്ചാണ് കൊല നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. കൊലപാതകം ആസൂത്രണം ചെയ്ത വിജയ്, ശങ്കർ എന്നിവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |