
മുംബയ്: മഹാരാഷ്ട്ര ദളിത് മഹാസംഘ് പ്രസിഡന്റിനെ കുത്തിക്കൊന്നു. ഉത്തം മോഹിതെ (38) എന്നയാളിനെയാണ് ജന്മദിനാഘോഷത്തിനിടെ കുത്തി കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലാണ് സംഭവം. വ്യക്തിപരമായ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.
ചൊവ്വാഴ്ച അർദ്ധരാത്രി ജന്മദിനം ആഘോഷിക്കുന്നതിനിടെയായിരുന്നു സംഭവം. ആഘോഷം കഴിഞ്ഞ് അതിഥികൾ പോയ തക്കത്തിന് കത്തിയും ഇരുമ്പ് വടികളുമായി എത്തിയ എട്ടംഗ സംഘം മോഹിതെയുമായി തർക്കിക്കുകയും അസഭ്യം പറയുകയും ചെയ്തു. ജീവന് ഭീഷണിയുണ്ടെന്ന് മനസിലാക്കിയ മോഹിതെ വീടിനകത്തേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ സംഘം വയറ്റിലും നെഞ്ചിലും നിരവധി തവണ കുത്തി പരിക്കേൽപ്പിച്ചു. തലയിലും കൈയിലും ഇരുമ്പ് വടി കൊണ്ട് അടിക്കുകയും ചെയ്തു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അതേസമയം, അക്രമികളിൽ ഒരാളായ ഷാരൂഖ് റഫീഖ് ഷെയ്ഖിനെ (26) സംഭവസ്ഥലത്ത് വച്ച് ആൾക്കൂട്ടം അടിച്ചു കൊന്നു. ഗുരുതരമായി പരിക്കേറ്റ ഷാരൂഖിനെ അക്രമികൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാളും മരിക്കുകയായിരുന്നു.
ജന്മദിനാഘോഷത്തിനിടെ മോഹിതെയും പ്രതികളിൽ ഒരാളായ ഗണേഷ് മോറെയും തമ്മിൽ ഉണ്ടായ നിസാര വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ആഘോഷം നിർത്തി പോകുന്നതിന് മുൻപ് വെറുതെ വിടില്ലെന്ന് മോറെ ഭീഷണിപ്പെടുത്തിയതായും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മരിച്ച ഉത്തം മോഹിതെയുടെ ഭാര്യ ജ്യോതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എട്ട് പേർക്കെതിരെയും കൊലപാതക കുറ്റത്തിന് പൊലീസ് കേസെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |