നോർക്ക റൂട്ട്സ് വഴി സംസ്ഥാന സർക്കാർ പ്രവാസികൾക്കായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷ്വറൻസ് പദ്ധതിയായ 'നോർക്ക കെയർ" കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുകയുണ്ടായി. കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായി നിലകൊള്ളുന്നവരാണ് പ്രവാസി സമൂഹം. വിദേശ രാജ്യങ്ങളിൽനിന്ന് അവർ നാട്ടിലേക്ക് അയയ്ക്കുന്ന പണം കേരളത്തിന്റെ സാമ്പത്തിക പുരോഗതിയിൽ എത്രമാത്രം ഗുണകരമായി മാറിയിട്ടുണ്ടെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. രാജ്യത്ത് ആദ്യമായാണ് പ്രവാസികൾക്കു മാത്രമായി സമ്പൂർണ ആരോഗ്യ സുരക്ഷാ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. പ്രീമിയം നിരക്ക് കുറവായ ഈ പദ്ധതിയിലൂടെ സംസ്ഥാനത്തെ 500 ആശുപത്രികളിലടക്കം രാജ്യത്തെ 16,000 ചികിത്സാകേന്ദ്രങ്ങളിൽ ക്യാഷ്‌ലെസ് ചികിത്സ ലഭിക്കും. വരും വർഷങ്ങളിൽ ജി.സി.സി രാജ്യങ്ങളിലെ ആശുപത്രികളിൽക്കൂടി ചികിത്സാസൗകര്യം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കായി നേരത്തേ 25 കോടി രൂപ അനുവദിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 150 കോടി രൂപയാണ് ചെലവഴിക്കുന്നതെന്ന വസ്തുതയും മുഖ്യമന്ത്രി പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. 'നോർക്ക കെയറി"ലൂടെ അഞ്ചുലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷ്വറൻസാണ് ലഭ്യമാവുക. പതിനെട്ട് വയസു മുതൽ 70 വയസു വരെയുള്ളവർക്ക് പദ്ധതിയിൽ ചേരാൻ ഒരേ തുക മതി. മെഡിക്കൽ ചെക്കപ്പുകളോ മെഡിക്കൽ ഡിക്ളറേഷനോ ആവശ്യമില്ല. 25 വയസു വരെയുള്ള കുട്ടികൾക്കാകട്ടെ, ഫാമിലി ഗ്രൂപ്പിൽ തുടരാം. തിരികെ നാട്ടിലെത്തുന്നവർക്ക് പോളിസി ആനുകൂല്യങ്ങൾ പോർട്ടബിലിറ്റി മുഖേന തുടരാനും സൗകര്യമുണ്ട്. 70 വയസിനുശേഷം പോർട്ടബിലിറ്റി മുഖേന മെഡിക്കൽ ചെക്കപ്പ് കൂടാതെ പോളിസി പുതുക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. നോർക്ക വെബ്സൈറ്റ് മുഖേനയും, നോർക്ക ഐ.ഡി ഉപയോഗിച്ചും പദ്ധതിയിൽ ചേരാനാകും.
മലയാളികൾക്ക് കേരളത്തിനു പുറത്ത് താമസിക്കുന്നുവെന്ന് തെളിയിക്കുന്നതിന് ആവശ്യമുള്ള രേഖകൾ സമർപ്പിച്ചാൽ എൻ.ആർ.കെ കാർഡ് ലഭിക്കും. നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അസോസിയേഷനുകൾക്ക് ബൾക്ക് എൻറോൾമെന്റ് വഴി പദ്ധതിയിൽ അംഗങ്ങളെ ചേർക്കാവുന്നതാണ്. അങ്ങനെ തികച്ചും ആകർഷകമായ പദ്ധതിയാണ് 'നോർക്ക കെയർ." വിപുലമായ ഈ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നോർക്ക വകുപ്പിനെയും നോർക്ക റൂട്ട്സിന്റെ സംഘാടകരെയും, വിശിഷ്യാ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണനെയും അഭിനന്ദിക്കാൻ ഈ അവസരം വിനിയോഗിക്കുന്നു. നോർക്ക റൂട്ട്സ് പല ഘട്ടങ്ങളിലും; പ്രത്യേകിച്ച് വിദേശ മലയാളികൾ പ്രതിസന്ധി നേരിടുന്ന ആപത്ഘട്ടങ്ങളിലടക്കം സഹായഹസ്തം നീട്ടാറുണ്ട്. മലയാളികൾ കേരളത്തിനു പുറത്ത് അപകടങ്ങളിൽപ്പെട്ടാലും കൃത്യമായ വിവരങ്ങൾ ശേഖരിക്കാനും നാട്ടിലെത്തിക്കാനുമൊക്കെ നടപടികൾ സ്വീകരിക്കാറുമുണ്ട്.
മുഖ്യമന്ത്രി പറഞ്ഞതുപോലെ പ്രവാസി സമൂഹത്തെ ചേർത്തുപിടിക്കാൻ വഴിതെളിക്കുന്നതാണ് ആരോഗ്യസംരക്ഷണത്തിന് കരുതൽ പകരുന്ന ഈ സുരക്ഷാ പദ്ധതി. അതേസമയം, നാട്ടിൽ നേരത്തേ മടങ്ങിയെത്തിയവരെക്കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. പോളിസി എടുത്തശേഷം തിരികെ നാട്ടിലെത്തുന്നവർക്ക് അത് തുടരാൻ അവസരമുണ്ട്. അതേസമയം, ഇതിനകം തിരികെയെത്തിയ, വർഷങ്ങളോളം ഇതിനായി ആവശ്യമുന്നയിച്ച വലിയൊരു വിഭാഗത്തിന് പദ്ധതിയിൽ ചേരാനാകുന്നില്ല. തിരികെയെത്തിയ ഇരുപത് ലക്ഷത്തിലധികം വരുന്ന പ്രവാസികളിൽ പകുതിയിലേറെയും അറുപതു വയസ് പിന്നിട്ടവരാണ്. മുൻ പ്രവാസികൾക്കു കൂടി രജിസ്ട്രേഷനും ആരോഗ്യ പരിരക്ഷയും ഏർപ്പെടുത്തുന്ന കാര്യവും നോർക്ക റൂട്ട്സ് പരിഗണിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |