മാതാപിതാക്കൾക്ക് സ്വാഭാവികമായും കുട്ടികളെ സംബന്ധിച്ച് വലിയ പ്രതീക്ഷകളാവും ഉണ്ടാവുക. അതൊരു കുറ്റമല്ല. എന്നാൽ തങ്ങളുടെ പൂർത്തീകരിക്കാനാവാത്ത അഭിലാഷങ്ങൾ ഏതു വിധേനയും മക്കളിലൂടെ നേടിയെടുക്കാനുള്ള പ്രവണത സമൂഹത്തെ പൊതുവെ ഗ്രസിച്ചിരിക്കുന്ന ഒരു രോഗമായി മാറിയിട്ടുണ്ടെന്നു തന്നെ പറയാം. ഇത് തെളിയിക്കുന്ന സ്ഥിതിവിവര കണക്കുകൾ ഇതുവരെ ശേഖരിക്കപ്പെട്ടിട്ടില്ലെങ്കിലും മക്കളെ ഡോക്ടറും എൻജിനിയറും ആക്കാൻ ഏതു വഴിയിലൂടെയും പായുന്നവരുടെ എണ്ണം കൂടിവരുന്നത് നിരുത്സാഹപ്പെടുത്തേണ്ട ഒരു കാര്യം തന്നെയാണ്. പഴയ കാലത്ത് ഡോക്ടർമാരുടെ മക്കളാണ് ഭൂരിപക്ഷവും ഡോക്ടർമാരായി മാറുക. ഇന്നാകട്ടെ ഡോക്ടർമാരുടെ മക്കളിൽ വളരെ കുറച്ചുപേർ മാത്രമാണ് വൈദ്യരംഗം തിരഞ്ഞെടുക്കുന്നത്.
മാതാപിതാക്കളുടെ സമ്മർദ്ദവും സമയക്കുറവും ജീവിതത്തെ പല രീതിയിലും സാരമായി ബാധിക്കുന്നത് കണ്ടു വളരുന്ന അവർ ആ പ്രൊഫഷനിൽ നിന്ന് അകന്നുനിൽക്കാൻ ശ്രമിച്ചാൽ അവരെ കുറ്റം പറയാനാകില്ല. ഡോക്ടർമാർക്ക് സമൂഹം ഇന്നും നല്ല വിലയും സ്ഥാനവും നൽകുന്നുണ്ട്. എങ്കിലും അതാകാൻ ഇഷ്ടമില്ലാത്ത വിദ്യാർത്ഥിയെയും അതാക്കി മാറ്റാൻ മാതാപിതാക്കൾ സമ്മർദ്ദം ചെലുത്തുന്നത് ആ പ്രൊഫഷന്റെ തന്നെ വിലയിടിയാൻ കാരണമാകും. ഇന്നത്തെ കാലത്ത് അഞ്ചുവർഷത്തെ എം.ബി.ബി.എസ് പഠനം മാത്രം പോരാ, ഒരു നല്ല ഡോക്ടറായി മാറാൻ. പിന്നീട് കുറഞ്ഞപക്ഷം മൂന്നു വർഷത്തെ എം.ഡി പഠനവും സീനിയർ റസിഡൻസിയുമൊക്കെ മികച്ച ശമ്പളം ലഭിക്കാൻ അനിവാര്യമാണ്.
ഇനി അതു കഴിഞ്ഞ് മൂന്നുവർഷമെങ്കിലും ഏറ്റവും കുറഞ്ഞത് നീണ്ടുനിൽക്കുന്ന ഡി.എം പഠനം കഴിഞ്ഞാലേ സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടറായി മാറുന്നുള്ളൂ. അപ്പോഴേക്കും ഒരു വിദ്യാർത്ഥിയുടെ പ്രായം മുപ്പത്തിയഞ്ച് വയസെങ്കിലും ആയിരിക്കും. അപ്പോഴേക്കും തന്റെ കൂടെ പഠിച്ച, മറ്റ് പ്രൊഫഷനുകളിലേക്ക് തിരിഞ്ഞ സഹപാഠികൾ കുടുംബ ജീവിതത്തിന്റെ പ്രാരംഭദശ പിന്നിട്ടിരിക്കും. ഇനി മെരിറ്റിലല്ല, സ്വകാര്യ മേഖലയിലെ ഫീസ് നൽകിയാണ് ഒരു മെഡിക്കൽ വിദ്യാർത്ഥി എം.ഡി വരെയുള്ള ദൂരം പിന്നിടുന്നതെങ്കിൽ അതിന് ചെലവാകുന്നത് കോടികൾ ആയിരിക്കും. അതനുസരിച്ചുള്ള പ്രതിഫലം തുടർന്നങ്ങോട്ട് ഇപ്പോൾ ലഭിക്കുന്നുമില്ല. ദൈവതുല്യമായ പ്രൊഫഷനാണ് ചികിത്സാരംഗമെങ്കിൽ അതിൽ ആഭിമുഖ്യമുള്ളവർ മാത്രം ആതുരസേവന രംഗത്തേക്ക് കടന്നുവരുന്നതാണ് ഉത്തമം.
ഈ പശ്ചാത്തലത്തിലാണ്, ഡോക്ടറാകാൻ ഇഷ്ടമില്ലെന്നും സമ്മർദ്ദം താങ്ങാനാവുന്നില്ലെന്നും എഴുതിവച്ച് നീറ്റ് പരീക്ഷയിലെ ഉന്നത റാങ്കുകാരൻ ജീവനൊടുക്കിയ സംഭവം രാജ്യത്തിന് ഞെട്ടലായി മാറുന്നത്. നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയ മഹാരാഷ്ട്ര സ്വദേശി അനുരാഗ് എന്ന പത്തൊൻപതുകാരനാണ് ജീവനൊടുക്കിയത്. അഞ്ചുവർഷം എം.ബി.ബി.എസ് പഠിച്ച്, അതിനു ശേഷം എം.ഡിയും ചെയ്ത് ഡോക്ടറാകാൻ വയ്യ. ബിസിനസ് ചെയ്താൽ അതിൽ കൂടുതൽ സമ്പാദിക്കാനാവും. സമ്മർദ്ദം താങ്ങാനാവാത്തതിനാൽ ആത്മഹത്യ ചെയ്യുന്നു എന്നാണ് കുറിപ്പെഴുതി വച്ചിരിക്കുന്നത്. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെങ്കിലും മക്കളെ ഡോക്ടറാക്കാൻ അനാവശ്യ സമ്മർദ്ദം അവരുടെ മേൽ ചെലുത്തുന്ന മാതാപിതാക്കൾക്ക് കണ്ണു തുറക്കാൻ അനുരാഗിന്റെ വിയോഗം ഒരു പാഠമായി മാറേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |