ട്വന്റി- 20 ഫോർമാറ്റിലെ ലോക ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിന് ഏഷ്യാ വൻകരയുടെയും ക്രിക്കറ്റ് കിരീടം! ഞായറാഴ്ച രാത്രി ദുബായിൽ നടന്ന ഫൈനലിൽ പാകിസ്ഥാനെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് ഏഷ്യാ കപ്പിൽ ഇന്ത്യ ജേതാക്കളായത്. ഈ ടൂർണമെന്റിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ മൂന്നാം വിജയമായിരുന്നു ഇത്. ഒൻപതാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പ് ജേതാക്കളാകുന്നത്. കഴിഞ്ഞ ടൂർണമെന്റിലും ഇന്ത്യയായിരുന്നു ജേതാക്കൾ. ഏറ്റവും കൂടുതൽ തവണ ഏഷ്യാകപ്പ് സ്വന്തമാക്കിയ ടീമും ഇന്ത്യ തന്നെ. ഒറ്റക്കളിപോലും തോൽക്കാതെയാണ് ചാമ്പ്യന്മാരായതെന്നത് സൂര്യകുമാർ യാദവിന്റെയും സംഘത്തിന്റെയും കരുത്തിന് ദൃഷ്ടാന്തമാണ്.
ഗ്രൂപ്പ് റൗണ്ടിൽ യു.എ.ഇ, പാകിസ്ഥാൻ, ഒമാൻ എന്നിവർക്കെതിരെ വിജയം നേടിയ ഇന്ത്യ സൂപ്പർ ഫോറിൽ വീണ്ടും പാകിസ്ഥാനെ തോൽപ്പിച്ചു. ബംഗ്ളാദേശ്, ശ്രീലങ്ക എന്നിവരെയും കീഴടക്കി പാകിസ്ഥാനുമായുള്ള ഫൈനലിലേക്കെത്തി. ആദ്യമായാണ് ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മത്സരം വന്നത്. ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി പാകിസ്ഥാൻ കുറച്ചുകൂടി മെച്ചപ്പെട്ട കളി പുറത്തെടുത്തതോടെ ഫൈനൽ ആവേശജനകമായി. എന്നാൽ ഇന്ത്യയുടെ ആഴമേറിയ ബാറ്റിംഗ് നിരയേയും തന്ത്രശാലികൾ നിറഞ്ഞ ബൗളിംഗ് നിരയേയും മറികടക്കാൻ ആ കളിയൊന്നും പാകിസ്ഥാന് മതിയായിരുന്നില്ല. ബാറ്റിംഗിലും ബൗളിംഗിലും നല്ല തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. ടോസ് നഷ്ടപ്പെട്ടിറങ്ങിയ പാക് ബാറ്റർമാർ ഓപ്പണിംഗിൽ 9.4 ഓവറിൽ കൂട്ടിച്ചേർത്തത് 84 റൺസാണ്!
എന്നാൽ, പിന്നീട് ഇന്ത്യൻ സ്പിന്നർമാർ വിരിച്ച വലയിൽ അടിതെറ്റി വീണതോടെ 19.1 ഓവറിൽ 146 റൺസിന് ആൾഔട്ട് ആകേണ്ടിവന്നു. നാലു വിക്കറ്റ് വീഴ്‌ത്തിയ കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ വരുൺ ചക്രവർത്തിയും അക്ഷർ പട്ടേലും ജസ്‌പ്രീത് ബുംറയും ചേർന്നാണ് പാകിസ്ഥാനെ ഒതുക്കിയത്. മറുപടിക്കിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. നാല് ഓവറിൽ 20 റൺസിലെത്തിയപ്പോഴേക്കും അഭിഷേക് ശർമ്മ (5), സൂര്യകുമാർ (1), ശുഭ്മാൻ ഗിൽ (12) എന്നിവർ കൂടാരം കയറി . ഈ സ്ഥിതിയിൽ നിന്ന് വിജയത്തിലേക്ക് എത്തിച്ചത് തിലക് വർമ്മ (53 പന്തുകളിൽ പുറത്താകാതെ 69 റൺസ്), സഞ്ജു സാംസൺ (24), ശിവം ദുബെ (33) എന്നിവർ നടത്തിയ പോരാട്ടമാണ്. തിലകും സഞ്ജുവും ചേർന്ന് ക്ഷമയോടെ കൂട്ടിച്ചേർത്ത 57 റൺസ് കരുത്തായി. സഞ്ജു മടങ്ങിയ ശേഷമെത്തിയ ദുബെയുടെ ഇന്നിംഗ്സ് മത്സരത്തിന്റെ ഗതി നിർണയിച്ചു.
ഫൈനലിൽ ഒഴികെ മിന്നുന്ന പ്രകടനം കാഴ്ചവച്ച ശിവം ദുബെയും, ഫൈനലിൽ വിജയതിലകം ചാർത്താൻ മുന്നിട്ടിറങ്ങിയ തിലക് വർമ്മയും, ഏത് പൊസിഷനിലായാലും ടീമിനുവേണ്ടി കളിക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിക്കുന്ന ഇന്നിംഗ്സുകൾ പുറത്തെടുത്ത സഞ്ജു സാംസണും, ടൂർണമെന്റിൽ ഉടനീളം മികച്ച ബൗളിംഗ് കാഴ്ചവച്ച കുൽദീപ് യാദവും, ആൾറൗണ്ട് മികവിലൂടെ വിലയറിയിച്ച അക്ഷർ പട്ടേലും, ശിവം ദുബെയും, ഹാർദിക് പാണ്ഡ്യയും, സ്ഥൈര്യത്തോടെ ടീമിനെ നയിച്ച സൂര്യകുമാർ യാദവും ഉൾപ്പടെ മുഴുവൻ ഇന്ത്യൻ താരങ്ങളും ഈ വിജയത്തിൽ അഭിനന്ദനം അർഹിക്കുന്നു. ഏറ്റവും കൗതുകകരം ഫൈനൽ വരെയുള്ള മത്സരങ്ങളിലെല്ലാം പുറത്തിരിക്കുകയും കളിക്കാൻ അവസരം കിട്ടിയ ഏക മത്സരത്തിൽ നേരിട്ട ആദ്യ പന്തുതന്നെ വിജയറൺ ആക്കിമാറ്റുകയും ചെയ്ത റിങ്കു സിംഗിന്റെ ഭാഗ്യമാണ്. ഇന്ത്യയ്ക്കെതിരെ കടുത്ത പ്രസ്താവനകൾ നടത്തിയിട്ടുള്ള പാകിസ്ഥാൻ മന്ത്രികൂടിയായ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാനിൽ നിന്ന് ഒഴികെ ആരിൽനിന്നും ട്രോഫി സ്വീകരിക്കാമെന്ന് ഇന്ത്യൻ ടീം മാനേജ്മെന്റ് അറിയിച്ചെങ്കിലും, അതിന് വഴങ്ങാതിരുന്ന എ.സി.സി സമാപനച്ചടങ്ങിന്റെ ശോഭ കെടുത്തിക്കളഞ്ഞു. കളിക്കളത്തിൽ രാഷ്ട്രീയം കലർത്തുന്നത് ആശാസ്യമായ പ്രവണതയല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |