ഓരോ രാജ്യവും അവരുടെ ജനങ്ങളുടെ താത്‌പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നത്. 'അമേരിക്ക ഫസ്റ്റ്" എന്ന മുദ്രാവാക്യവുമായി ഇക്കാര്യത്തിൽ ഏറ്റവും മുന്നിലാണ് അമേരിക്ക. ലോക രാജ്യങ്ങളെല്ലാം തങ്ങളെ അനുസരിച്ചുകൊള്ളണം എന്നൊരു നിർബന്ധവും കാലാകാലങ്ങളായി അമേരിക്ക പുലർത്തിവരാറുണ്ട്. അമേരിക്കയിൽ നിന്ന് വൻതോതിൽ സഹായധനം കൈപ്പറ്റുന്ന രാജ്യങ്ങൾ അമേരിക്കയെ അനുസരിക്കുന്നത് അവരുടെ പണത്തിന്റെ ബലത്തിലാണ്. അമേരിക്കയെ അനുസരിക്കുന്നു എന്ന പേരിൽ ദീർഘകാലമായി അവരെ പറ്റിക്കുകയാണ് പാകിസ്ഥാൻ ചെയ്യുന്നതെന്ന് യു.എസ് സർക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ തന്നെ അടുത്തകാലത്ത് അഭിപ്രായപ്പെട്ടിരുന്നു. ചൈനയോട് കൂറു പുലർത്തുകയും, അമേരിക്കയിൽ നിന്ന് ഇന്ത്യയുടെ ഭീഷണിയുടെ പേരു പറഞ്ഞ് ധനസഹായം പറ്റുകയും ചെയ്യുക എന്നതാണ് പാകിസ്ഥാൻ പുലർത്തിവരുന്ന രീതി.
എന്നാൽ, വിദേശ നയത്തിൽ ഇന്ത്യ ഇത്തരം കാപട്യങ്ങൾ അനുവർത്തിക്കുന്ന ഒരു രാജ്യമല്ല. പഴയ കാലത്തെ സാമ്പത്തിക സ്ഥിതിയിൽ നിന്ന് ഇന്ത്യ ഏറെ മുന്നോട്ടു പോയിരിക്കുന്നു. ചൈനയും പാകിസ്ഥാനും ഒഴികെയുള്ള മറ്റ് ലോക രാജ്യങ്ങളുമായി നല്ല ബന്ധമാണ് ഇന്ത്യ പുലർത്തിവരുന്നത്. ഇതിൽ റഷ്യയുമായുള്ള ബന്ധത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. റഷ്യയും ഇന്ത്യയും തമ്മിൽ അഭിപ്രായഭിന്നത രൂപപ്പെട്ട ഒരു ഘട്ടം പോലും വർഷങ്ങളായി ഉണ്ടായിട്ടില്ല. അമേരിക്കയിൽ ട്രംപ് രണ്ടാംവട്ടം അധികാരത്തിൽ വന്നതിനു ശേഷം തീരുവയുദ്ധം കാരണം ഇന്ത്യയുമായുള്ള ബന്ധത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന പ്രശ്നങ്ങൾ ഉണ്ടായാൽ അതിൽ പ്രതികരിക്കുന്നതിന് ഇന്ത്യ അമേരിക്കയുടെ ഉൾപ്പെടെ ഒരു രാജ്യത്തിന്റെയും അനുവാദം ചോദിക്കാറില്ല. പഹൽഗാം സംഭവത്തിലെ തിരിച്ചടി തന്നെ ഏറ്റവും വലിയ ഉദാഹരണം.
അതേസമയം, ആണവ യുദ്ധത്തിലേക്ക് വഴുതിവീഴാമായിരുന്ന ഇന്ത്യ - പാക് ഏറ്റുമുട്ടൽ താൻ ഇടപെട്ടാണ് അവസാനിപ്പിച്ചതെന്ന അവകാശവാദം ട്രംപ് ഒന്നിലേറെ തവണ ഉയർത്തിയിരുന്നു. എന്നാൽ അത് ശരിയല്ലെന്ന് ഇന്ത്യ കാര്യകാരണ സഹിതം വ്യക്തമാക്കുകയും ചെയ്തു. ഇത്തരം വ്യാജ പ്രസ്താവനകൾ പല രാജ്യങ്ങളുമായും ബന്ധപ്പെട്ട് നടത്തുന്ന നേതാവാണ് ട്രംപ് എന്നത് ലോകത്തിന് ബോദ്ധ്യമായിട്ടുള്ള സംഗതിയാണ്. ഏറ്റവും ഒടുവിൽ ഇന്ത്യയുമായി ബന്ധപ്പെട്ട് മറ്റൊരു വ്യാജ പ്രസ്താവന കൂടി ട്രംപ് നടത്തിയിരിക്കുകയാണ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിറുത്തുമെന്ന് പ്രധാനമന്ത്രി മോദി ഉറപ്പുനൽകിയെന്നാണ് ട്രംപിന്റെ അവകാശവാദം. ഇതിനു പിന്നാലെ, ഇന്ത്യയുടെ ഊർജ്ജ തീരുമാനങ്ങൾ ഉപഭോക്താവിന്റെ താത്‌പര്യങ്ങളെ മുൻനിറുത്തിയാണ് എടുക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി.
യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും റഷ്യയ്ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയും ഇതിന്റെ ഭാഗമാകണമെന്നും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിറുത്തണമെന്നും ആവശ്യപ്പെട്ട് അമേരിക്ക സമീപ മാസങ്ങളിൽ ഇന്ത്യയ്ക്കു മേൽ സമ്മർദ്ദം ചെലുത്തിവരികയായിരുന്നു. ഇതുകൊണ്ട് ഫലമില്ലെന്നു കണ്ടതിനാലായിരിക്കാം, റഷ്യയെ തെറ്റിദ്ധരിപ്പിക്കുന്നതിന്റെ ഭാഗമായി ട്രംപ് പുതിയ അവകാശവാദവുമായി വന്നിരിക്കുന്നത്. മോദി അങ്ങനെ ഒരു ഉറപ്പും ട്രംപിന് നൽകിയിട്ടില്ല എന്ന് വ്യക്തമാക്കിയതിനൊപ്പം, എണ്ണ ഇറക്കുമതിയിൽ തത്‌കാലം ഒരു മാറ്റവുമില്ലെന്ന് ഇന്ത്യ അസന്ദിഗ്ദ്ധമായി വെളിപ്പെടുത്തിയിരിക്കുകയാണ്. ഒക്ടോബറിൽ റഷ്യയിൽ നിന്നുള്ള ഇറക്കുമതി കഴിഞ്ഞ മാസത്തേക്കാൾ കൂടുതലായിരിക്കുമെന്ന കണക്കുകളും പുറത്തുവിട്ടു. വൈറ്റ് ഹൗസിലിരുന്ന് കൂടെക്കൂടെ ഇന്ത്യയുമായി ബന്ധപ്പെട്ട വ്യാജ പ്രസ്താവനകളും മറ്റും ഇറക്കുന്നത് ട്രംപിന്റെ ബിസിനസ് തന്ത്രത്തിന്റെ ഭാഗമാണെന്നു വേണം അനുമാനിക്കാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |