
മനാമ: ഇറാനും യുഎസ്-ഇസ്രയേൽ സഖ്യവും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക് കടക്കുന്നു. ഇറാനിലെയും ബഹ്‌റൈനിലെയും സമുദ്രജല ശുദ്ധീകരണ ശാലകൾക്ക് നേരെ ആക്രമണം നടന്നു. ഇതോടെ മനുഷ്യന്റെ ഏറ്റവും വലിയ അടിസ്ഥാന ആവശ്യമായ വെള്ളവും സംഘർഷത്തിന്റെ ഭാഗമാക്കുകയാണ് രാജ്യങ്ങൾ. ഖേഷം ദ്വീപിലെ ഇറാന്റെ സമുദ്രജല ശുദ്ധീകരണശാല ആക്രമിച്ച് യുഎസാണ് ഇതിന് തുടക്കമിട്ടത്. പിന്നാലെ ബഹ്‌റൈനിലെ സമുദ്രജല ശുദ്ധീകരണശാല ഇറാനും ആക്രമിച്ചു.
തെക്കൻ ഇറാനിലെ സമുദ്രജല ശുദ്ധീകരണശാല അമേരിക്ക തകർത്തുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഗ്ചി ആരോപിച്ചു. ഇതോടെ സമീപത്തെ ഒട്ടേറെ ഗ്രാമങ്ങളിലേക്കുള്ള ജലവിതരണം തടസപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ ക്ഷമാപണത്തിന് ശേഷവും ഗൾഫ് രാജ്യങ്ങൾക്ക് നേരെ ശക്തമായ ആക്രമണം തുടരുകയാണ് ഇറാൻ. ഗൾഫ് രാജ്യങ്ങളെ ആക്രമിക്കില്ലെന്നും അവിടെ നിന്ന് ഇറാന് നേരെ ആക്രമണമുണ്ടായാൽ മാത്രമേ തിരിച്ചടിക്കൂവെന്നും പെസഷ്‌കിയാൻ പറഞ്ഞിരുന്നു. എന്നാൽ സൈന്യവും ചീഫ് ജസ്റ്റിസ് ഗോലാം ഹുസൈൻ മൊഹ്‌സെനി എജെയ്യും പെസഷ്‌കിയാന്റെ പ്രസ്താവന തള്ളി.
സൗദി അറേബ്യയിലെ അൽ ഖാർജിൽ ജനവാസ മേഖലയിലുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരനും ബംഗ്ലാദേശ് പൗരനും കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കുണ്ട്. യു.എ.ഇയിൽ മരിച്ചവർ നാലായി. ശനിയാഴ്ച ദുബായിൽ വ്യോമപ്രതിരോധ സംവിധാനം വെടിവച്ചിട്ട ഡ്രോൺ അവശിഷ്ടം പതിച്ച് പാകിസ്ഥാൻ പൗരൻ മരിച്ചിരുന്നു. കുവൈറ്റിൽ ഇന്നലെ അതിർത്തി സുരക്ഷാ സേനയിലെ രണ്ടുപേർ കൊല്ലപ്പെട്ടു.
കുവൈറ്റ് വിമാനത്താവളത്തിലും ആക്രമണമുണ്ടായി. സൗദിയിലെ റിയാദിൽ വിദേശ എംബസികൾ സ്ഥിതി ചെയ്യുന്ന മേഖലയിലേക്കു വന്ന ഡ്രോണിനെയും വ്യോമാതിർത്തി ലംഘിച്ച മറ്റ് 15 ഡ്രോണുകളെയും തകർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |