SignIn
Kerala Kaumudi Online
Monday, 20 October 2025 12.34 AM IST

വിദ്യാഭ്യാസ വകുപ്പിന്റെ ഉചിതമായ തീരുമാനം

Increase Font Size Decrease Font Size Print Page
school-

2023, 24 വർഷങ്ങളിൽ തസ്തിക നഷ്ടമായ കായികാദ്ധ്യാപകരെക്കൂടി ഉൾപ്പെടുത്തി കായികാദ്ധ്യാപക സംരക്ഷണ ഉത്തരവ് പുനഃസ്ഥാപിച്ചതിലൂടെ വിദ്യാഭ്യാസവകുപ്പ് തങ്ങൾക്ക് സംഭവിച്ച പിഴവ് തിരുത്തിയിരിക്കുകയാണ്. തസ്തിക നഷ്ടത്തെ തുടർന്ന് പുറത്തായ കായികാദ്ധ്യാപകർക്കായി നടപ്പാക്കിയ 1: 300 സംരക്ഷണ ഉത്തരവിന് മുൻകാല പ്രാബല്യം നൽകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ഒക്ടോബർ എട്ടിന് കേരള കൗമുദി എഡിറ്റോറിയലും വാർത്തയും പ്രസിദ്ധീകരിച്ചിരുന്നു. ഇത് തിരിച്ചറിഞ്ഞ് തീരുമാനമെടുത്ത വിദ്യാഭ്യാസവകുപ്പ് മന്ത്രിക്കും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കും അനുമോദനങ്ങൾ. യു.പി സ്കൂളുകളിൽ 500 കുട്ടികളുണ്ടെങ്കിലേ മുൻകാലങ്ങളിൽ കായികാദ്ധ്യാപക തസ്തിക അനുവദിച്ചിരുന്നുള്ളൂ. 2017ൽ സി. രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ കായികാദ്ധ്യാപക സമരത്തെത്തുടർന്ന് യു.പിയിൽ 1:300 ആക്കി കായികാദ്ധ്യാപകരെ സംരക്ഷിക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ 2023-ൽ ഈ ഉത്തരവ് സർക്കാർ റദ്ദ് ചെയ്തതോടെ പൊതുവിദ്യാലയങ്ങളിലെ പതിനഞ്ചിലേറെ കായികാദ്ധ്യാപകർ സർവീസിൽ നിന്ന് പുറത്തായി. സംയുക്ത കായികദ്ധ്യാപക സംഘടന മന്ത്രി വി. ശിവൻകുട്ടിക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് കഴിഞ്ഞമാസം അനുപാതം വീണ്ടും 1:300 ആക്കി ഉത്തരവിറക്കിയത്. എന്നാൽ 2025–26 അദ്ധ്യയന വർഷത്തെ തസ്തിക നിർണയത്തിന് മാത്രം ബാധകമെന്നാണ് ഉത്തരവിലുണ്ടായിരുന്നത്. ഇതോടെ പുറത്താക്കപ്പെട്ടവരിൽ സിംഹഭാഗത്തിനും സർവീസിൽ തിരിച്ചെത്താനായില്ല.

പുതിയ ഉത്തരവോടെ 23-24, 24-25 വർഷങ്ങളിൽ തസ്തിക നഷ്ടമായവർക്കും ആശ്വാസമായി. ഉത്തരവിന് മുൻകാല പ്രാബല്യം വേണമെന്നാവശ്യപ്പെട്ട് കായികാദ്ധ്യാപകർ സബ്‌ജില്ലാതലം മുതലുള്ള സ്കൂൾ കായികമേളകൾ ബഹിഷ്കരിച്ച് വരികയായിരുന്നു. പലഉപജില്ലാ കായികമേളകളിലും ജില്ലാ കായികമേളകളിലും സംഘാടനത്തിന് കായികരംഗവുമായി ബന്ധമില്ലാത്ത അദ്ധ്യാപകരെ നിയോഗിക്കേണ്ടി വന്നത് വ്യാപക പരാതികൾക്കിടയാക്കിയിരുന്നു. അടുത്തയാഴ്ച തലസ്ഥാന നഗരിയിൽ തുടങ്ങാനിരിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയെക്കൂടി കായികാദ്ധ്യാപകരുടെ നിസഹകരണം ബാധിക്കാതിരിക്കാൻ സർക്കാരിന്റെ പുതിയ തീരുമാനം വഴിയൊരുക്കും. അലങ്കോലപ്പെടുവാനോ പ്രതിഷേധവേദികളാകാനോ ഉള്ളതല്ല കായികമത്സര വേദികൾ.

സമൂഹത്തിൽ കായിക വിദ്യാഭ്യാസത്തിന്റെയും കായിക പങ്കാളിത്തത്തിന്റെയും ആവശ്യകത ഏറ്റവും കൂടുതലുള്ള സമയമാണിത്. മയക്കുമരുന്നിന്റെയും മറ്റും ദൂഷിതവലയങ്ങളിൽപ്പെട്ടു പോകുന്ന പുതിയ തലമുറയെ നേർവഴിക്കു കൊണ്ടുവരാനുള്ള ഏറ്റവും നല്ല മാർഗമാണ് സ്പോർട്സ്. കുട്ടികളുടെ എണ്ണം നോക്കാതെ ഓരോ സ്കൂളിലും കായികാദ്ധ്യാപകരെ നിയമിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു. പൊതുവിദ്യാലയങ്ങളിൽ നിലവിൽ എൽ.പി തലത്തിലും ഹയർസെക്കൻഡറി തലത്തിലും കായികാദ്ധ്യാപക പോസ്റ്റുകളില്ല. യു.പിയിലും ഹൈസ്കൂളുകളിലുമാണ് ആകെയുള്ളത്. ഇവർക്ക് എൽ.പി അദ്ധ്യാപകന്റെ ശമ്പളംവാങ്ങി ഹയർസെക്കൻഡറി വരെയുള്ള കുട്ടികളുടെ കായിക പ്രവർത്തനത്തിന്റെയും സ്കൂൾ അച്ചടക്കത്തിന്റേയും ഭാരമേറ്റെടുക്കേണ്ട സ്ഥിതിയാണ്.

ദേശീയ കായികരംഗത്ത് കേരളത്തിന്റെ പാരമ്പര്യവും പ്രൗഢിയുമൊക്കെ പഴങ്കഥയായി മാറുന്ന കാലമാണിത്. അടുത്തിടെ ഒഡിഷയിൽ നടന്ന ദേശീയ ജൂനിയർ അത‌്‌ലറ്റിക് മീറ്റിലുൾപ്പടെ കേരളം പിന്നിലേക്ക് പോയത് കണ്ടില്ലെന്ന് നടിക്കാനാവില്ല. കേരളത്തിന്റെ കായിക മുന്നേറ്റത്തിന്റെ അടിത്തറയാണ് സ്കൂൾ കായികമേളകൾ. പി.ടി. ഉഷയും ഷൈനി വിൽസനും മുതലുള്ള കായിക പ്രതിഭകൾ ഉയർന്നുവന്നത് സ്കൂൾ മീറ്റുകളിലൂടെയാണ്. ഇവരിലെ പ്രതിഭയെ ആദ്യമായി കണ്ടെത്തിയത് സ്കൂൾ തലത്തിലെ കായികാദ്ധ്യാപകരാണ്. എന്നാൽ സ്കൂളുകളിൽ കായികാദ്ധ്യാപകർക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് കണക്കുകൾ പറയുന്നു. സം​സ്ഥാ​ന​ത്ത് ​എ​ൽ.​പി​ ​ത​ലം​ ​മു​ത​ൽ​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​വ​രെ​യു​ള്ള​ 40​ ​ല​ക്ഷ​ത്തോ​ളം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​കാ​യി​ക​ ​വി​ദ്യാ​ഭ്യാ​സ​വും​ ​പ​രി​ശീ​ല​ന​വും​ ​ന​ൽ​കാ​നു​ള്ള​ത് ​വെ​റും​ 1869​ ​കാ​യി​കാ​ദ്ധ്യാപ​ക​രാ​ണ്.​ കുട്ടികളുടെ എണ്ണം കുറയുന്നതോടെ ഓരോവർഷവും കായികാദ്ധ്യാപകരും സർവീസിൽ നിന്ന് പുറത്താക്കപ്പെടുന്ന സ്ഥിതി ഒഴിവാക്കിയില്ലെങ്കിൽ അത് നാടിന്റെ ദുരവസ്ഥയായി മാറും. തിരുവനന്തപുരത്ത് കൊടിയേറുന്ന കായികമേള ഒളിമ്പിക്സ് മാതൃകയിൽ എല്ലാ കായിക ഇനങ്ങളേയും ഒരുമിപ്പിക്കുകയും ഭിന്നശേഷിക്കുട്ടികളെക്കൂടി ചേർത്തുപിടിക്കുകയും ചെയ്ത് ലോകത്തിന് തന്നെ മാതൃകയാകുന്ന രീതിയിൽ സംഘടിപ്പിക്കാൻ വിദ്യാഭ്യാസവകുപ്പിന് കഴിയട്ടെ.

TAGS: SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.