SignIn
Kerala Kaumudi Online
Sunday, 11 January 2026 3.20 AM IST

മൃഗസ്‌നേഹത്തിനിടെ മനുഷ്യരെ മറക്കരുത്

Increase Font Size Decrease Font Size Print Page
s

പൊതു ഇടങ്ങൾ, സർക്കാർ സ്ഥാപന പരിസരം എന്നിവിടങ്ങളിൽ നായ്ക്കളുടെ സ്വൈരവിഹാരം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഓർമ്മിപ്പിക്കുകയുണ്ടായി. പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ കോടതി, തദ്ദേശസ്ഥാപനങ്ങളുടെ അടക്കം വീഴ്ചകളെയും ശക്തമായി വിമർശിച്ചു. 'ഓടിനടന്ന് കടിക്കരുതെന്ന് തെരുവുനായ്ക്കൾക്ക് കൗൺസലിംഗ് നൽകണോ? അതു മാത്രമേ ഇനി ബാക്കിയുള്ളൂ. കടിക്കണമെന്ന മൂഡിലാണ് തെരുവുനായയെന്ന് പൊതുജനം എങ്ങനെ അറിയും?" തെരുവുനായ്ക്കളുടെ വർദ്ധിച്ചുവരുന്ന ഭീഷണിയിൽ കടിയേറ്റു മരിച്ചവരുടെയും ഇരകളായവരുടെയും മനോവികാരം പ്രതിഫലിപ്പിക്കുന്നതാണ് കോടതിയുടെ ഈ പരിഹാസവും രോഷവും. നായപ്രേമികളിൽ ചെറിയൊരു വിഭാഗത്തിന് കോടതിയുടെ അഭിപ്രായത്തോട് വിയോജിപ്പുണ്ടായെന്നു വരാം. പക്ഷെ പൊതുജനങ്ങളിൽ ബഹുഭൂരിപക്ഷത്തിനും ആശ്വാസം തോന്നുകയേ ഉള്ളൂ.

പത്തനംതിട്ടയിൽ നായയുടെ കടിയേറ്റു മരിച്ച അഭിരാമിയുടെ മാതാവ് ആക്രമണകാരികളായ നായ്ക്കളെ കൊല്ലാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. തെരുവ് നായ്ക്കളുടെ ആക്രമണങ്ങളിൽ ജനങ്ങൾ മരിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമുൾപ്പെടെ കടിയേൽക്കുന്നത് പതിവാകുന്നു. അധികാരികളാകട്ടെ എ.ബി.സി ചട്ടങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെടുന്നു. ഇതുകാരണം ജനം കഷ്ടപ്പെടണമെന്നാണോ എന്ന് നായപ്രേമികളുടെ അഭിഭാഷകരുടെ വാദത്തിനിടെ ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് ചോദിക്കുകയുണ്ടായി. ജനങ്ങൾക്ക് ഭീഷണിയാകുന്ന തെരുവുനായ്‌ക്കൾക്കു വേണ്ടി വാദിക്കുന്നവർ പൂച്ചകളെ വളർത്തിയാൽ എലിശല്യം കുറയുമെന്നും സുപ്രീംകോടതി തമാശരൂപേണ പറയുകയുണ്ടായി.

പ്രായഭേദമെന്യേ വലിയൊരു വിഭാഗം ജനങ്ങൾ കേരളത്തിൽ തെരുവുനായ്ക്കളെ ഭയന്നാണ് ജീവിക്കുന്നത്. മൃഗസ്നേഹികളിൽ പലരും ഇതിനു നേർക്ക് കണ്ണടയ്ക്കുന്നു. സ്വന്തം ശരീരത്തിൽ ആഴത്തിൽ നായയുടെ പല്ല് താഴ്‌ന്നാലേ അക്കൂട്ടരിൽ ചിലർ കണ്ണുതുറക്കുകയുള്ളൂ. സഹജീവിസ്നേഹവും ചരാചര സ്നേഹവുമൊക്കെ നല്ലതാണ്. അത് മറ്റുള്ളവരുടെ സുഖത്തിന് ദോഷമാകരുത്. അവനവൻ ആത്മസുഖത്തിന് ആചരിക്കുന്നത് അപരനു കൂടി സുഖം നൽകണമെന്നാണ് മഹാന്മാർ ഉദ്‌ബോധിപ്പിച്ചിട്ടുള്ളത്. തലസ്ഥാന ജില്ലയിൽ കഴിഞ്ഞ ദിവസം,​ പ്ളസ് ടു വിദ്യാർത്ഥിനിയായ അന്ന മരിയയെ വളർത്തുനായ്‌ക്കൾ കടിച്ചുകീറിയ സംഭവം അതിക്രൂരമാണ്. സ്കൂളിൽ നിന്ന് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ കൂട്ടിലടയ്ക്കാതെ തുറന്നുവിട്ടിരുന്ന ബെൽജിയൻ മെലിനോയ്‌സ് ഇനത്തിൽപ്പെട്ട നായ്ക്കൾ ആക്രമിക്കുകയായിരുന്നു. വിദേശങ്ങളിൽ യുദ്ധത്തിന് സഹായിക്കുന്നവയാണ് ഇത്തരം നായ്ക്കൾ. കടിയേറ്റ ഭാഗങ്ങളിലെ മാംസം അടർന്നുപോയ നിലയിലാണ്. കഴുത്തിൽ കടിക്കാനുള്ള നായ്‌ക്കളുടെ ശ്രമം വായ് പൊത്തിപ്പിടിച്ചാണ് പെൺകുട്ടി തടഞ്ഞത്.

നായ്ക്കളെ,​ നാട്ടുകാർക്ക് ഭീഷണിയാകാതെ വളർത്താനുള്ള സ്വാതന്ത്ര്യ‌മുണ്ട്. എന്നാൽ തങ്ങളുടെ പ്രൗഢിയും അന്തസും കാട്ടാനുള്ള രീതിയിലാകരുത്. പുരാതനകാലം മുതൽക്കേ പലതരം മൃഗങ്ങളെയും പക്ഷികളെയും മനുഷ്യർ വീട്ടിൽ വളർത്തുമായിരുന്നു. പശു, ആട്, ആന, നായ, പൂച്ച, പ്രാവ്, തത്ത എന്നിവയെ

കുടുംബാംഗങ്ങളെപ്പോലെ വീട്ടിലുള്ളവർ സ്നേഹിക്കുകയും ചെയ്തിരുന്നു. നഗരത്തിലും നാട്ടിൻപുറങ്ങളിലും ഇപ്പോഴും ആ രീതി തുടരുന്നുണ്ട്. നായയുടെ വലിപ്പമോ വിലയോ നോക്കിയല്ല അവയെ സ്നേഹിച്ചിരുന്നത്. തകഴിയുടെ പ്രശസ്തമായ 'വെള്ളപ്പൊക്കത്തിൽ" എന്ന കഥ പ്രളയജലത്തിൽപ്പെട്ടുപോയ വളർത്തുനായയെ രക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങളാണ്. ഇപ്പോൾ നായ്ക്കളുടെ വിലയും ഇനവും ആഢ്യത്വവുമാണ് പ്രധാന ഘടകങ്ങൾ. വിലകൂടിയവയെ ലഭിക്കുമ്പോൾ അതുവരെ വളർത്തിയിരുന്നവയെ തെരുവിൽ കണ്ണിൽച്ചോരയില്ലാതെ ഉപേക്ഷിക്കുന്ന കപട മൃഗസ്നേഹികളും കുറവല്ല. മൃഗസ്നേഹാധിക്യത്താൽ മനുഷ്യസ്നേഹം ഇല്ലാതായിപ്പോകരുത്. അത് വലിയ പൊല്ലാപ്പുകൾക്ക് ഇടവരുത്തും.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.