
തൃശൂർ: കിടപ്പുരോഗിയായ വൃദ്ധയെ തെരുവുനായ വീട്ടിൽ കയറി കടിച്ചുകൊന്നു. എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലൻപ്പടിയിൽ കിഴക്കേപുരയ്ക്കൽ പരേതനായ കൃഷ്ണന്റെ ഭാര്യ കാർത്ത്യായനിയ്ക്കാണ് (84) ദാരുണാന്ത്യം സംഭവിച്ചത്. വീട്ടിൽ ഉണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മകൻ ദേവദാസിനെയും (60) ആക്രമിച്ചു. തെരുവിൽവച്ച് നാട്ടുകാരനായ ഉദയരാജിനും (37) കടിയേറ്റു. ഇരുവരെയും തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് ആറരയ്ക്കായിരുന്നു സംഭവം. രണ്ട് വർഷം മുമ്പ് വീണ് എല്ല് പൊട്ടിയതിനെ തുടർന്നാണ് കാർത്ത്യായനി കിടപ്പിലായത്. കാർത്ത്യായനിയുടെ മുഖം കടിയേറ്റ് വികൃതമായി. മറ്റൊരിടത്ത് താമസിക്കുന്ന മൂത്തമകൻ മണികണ്ഠൻ വൈകിട്ട് ഏഴ് മണിയോടെ ഭക്ഷണം നൽകാൻ എത്തിയപ്പോഴാണ് ചോരയിൽ കുളിച്ചുകിടക്കുന്ന നിലയിൽ ഇരുവരെയും കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചാരിയിരുന്ന വാതിലിനിടയിലൂടെയാണ് നായ കയറിയതെന്ന് കരുതുന്നു.
മൃതദേഹം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കാർത്ത്യായനിയും മക്കളായ ദേവദാസും സതീഷുമാണ് വീട്ടിൽ താമസിക്കുന്നത്.സതീഷ് വീട്ടിലുണ്ടായിരുന്നില്ല. രമേഷ്, പ്രേമ എന്നിവരാണ് മറ്റു മക്കൾ. ജോലികഴിഞ്ഞ് നടന്നു വരുന്നതിനിടെയാണ് ഉദയരാജിന് കടിയേറ്റത്. നിരവധി നായ്ക്കളെയും കടിച്ചതായി പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |