SignIn
Kerala Kaumudi Online
Wednesday, 04 February 2026 6.13 PM IST

ഡൊണാൾഡ് ട്രംപിന്റെ ചുവടുമാറ്റം

Increase Font Size Decrease Font Size Print Page
s

ഇന്ത്യയ്ക്ക് ചുമത്തിയ പകരം തീരുവ അമ്പതു ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചുവെന്ന് സമൂഹ മാദ്ധ്യമത്തിലൂടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാടകീയ പ്രഖ്യാപനം നടത്തിയിരിക്കുന്നു. നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര കരാറിന് ധാരണയായതായും അറിയിച്ചിരിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ഫോൺ സംഭാഷണത്തിനു പിന്നാലെയാണ് അമേരിക്കയുടെ ഏകപക്ഷീയമായ പ്രഖ്യാപനം വന്നത്. അതിനു പിന്നാലെ മോദി സമൂഹമാദ്ധ്യമ പോസ്റ്റിൽ അമേരിക്കയ്ക്ക് നന്ദിപറയുകയും ചെയ്തു. ഇതിനു പിന്നാലെ ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപാര കരാറിന് ധാരണയായതായി വാണിജ്യമന്ത്രി പിയൂഷ് ഗോയൽ സ്ഥിരീകരിക്കുകയും ചെയ്തു.

25 ശതമാനം പകരം തീരുവയ്ക്കു പുറമെ റഷ്യൻ എണ്ണ വാങ്ങുന്നതിന് യു.എസ് ചുമത്തിയ 25 ശതമാനം അധിക തീരുവയും ചേർത്ത് 50 ശതമാനമായിരുന്നതാണ് 18 ശതമാനമായി കുറച്ചത്. ഇതോടെ റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള 25 ശതമാനം നികുതി പൂർണമായും ഒഴിവായിരിക്കുകയാണ്. റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് ഇന്ത്യ പറഞ്ഞതായി ട്രംപ് അറിയിച്ചെങ്കിലും ഇന്ത്യ ഇക്കാര്യത്തിൽ പരസ്യമായി പ്രതികരിച്ചിട്ടില്ല. റഷ്യൻ എണ്ണയ്ക്കു പകരം ഇന്ത്യ യൂറോപ്പിൽ നിന്നും വെനിസ്വേലയിൽ നിന്നും എണ്ണ വാങ്ങുമെന്നാണ് ട്രംപിന്റെ അറിയിപ്പ്. യു.എസിനുള്ള തീരുവ ഇന്ത്യ പൂജ്യമാക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് പറയുന്നു. എന്നാൽ ഇക്കാര്യങ്ങളിലൊന്നും കേന്ദ്ര സർക്കാരിന്റെ വ്യക്തമായ നിലപാടുകൾ പുറത്തുവന്നിട്ടില്ല.

അമേരിക്കയുടെ കാർഷിക ഉത്‌പന്നങ്ങൾക്കുള്ള തീരുവ എന്തായാലും ഇന്ത്യ പൂജ്യമായി കുറയ്ക്കുന്ന തീരുമാനം എടുക്കില്ല. ഇന്ത്യയിൽ കർഷകരുടെ വൻ പ്രതിഷേധമാവും അത് ക്ഷണിച്ചുവരുത്തുക. അതിനാൽ അക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് ഇന്ത്യ അമേരിക്കയെ വ്യപാര കരാറിന്റെ ചർച്ചകൾക്കു മുമ്പേ തന്നെ അസന്ദിഗ്ദ്ധമായി അറിയിച്ചിരുന്നതാണ്. അമേരിക്കയും ചൈനയും കൈയടക്കിവച്ചിരിക്കുന്ന ലോക വ്യാപാര രംഗത്ത് പുതിയ സമവാക്യത്തിനിടയാക്കിയ,​ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള കരാറാണ് ട്രംപിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചിരിക്കുന്നതെന്നത് സുവ്യക്തമാണ്. 200 കോടി ജനങ്ങളെ ഉൾക്കൊള്ളുന്ന രണ്ട് ജനാധിപത്യ ചേരികൾ ഒന്നിക്കുമ്പോൾ അത് നിലവിലെ ആഗോള വിതരണ ശൃംഖലയെ അടിമുടി പൊളിച്ചെഴുതാൻ കെൽപ്പുള്ളതായി മാറും. ഒരർത്ഥത്തിൽ ട്രംപ് താരിഫ് യുദ്ധം പ്രഖ്യാപിച്ചിരുന്നില്ലെങ്കിൽ ഇന്ത്യയും ഇ.യുവും തമ്മിൽ ഇത്രവേഗം കരാർ ഉണ്ടാകില്ലായിരുന്നു.

അമേരിക്കയെയും ചൈനയെയും അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന യൂറോപ്പിന്റെ തന്ത്രപരമായ നീക്കവും ആഗോള ഉത്‌പാദനത്തിന്റെ കേന്ദ്രബിന്ദു ആകാനുള്ള ഇന്ത്യയുടെ ശ്രമവും ഒരേ ബിന്ദുവിൽ സംഗമിച്ചതാണ് ഇന്ത്യ - ഇ.യു കരാറിന്റെ വിജയം. നിലവിൽ യൂറോപ്യൻ വിപണിയിൽ ഇന്ത്യയുടെ വസ്‌ത്ര കയറ്റുമതി വെറും മൂന്ന് ശതമാനമാണ്. ഈ കരാറിലൂടെ ഇത് 20 - 25 ശതമാനമായി കുതിക്കുമെന്നാണ് കണക്കുകൂട്ടൽ. മറ്റ് മേഖലകളിലും സമാനമായ വ്യത്യാസം ഉണ്ടാകും. അമേരിക്കയും ചൈനയും നിയന്ത്രിക്കുന്ന ലോകക്രമം തകരുകയും ആഗോള വിപണിയിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും ഉയരുകയും ചെയ്യുമെന്നത് മുൻകൂട്ടിക്കണ്ടു കൂടിയാണ് ട്രംപ് പൊടുന്നനെ സ്വരം മാറ്റിയിരിക്കുന്നത്.

TAGS: MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.