SignIn
Kerala Kaumudi Online
Wednesday, 11 February 2026 5.15 PM IST

ഭീകരതയോട് വിട്ടുവീഴ്‌ചയില്ല

Increase Font Size Decrease Font Size Print Page
s

പ്രധാനമന്ത്രി നരേന്ദ്ര‌മോദിയുടെ മലേഷ്യൻ സന്ദർശനം ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിൽ വലിയ കുതിപ്പിനാകും ഇടയാക്കുക. സെമി കണ്ടക്ടർ വ്യവസായത്തിൽ വലിയ മുന്നേറ്റം നടത്തുന്നതിനുള്ള അടിസ്ഥാന ഊന്നൽ നൽകുന്നതാണ് ഈ മാസം ഇന്ത്യ അവതരിപ്പിച്ച കേന്ദ്ര ബഡ്‌ജറ്റ്. അതിനുശേഷം ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദർശനം മലേഷ്യയിലേക്കാണെന്നത് യാദൃച്ഛികമാണെന്ന് കണക്കാക്കാനാവില്ല. സെമികണ്ടക്ടർ വ്യവസായത്തിലെ ആഗോള വ്യാപാരത്തിൽ 13 ശതമാനവും മലേഷ്യയിൽ നിന്നാണ്. ഈ മേഖലയിലെ സഹകരണത്തിന് മോദിയുടെ സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിൽ എത്തുകയും ചെയ്തു.

ഡിജിറ്റൽ - സാമ്പത്തിക മേഖലയിലെ സഹകരണത്തിനായി മലേഷ്യ - ഇന്ത്യ ഡിജിറ്റൽ കൗൺസിൽ രൂപീകരിക്കാനും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായുള്ള കൂടിക്കാഴ്ചയിൽ ധാരണയിലെത്തിയിട്ടുണ്ട്. മുസ്ളിം രാഷ്ട്രമായ മലേഷ്യയുമായി ഇന്ത്യയ്ക്കും; പ്രത്യേകിച്ച് കേരളത്തിനും ദശാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ബന്ധമാണുള്ളത്. ഈ ബന്ധം കൂടുതൽ ദൃഢവും ഊഷ്‌മളവുമാക്കുന്ന തരത്തിലുള്ള ധാരണകളാണ് ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടായിരിക്കുന്നത്. ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ ശക്തമായ നിലപാട് വെളിപ്പെടുത്തുന്നതായിരുന്നു മോദിയുടെ പ്രസ്താവന. ഭീകരവാദം നേരിടുന്നതിൽ വിട്ടുവീഴ്ചയോ ഇരട്ടത്താപ്പോ ഇല്ലെന്ന് ഇന്ത്യയും മലേഷ്യയും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

ഭീകരവാദികളെ പ്രോത്സാഹിപ്പിക്കില്ലെന്ന് അന്താരാഷ്ട്ര വേദികളിൽ പ്രഖ്യാപിക്കുകയും രഹസ്യമായി അവർക്ക് എല്ലാവിധ പിന്തുണ നൽകുകയും ചെയ്യുന്ന പാകിസ്ഥാന്റെ പേര് എടുത്തുപറഞ്ഞില്ലെങ്കിലും,​ ആ രാജ്യത്തിന് മലേഷ്യൻ മണ്ണിൽ നിന്നുകൊണ്ടുള്ള ഒരു മുന്നറിയിപ്പിനു സമാനമാണ്,​ ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് ഇരട്ടത്താപ്പില്ലെന്ന മോദിയുടെ പ്രസ്താവന. സമാധാന ജീവിതം കാംക്ഷിക്കുന്ന മലേഷ്യ അതിനെ പിന്തുണച്ചതിൽ അസ്വാഭാവികതയൊന്നുമില്ല. വിവിധ മേഖലകളിലെ സഹകരണത്തിന് 11 കരാറുകളിലും ഇരുവരും ഒപ്പുവച്ചു. ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാരത്തിന് ഇന്ത്യൻ രൂപയും മലേഷ്യൻ റിങ്കിറ്റും ഉപയോഗിക്കുന്നതിനെ മോദിയും അൻവർ ഇബ്രാഹിമും സ്വാഗതം ചെയ്തതും എടുത്തുപറയേണ്ട വസ്തുതയാണ്. ഡോളർ ഒഴിവാക്കുന്നതു വഴി അമേരിക്കയ്ക്ക് ആശങ്ക ഉണ്ടാക്കുന്നതാണ് ഇന്ത്യയുടെ ഏഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാര ധാരണകൾ.

മലേഷ്യയിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ തുറക്കാനുള്ള തീരുമാനവും പ്രഖ്യാപിക്കപ്പെട്ടു. ഇതിന് നന്ദിപറഞ്ഞുകൊണ്ട്,​ യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം ലഭിക്കുന്നതിന് മലേഷ്യ പിന്തുണ അറിയിക്കുകയും ചെയ്തു. മലേഷ്യയുടെ വികസനത്തിന് ഇന്ത്യൻ വംശജരായ വ്യവസായികളും തൊഴിലാളികളും ചെയ്ത സേവനം ചെറുതല്ല. ഇക്കാര്യം എടുത്തുപറഞ്ഞുകൊണ്ട് മലേഷ്യൻ കമ്പനികളെ ഇന്ത്യയിൽ നിക്ഷേപം നടത്താൻ മോദി ക്ഷണിക്കുകയും ചെയ്തു. മലേഷ്യൻ സന്ദർശനത്തിനിടെ ഇന്ത്യൻ വംശജരായ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, സെനറ്റർമാർ എന്നിവരുമായും ഇന്ത്യൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയും,​ ഇരു രാജ്യങ്ങളും തമ്മിലെ സഹക‌രണം ശക്തമാക്കുന്നതിൽ ഇവർ വഹിക്കുന്ന പങ്കിനെ സമൂഹ മാദ്ധ്യമ പോസ്റ്റിൽ മോദി അഭിനന്ദിക്കുകയും ചെയ്തു.

TAGS: AA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.