മലപ്പുറം: ഉറക്കത്തിൽ ടീച്ചറേ എന്ന് വിളിച്ച് പേടിച്ച് കരഞ്ഞാണ് പല കുട്ടികളും എഴുന്നേൽക്കുന്നത് - പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്‌കൂളിലെ പ്രഥമാദ്ധ്യാപകന്റെ താത്കാലിക ചുമതല വഹിക്കുന്ന കെ.അഹമ്മദ് കുട്ടി വേദനയോടെ പറയുന്നു. എച്ച്.എം അടക്കം അഞ്ച് അദ്ധ്യാപകർ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ചത് പല വിദ്യാർത്ഥികളെയും മാനസികമായി ബാധിച്ചു. ജില്ല ശിശു സംരക്ഷണ വിഭാഗം മൂന്നു കുട്ടികൾക്ക് കൗൺസലിംഗ് നൽകി.
ടെലി കൗൺസലിംഗിന് 15 സ്‌കൂൾ കൗൺസിലർമാർ, അഞ്ച് മാനസികാരോഗ്യ കൗൺസിലർമാർ, രണ്ട് സൈക്ക്യാട്രിസ്റ്റ് എന്നിവരടങ്ങുന്ന ടീമിനെ നിയോഗിച്ചിട്ടുണ്ട്. ആശാവർക്കർമാരും അങ്കണവാടി ടീച്ചർമാരും വീടുകൾ സന്ദർശിച്ച് കുട്ടികളുടെ മാനസിക സ്ഥിതി വിലയിരുത്തുന്നുണ്ട്. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ഇവർക്ക് പാങ്ങ് പബ്ലിക് ഹെൽത്ത് സെന്ററിൽ ഇന്ന് പരിശീലനം നൽകും. രണ്ടാഴ്ചത്തേക്ക് പാങ്ങ് പി.എച്ച്.സിയിൽ രണ്ടു കൗൺസിലർമാരെ നിയമിച്ചിട്ടുണ്ട്.
സ്‌കൂളിന്റെ അന്തരീക്ഷം മാറ്റാൻ പെയ്ന്റിംഗ് ജോലികൾ ഉൾപ്പെടെ ചെയ്യുന്നതിനുള്ള എസ്റ്റിമേറ്റ് നടപടികൾ പുരോഗമിക്കുകയാണ്. ചുരുങ്ങിയ സമയത്തിനകം മികച്ച രീതിയിൽ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. അദ്ധ്യാപകരുടെ അഭാവം സ്‌കൂളിന്റെ അഡ്മിഷൻ പ്രവർത്തനങ്ങളെ ബാധിക്കുമെന്നിരിക്കെ പാങ്ങ് ജി.യു.പി സ്‌കൂളിലെ അദ്ധ്യാപകരുടെ സേവനം ലഭ്യമാക്കും. ജില്ലയിലെ മറ്റ് സർക്കാർ സ്‌കൂളുകളിൽ നിന്ന് താത്പര്യമുള്ള അദ്ധ്യാപകർക്ക് പാങ്ങ് ജി.എൽ.പി സ്‌കൂളിലേക്ക് ജോലിയിൽ പ്രവേശിക്കാനുള്ള അറിയിപ്പ് ലഭിച്ചതോടെ നിരവധിപേർ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആവശ്യമായ അദ്ധ്യാപകരെ താത്കാലികമായി നിയമിക്കുന്നതിനുള്ള ചുമതല മലപ്പുറം ഡി.ഇ.ഒ ആയ സുനിതയ്ക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |