
കൊച്ചി: എറണാകുളം പച്ചാളത്ത് യുവാവിനെ ഫ്രൈയിംഗ് പാൻ കൊണ്ട് തലയ്ക്കടിച്ചുകൊന്ന സുഹൃത്ത് പിടിയിൽ. പച്ചാളം ജനതാകോളനി ലൈൻ തുണ്ടിപ്പറമ്പ് വീട്ടിൽ അൽ ജൂഡാണ് (42) കൊല്ലപ്പെട്ടത്. പച്ചാളം ശാരദ നിവാസിൽ ഷിനോജിനെയാണ് (40) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റുചെയ്തത്. പ്രതിയുടെ വീട്ടിൽ ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ, അൽ ജൂഡ് ഷിനോജിന്റെ കട്ടിലിൽ കിടന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അരുംകൊലയിലേക്ക് നയിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന പച്ചാളം സ്വദേശികളായ രാജേഷ്, സാബു,ജിനിൽ എന്നീ സുഹൃക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരും അൽ ജൂഡിനെ മർദ്ദിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്.
ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം. അൽ ജൂഡും ഷിനോജും അടുത്ത സുഹൃത്തുക്കളാണ്. ഷിനോജിന്റെ ഇരുനില വീടിന്റെ ടെറസിലെ മുറിയിൽ ഇവർ ഒരുമിച്ചിരുന്നു മദ്യപിക്കുന്നത് പതിവായിരുന്നു. കട്ടിലിൽ കിടന്നതുമായി ബന്ധപ്പെട്ടുള്ള വാക്കുതർക്കത്തിനിടെ ഷിനോജ് ഫ്രൈയിംഗ് പാനെടുത്ത് അൽ ജൂഡിന്റെ തലയ്ക്കടിക്കുകയായിരുന്നു. മുഖത്തും തലയ്ക്കും ഒന്നിലധികം തവണ അടിയേറ്റിട്ടുണ്ട്. തലയ്ക്കു പിന്നിലേറ്റ അടിയാണ് മരണത്തിനു ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ. അടിയുടെ ശക്തിയിൽ പാനിന്റെ പിടിഭാഗം ഒടിഞ്ഞു.
വീടിന്റെ താഴത്തെ നിലയിൽ വാടകയ്ക്ക് താമസിക്കുന്നവരിൽ ഒരാൾ രാവിലെ തുണിയെടുക്കാൻ ടെറസിൽ കയറിയപ്പോഴാണ് ചോരയിൽ കുളിച്ചുകിടക്കുന്ന അൽ ജൂഡിനെ കണ്ടത്. ഇയാൾ പൊലീസിനെ വിവരമറിയിച്ചു. നോർത്ത് സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തുമ്പോൾ ടെറസിലെ മുറിയിൽ ഷിനോജ് ഉണ്ടായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഒപ്പമുണ്ടായിരുന്ന യുവാക്കൾക്ക് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തി.
അവിവാഹിതനായ അൽജൂഡിന്റെ പോസ്റ്റുമോർട്ടം കളമശേരി മെഡിക്കൽ കോളേജിൽ ഇന്ന് നടക്കും. തെളിവെടുപ്പിനുശേഷം ഷിനോജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഷിനോജിന്റെ ഭാര്യയും മകനും ഇയാളിൽ നിന്ന് അകന്നു കഴിയുകയാണ്. ഇരുവരുടെയും മാതാപിതാക്കൾ നേരത്തെ മരിച്ചതാണ്. അൽ ജൂഡിന്റെ സംസ്കാരം ഇന്ന് ചാത്ത്യാത്ത് മൗണ്ട് കാർമൽ പള്ളി സെമിത്തേരിയിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |