SignIn
Kerala Kaumudi Online
Sunday, 05 April 2026 1.04 AM IST

ചരിത്രം കുറിക്കുന്ന പ്രതിരോധ ഡീൽ

Increase Font Size Decrease Font Size Print Page

rafale-

ഒരു രാജ്യത്തിന്റെ ശക്തി ആ രാജ്യത്തിന്റെ സേനയുടെ ബലം കൂടിയാണ്. ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി കണക്കാക്കപ്പെടുന്ന അമേരിക്കയ്ക്കു തന്നെയാണ് ലോകത്തെ ഏറ്റവും മികച്ച സേനാ ബലമുള്ളത്. അവർ പറയുന്നത് മറ്റു രാജ്യങ്ങൾ അനുസരിക്കണം എന്ന ശാഠ്യം അവർ പുലർത്തുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് സാമ്പത്തിക മേൽക്കോയ്മയ്ക്കപ്പുറം പ്രതിരോധ സേനയുടെ അജയ്യതയാണ്.

പഴയ കാലത്ത് കരയുദ്ധത്തിനായിരുന്നു പ്രാധാന്യം. സേനയിൽ എത്ര അധികം അംഗങ്ങളുണ്ട് എന്നതാണ് ആ രാജ്യത്തിന്റെ സൈനിക ബലമായി കണക്കാക്കിയിരുന്നത്. ഇന്നത് മാറി. സാങ്കേതിക വൈദഗ്ദ്ധ്യങ്ങൾ വളർന്നപ്പോൾ ഒരു സൈനികൻ തന്നെ ഒരു സൈനിക വ്യൂഹത്തിന് സമാനമായി മാറിയിരിക്കുന്നു. തോക്കുകൾ ഉൾപ്പെടെ കരയിൽ നിന്ന് ആക്രമിക്കാൻ കഴിയുന്ന മറ്റനേകം തരത്തിലുള്ള ആയുധങ്ങൾ ഒരു സൈനികനു മാത്രം വഹിക്കാൻ കഴിയും.

സൈനികരുടെ എണ്ണമല്ല,​ ആയുധങ്ങളുടെ ടെക്‌നോളജിയുടെ മുന്നേറ്റമാണ് ഇന്ന് പ്രതിരോധ സേനയിൽ പ്രധാനമായി മാറിയിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ ഇരു രാജ്യങ്ങൾ തമ്മിൽ യുദ്ധമുണ്ടായാൽത്തന്നെ വ്യോമയുദ്ധം രണ്ടാം ഘട്ടത്തിലേ തുടങ്ങുമായിരുന്നുള്ളൂ. ഇന്നാകട്ടെ,​ തുടങ്ങുന്നതുതന്നെ ആകാശത്തുനിന്ന് മിസൈലുകളും ബോംബുകളും വർഷിച്ചുകൊണ്ടാണ്. അതിനാൽത്തന്നെ കരസേനയ്ക്കും നാവികസേനയ്ക്കും മുകളിലാണ് ഇന്ന് വ്യോമസേനയുടെ സ്ഥാനം. ഈ പശ്ചാത്തലത്തിൽ വേണം ഫ്രാൻസിൽ നിന്ന് 114 റാഫേൽ വിമാനങ്ങൾ വാങ്ങാനുള്ള 3.6 ലക്ഷം കോടിയുടെ ഇന്ത്യയുടെ പ്രതിരോധ ഇടപാടിനെ വിലയിരുത്തേണ്ടത്. ഇന്ത്യയുടെ പ്രതിരോധ ശക്തി പതിന്മടങ്ങ് വർദ്ധിപ്പിക്കാൻ ഉതകുന്നതാണ് ഈ ചരിത്ര കരാർ. നൂറ്റാണ്ടുകളുടെ ചരിത്രം പരിശോധിച്ചാൽ ഇന്ത്യ ഒരിക്കലും ഒരു രാജ്യത്തെയും അങ്ങോട്ടു കയറി ആദ്യം ആക്രമിച്ചിട്ടില്ല. അതിനാൽ ഇന്ത്യയുടെ സൈനിക ബലം കൂടുന്നത് വിരലിലെണ്ണാവുന്ന ചില രാജ്യങ്ങളുടെ ഒഴിച്ച് ലോകത്തിലെ മറ്റൊരു രാജ്യത്തിന്റെയും ഉത്കണ്ഠ വർദ്ധിപ്പിക്കില്ല. മാത്രമല്ല,​ ലോക സമാധാനത്തിന് ഇന്ത്യയുടെ സൈനിക ബലം പല വിധത്തിലും ഉതകുകയും ചെയ്യും.

വ്യോമസേനയ്ക്കായി 114 റാഫേൽ വിമാനങ്ങൾ കൂടി വാങ്ങുന്നത് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അംഗീകാരം നൽകിയിരിക്കുകയാണ്. നാവികസേനയ്ക്കു വേണ്ടി പി 8 ഐ നിരീക്ഷണ വിമാനങ്ങൾ ആറെണ്ണം വാങ്ങും. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഡി.എ.സിയാണ് പ്രതിരോധ ഇടപാടിന് അംഗീകാരം നൽകിയത്. പ്രധാനമന്ത്രി അദ്ധ്യക്ഷനായ സുരക്ഷാ കാര്യങ്ങൾക്കുള്ള ക്യാബിനറ്റ് സമിതി അംഗീകാരം നൽകുന്നതോടെ കരാർ അന്തിമമാകും. നിലവിൽ ഇന്ത്യയ്ക്ക് 36 റാഫേൽ വിമാനങ്ങളുണ്ട്. പല ഘട്ടങ്ങളിലായി 114 എണ്ണം കൂടി വാങ്ങുമ്പോൾ ഇന്ത്യയുടെ പക്കലുള്ള റാഫേൽ വിമാനങ്ങളുടെ എണ്ണം 176 ആയി മാറും.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ഈ മാസം 17ന് ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് ഈ സുപ്രധാന പ്രതിരോധ കരാറിന് അനുമതിയായിരിക്കുന്നത്. വ്യോമസേനയുടെ മൾട്ടി റോൾ ഫൈറ്റർ എയർ ക്രാഫ്‌റ്റ് പരിപാടിയുടെ ഭാഗമായാണ് കൂടുതൽ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നത്. ഇതോടെ ഫ്രാൻസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റാഫേൽ യുദ്ധവിമാനങ്ങളുള്ള രാജ്യം ഇന്ത്യയായി മാറും. റാഫേൽ യുദ്ധവിമാനങ്ങളിൽ 18 എണ്ണമാവും ഫ്രാൻസ് നിർമ്മിച്ച് ഇന്ത്യയ്ക്ക് കൈമാറുക. ബാക്കി 96 വിമാനങ്ങൾ ഫ്രാൻസിന്റെ സഹായത്തോടെ തദ്ദേശീയമായിട്ടായിരിക്കും നിർമ്മിക്കുക എന്നതാണ് ഈ കരാറിന്റെ ഏറ്റവും വലിയ സവിശേഷത.

TAGS: 11
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.