
ചടയമംഗലം: ചടയമംഗംലം കുരിയോട് പ്രവർത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരൻ ഉടമയെ കുത്തിക്കൊന്നു. ഹോട്ടൽ സ്പൈസിയുടെ ഉടമ ആക്കൽ പുള്ളിപ്പച്ചയിൽ വീട്ടിൽ സക്കീർ ഹുസൈനാണ് (48) കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട മംഗലപുരം ബെൽത്തങ്കടി പേരിമെന്താടി ഹൗസിൽ ഇർഷാദിനെ (32) തിരുവനന്തപുരം മണ്ണന്തലയിൽ നിന്ന് പൊലീസ് പിടികൂടി.
ഇന്നലെ വൈകിട്ട് 4നാണ് സംഭവം. ഹോട്ടൽ നവീകരണം നടക്കുന്നതിനാൽ പാഴ്സലുകൾ മാത്രമാണ് വിതരണം ചെയ്തിരുന്നത്. സ്ഥിരം ജീവനക്കാരൻ നാട്ടിലേക്ക് പോയ ഒഴിവിലേക്കാണ് സുക്കീർ ഹുസൈൻ ബന്ധുവായ ഇർഷാദിനെ ജോലിയിൽ പ്രവേശിപ്പിച്ചത്. മുമ്പ് ഹോട്ടലിൽ ഇർഷാദ് ജോലി ചെയ്തിരുന്നെങ്കിലും സ്വഭാവദൂഷ്യത്തെ തുടർന്ന് പിരിച്ചുവിട്ടിരുന്നു.
ഇന്നലെ ജോലിക്ക് കാണാഞ്ഞതിനെ തുടർന്ന് റൂമിൽ അന്വേഷിച്ച് എത്തിയതോടെ സക്കീർ ഹുസൈനുമായി തർക്കത്തിലായി. ഇതിനിടെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. നിലവിളി കേട്ട് ഹോട്ടലിൽ ഉണ്ടായിരുന്ന ഭാര്യ ഷംല ഓടിയെത്തിയപ്പോൾ നിലത്ത് രക്തം വാർന്ന് കിടക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കെ.എസ്.ആർ.ടി.സി ബസിൽ രക്ഷപ്പെട്ട പ്രതിയെ ചടയമംഗലം എസ്.എച്ച്.ഒ കണ്ണൻ, എസ്.ഐമാരായ ഡെന്നിസൺ, അഗസ്‌റ്റ്യൻ, അഞ്ജിത ശ്രീകുമാർ, അലക്സാണ്ടർ, ഗിരി, സി.പി.ഒമാരായ അജിത്ത്, സജി, ജോബി, രാകേഷ് എന്നിവരുൾപ്പെട്ട സംഘമാണ് പിടികൂടിയത്. സക്കീർ ഹുസൈന്റെ മക്കൾ: ഫായിസ്, സൈഹ. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |