SignIn
Kerala Kaumudi Online
Thursday, 05 March 2026 9.23 AM IST

സഞ്ജു സാംസണിന്റെ ഉയിർത്തെണീൽപ്പ്

Increase Font Size Decrease Font Size Print Page
a

അസാമാന്യ പ്രതിഭയുണ്ടായിട്ടും ഇന്ത്യൻ ക്രിക്കറ്റിൽ ഒന്നുമാകാതെപോയവർ നിരവധിയാണ്. അവസരം ലഭിച്ചിട്ടും പ്രയോജനപ്പെടുത്താൻ കഴിയാതെപോയവരുടേയും യോഗ്യതയുണ്ടായിട്ടും വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെ പോയവരുടെയും നീണ്ട നിരയിലേക്ക് മലയാളി താരം സഞ്ജു സാംസണിന്റേയും പേര് എഴുതിച്ചേർക്കേണ്ടിവരുമോ എന്ന് സന്ദേഹിച്ച വേളയിലാണ് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ ആ മനോഹര ഇന്നിംഗ്സ് പിറന്നത്. ട്വന്റി-20 ലോകകപ്പിൽ സെമിയിലേക്ക് എത്താൻ വിജയം അനിവാര്യമായ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ 196 റൺസ് എന്ന ലക്ഷ്യത്തിലേക്ക് ഒറ്റയ്ക്ക് നിന്ന് പോരാടിയ സഞ്ജുവിന്റെ മാച്ച് വിന്നിംഗ് ഇന്നിംഗ്സ് തള്ളിപ്പറഞ്ഞവരെക്കൊണ്ടുപോലും കയ്യടിപ്പിച്ചു.

50 പന്തുകളിൽ 12 ബൗണ്ടറികളുടേയും നാലു സിക്സുകളുടേയും അകമ്പടിയോടെ സഞ്ജു പുറത്താകാതെ നേടിയ 97 റൺസ് ചരിത്രത്തിൽ അടയാളപ്പെടുത്തുക സുവർണ ലിപികളിലാണ്. ഒരു പതിറ്റാണ്ടിലേറെയായി സഞ്ജുവിൽ നിന്ന് ആരാധകർ കാത്തിരുന്നത് ഇതുപോലൊരു ഇന്നിംഗ്സിനായാണ്. പേരെടുത്ത പ്രതിഭകൾ പലരും പോരിനിടെ വിക്കറ്റ് വെടിഞ്ഞുവീണിട്ടും ഒറ്റയാനെപ്പോലെ വിൻഡീസിനെതിരെ പൊരുതുകയായിരുന്നു സഞ്ജു. സച്ചിനും വിരാട് കൊഹ്‌‌ലിയും രോഹിത് ശർമ്മയുമൊക്കെ പലകുറി ഇന്ത്യയുടെ രക്ഷകരായതിന് സമാനമായൊരു ഇന്നിംഗ്സ്. ആദ്യ പന്തുമുതൽ വിജയറൺ വരെ ക്രീസിലുണ്ടായിരുന്ന സഞ്ജുവിന് ഇടയ്ക്ക് എപ്പോഴെങ്കിലുമൊന്ന് പിഴച്ചിരുന്നെങ്കിൽ ഇന്ത്യയുടെ ലോകകപ്പ് തന്നെ അവിടെ അവസാനിക്കുമായിരുന്നു. അതിലുപരി സഞ്ജുവിന്റെ ഇന്ത്യൻ കരിയറിനും തത്കാലത്തേങ്കിലും കർട്ടൻ വീഴുമായിരുന്നു.

ലോകകപ്പിനുള്ള ടീം പ്രഖ്യാപിക്കുമ്പോൾ സഞ്ജുവായിരുന്നു ഓപ്പണറും ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറും. എന്നാൽ ലോകകപ്പിന് മുമ്പ് ന്യൂസിലാൻഡിനെതിരെയുള്ള അഞ്ച് മത്സരപരമ്പരയിൽ പരാജയപ്പെട്ടതോടെ ഇഷാൻ കിഷൻ ഓപ്പണറും വിക്കറ്റ് കീപ്പറുമായി. സഞ്ജുവിന് ബെഞ്ചിലിരിക്കേണ്ടിയും വന്നു. അഭിഷേകിന് അസുഖമായപ്പോൾ ഒരു കളിയിൽ അവസരം ലഭിച്ചെങ്കിലും എട്ടുപന്തുകളിൽ 22 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സൂപ്പർ എട്ട് മത്സരത്തിന് മുമ്പ് സഞ്ജുവിനെ കളിപ്പിക്കുന്നതിനെക്കുറിച്ച് ചോദിച്ച പത്രലേഖകനോട് ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവ് തിരിച്ചുചോദിച്ചത് ഏത് പൊസിഷനിൽ താൻ സഞ്ജുവിനെ കളിപ്പിക്കണമെന്നാണ്. അഭിഷേക് ശർമ്മയുടെ സ്ഥാനത്ത് സഞ്ജുവിനെ കളിപ്പിക്കണമോ?തിലക് വർമ്മയുടെ സ്ഥാനത്ത് കളിപ്പിക്കണമോ എന്നൊക്കെ അൽപ്പം പരിഹാസം കലർന്ന രീതിയിൽ ചോദിച്ച അതേ സൂര്യകുമാർ യാദവാണ് ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെ മലർത്തിയടിച്ച് മടങ്ങിവന്ന സഞ്ജു സാംസണെ തന്റെ തലയിലെ തൊപ്പിയൂരി മുന്നോട്ടുവച്ച് ശിരസ് നമിച്ച് സ്വീകരിച്ചത്.

ഇന്ത്യൻ ടീമിലുള്ള ആരെക്കാലും മികച്ച പ്രതിഭയാണ് സഞ്ജു സാംസണെന്ന് ആരാധകരും വിമർശകരും ഒരേ സ്വരത്തിൽ പറയും. പക്ഷേ ക്രീസിൽ കാലുറപ്പിക്കുംമുന്നേ സിക്സ് പറത്താൻ ശ്രമിക്കുന്നു, സ്കോർ ഉയർത്താനാകാതെ വിക്കറ്റ് കളയുന്നു എന്നൊക്കെയുള്ള വിമർശനങ്ങളിൽ നിന്ന് പുറത്തുകടക്കാനാകാതെ കുഴങ്ങിയ സഞ്ജു സാംസണായിരുന്നു ഇതുവരെ നമുക്കുമുന്നിൽ. ആ വിമർശനങ്ങളെയൊക്കെയും അതിർത്തി വര കടത്തിയ ഇന്നിംഗ്സാണ് ഈഡനിൽ പിറന്നത്. ഇത്തരത്തിലുള്ള പ്രകടനമാണ് കരിയർ തുടങ്ങിയ കാലം മുതൽ സഞ്ജുവിൽ നിന്ന് ആരാധകർ കൊതിച്ചത്. 11 വർഷം വേണ്ടിവന്നു സഞ്ജുവിനും തന്റെ സ്വപ്നം സഫലമാക്കാൻ.

വിൻഡീസിനെതിരായ പ്രകടനം സഞ്ജുവിനും സഞ്ജുവിനെ സ്നേഹിക്കുന്നവർക്കും വലിയ ആശ്വാസമാണ് നൽകുന്നത്. പക്ഷേ ഒരൊറ്റ ഇന്നിംഗ്സ് കൊണ്ടുമാത്രം ഉറപ്പാകുന്നതല്ല ഇന്ത്യൻ ടീമിലെ സ്ഥാനം. അത് നിലനിറുത്തണമെങ്കിൽ ഇനിയും മികച്ച ഇന്നിംഗ്സുകൾ പുറത്തെടുക്കണം. മനസുറപ്പോടെ പൊരുതുകയാണെങ്കിൽ സഞ്ജുവിന് അതിന് കഴിയും. തന്റെ പ്രതിഭയോട് നീതിപുലർത്താൻ സഞ്ജുവിന് കഴിഞ്ഞാൽ നേട്ടമാകുന്നത് ഇന്ത്യൻ ക്രിക്കറ്റിനുതന്നെയാണ്.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.