SignIn
Kerala Kaumudi Online
Sunday, 17 May 2026 6.01 PM IST

'സാറിനെ കാണുന്നത് എന്റെ ഭാഗ്യമാണെന്ന് തോന്നുന്നു, എല്ലാ കളിയിലും വരണം', സെഞ്ച്വറിക്ക് പിന്നാലെ രവിശാസ്ത്രിയോട് സഞ്ജു

sanju-samson

ചെന്നൈ: ആദ്യ മൂന്ന് മത്സരങ്ങളിലും തിളങ്ങാൻ കഴിയാതെ ആരാധകരെ നിരാശപ്പെടുത്തിയ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മലയാളി താരം സഞ്ജു സാംസൺ നാലാം മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്താണ് ഇന്നലെ സെഞ്ച്വറി നേടിയത്. ഡൽഹി ക്യാപ്പിറ്റൽസിനെതിരെ 56 പന്തുകളിൽ 15 ഫോറുകളും 4 സിക്സുകളുമടക്കം പുറത്താകാതെ 115 റൺസ് നേടിയ സഞ്ജുവാണ് സീസണിലെ ആദ്യ സെഞ്ച്വറിക്കാരൻ. ഇപ്പോഴിതാ സെഞ്ച്വറി തികച്ചതിന് ശേഷം രവിശാസ്ത്രിക്കും പിച്ച്ക്യൂറേറ്റർക്കും താരം നന്ദി പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്.

ഓരോ മത്സരത്തിന് മുൻപും താങ്കളെ കാണുന്നത് എനിക്ക് ഭാഗ്യമാണെന്ന് തോന്നുന്നു. അതുകൊണ്ട് എല്ലാ കളിക്കും സാർ വരണമെന്നായിരുന്നു സഞ്ജുവിന്റെ തമാശ കലർന്ന അഭ്യർത്ഥന. മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് രവി ശാസ്ത്രിയുമായുള്ള സംഭാഷണം ഓ‌ർമ്മിപ്പിച്ചുകൊണ്ടായിരുന്നു സഞ്ജു ഇക്കാര്യം വ്യക്തമാക്കിയത്.

sanju-ravishastri

'ഇതൊരു മികച്ച വിക്കറ്റാണ്. ഇത്രയും നല്ല വിക്കറ്റ് ഒരുക്കിയ ക്യറേറ്ററോടും നന്ദി അറിയിക്കുന്നു. അതുകൊണ്ട് ഈ സ്‌കോർ ഞങ്ങൾക്ക് പ്രതിരോധിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.' സഞ്ജു പറഞ്ഞു. 'സത്യം പറഞ്ഞാൽ, നമ്മൾ എത്ര ഫോമിലായാലും രാജ്യത്തിനായി എത്ര മത്സരങ്ങൾ ജയിപ്പിച്ചാലും, ഒന്നോ രണ്ടോ തോൽവികൾ മനസിൽ ഒരുപാട് സംശയങ്ങൾ സൃഷ്ടിക്കും. പക്ഷേ എനിക്ക് തിരിച്ചുപോയി എന്റെ അടിസ്ഥാനപരമായ കാര്യങ്ങൾ ചെയ്യാനും എന്നിൽ തന്നെ വിശ്വാസമർപ്പിക്കാനും സ്‌കോറിംഗിൽ ഉറച്ചുനിൽക്കാനും ആയിരുന്നു ആഗ്രഹം. ഒരുപാട് ചിന്തകൾ മനസിലേക്ക് വന്നു, തുടക്കത്തിൽ തന്നെ കൂടുതൽ ആക്രമിച്ച് കളിക്കണോ അതോ എന്റെ ഗെയിംപ്ലാൻ മാറ്റണോ എന്നൊക്കെ ആലോചിച്ചിരുന്നു. പക്ഷേ എനിക്ക് എന്താണോ ഗുണകരമായി തോന്നുന്നത് അതിൽ തന്നെ ഉറച്ചുനിൽക്കാനാണ് തീരുമാനിച്ചത്, ഭാഗ്യംകൊണ്ട് അത് നന്നായി സംഭവിച്ചു. 'സഞ്ജു കൂട്ടിചേർത്തു

'പവർപ്ലേയിൽ അക്‌സർ ബൗൾ ചെയ്തപ്പോൾ ന്യൂബൗൾ ഹോൾഡ് ചെയ്യുകയായിരുന്നു. എന്നാൽ ബൗൾ പഴയതായപ്പോൾ ബാറ്റിംഗിന് മികച്ച പിച്ചായി ഇത് മാറുകയായിരുന്നു. ഞങ്ങൾ അടിസ്ഥാന കാര്യങ്ങളിൽ ശ്രദ്ധിച്ചു. ആയുഷുമായി നല്ലൊരു കൂട്ടുകെട്ടുണ്ടാക്കാൻ കഴിഞ്ഞു. അവൻ മികച്ച താരമാണ്. അവനോടൊപ്പം ബാറ്റ് ചെയ്യുന്നത് ശരിക്കും ഞാൻ ആസ്വദിച്ചാണ് ചെയ്തത്. ഇപ്പോൾ മനസിൽ ഒരുലക്ഷ്യം തീരുമാനിക്കാൻ സാധിക്കില്ല. ഒരിക്കൽ ക്രീസിൽനിന്നു കഴിഞ്ഞാൽ, എത്രത്തോളം ഉയർന്ന സ്‌കോർ അടിച്ചുകൂട്ടൻ കഴിയുമോ അത്രയും ശ്രമിക്കുക എന്നതിലാണ് കാര്യം. അതായിരുന്നു ഞങ്ങളുടെ പദ്ധതി. മുന്നോട്ട് പോകുക. പിന്നെ ഞങ്ങൾക്ക് അധികം വിക്കറ്റുകളും നഷ്ടമായില്ല. ഇനിയും ബാറ്റ് ചെയ്യാൻ ഒരുപാട് പേർ ബാക്കിയുണ്ടായിരുന്നു. അതുകൊണ്ട് കൃത്യമായ ബൗളർമാരെയും ഓപ്ഷനുകളും തിരഞ്ഞെടുത്ത് ടീമിനായി പരമാവധി റൺസ് നേടുക എന്നതായിരുന്നു ലക്ഷ്യം.'- സഞ്ജുപറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SANJU, RAVISHASTRI, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360