SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.57 PM IST

തൊണ്ടിവാഹനങ്ങൾ ആർക്കുമില്ലാതാക്കരുത്

photo

തളിപ്പറമ്പിൽ വ്യാഴാഴ്ച പൊലീസ് ഡമ്പിംഗ് യാർഡിലുണ്ടായ അഗ്നിബാധയിൽ അഞ്ഞൂറോളം വാഹനങ്ങളാണ് കത്തിനശിച്ചത്. പയ്യന്നൂർ പൊലീസ് സബ് ഡിവിഷനു കീഴിലുള്ള ഒൻപതു സ്റ്റേഷനുകൾ പിടിച്ചെടുത്ത വാഹനങ്ങൾ ഇക്കൂട്ടത്തിലുണ്ട്. എല്ലാത്തരം വാഹനങ്ങളുടെയും ശവപ്പറമ്പായി മാറിയ ഈ ഡമ്പിംഗ് യാർഡ് ഏതാണ്ട് അനാഥാവസ്ഥയിലായിരുന്നു. എല്ലാ ജില്ലകളിലും കാണാം ഇതുപോലെ പൊലീസിന്റെ വാഹന ശവപ്പറമ്പ്. പൊതുനിരത്തുകളിൽ സുഗമമായ ഗതാഗതം മുടക്കിക്കിടക്കുന്ന തൊണ്ടിവാഹനങ്ങൾ വാഹനയാത്രക്കാർക്കും പൊതുജനങ്ങൾക്കും എത്രമാത്രം അസൗകര്യങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് നിയമപാലകർ ഓർക്കാറില്ല. ഗതാഗത തടസം സൃഷ്ടിക്കുന്ന തരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ വാഹന ഉടമ വലിയ പിഴ അടയ്ക്കേണ്ടിവരും. എന്നാൽ നിയമപാലകർ നടത്തുന്ന ഈ നിയമലംഘനം ജനം സഹിച്ചുകൊള്ളണമെന്നാണ് വയ്പ്.

തളിപ്പറമ്പിലെ ഡമ്പിംഗ് യാർഡിൽ തീപിടിത്തമുണ്ടാകുന്നതും വാഹനങ്ങൾ ചാമ്പലാകുന്നതും ആദ്യ സംഭവമല്ല. മുൻപും ഇവിടെ അഗ്നിബാധയുണ്ടായിട്ടുണ്ട്. എല്ലാം കേസിൽപ്പെട്ട വാഹനങ്ങളായതിനാൽ ഒച്ചപ്പാടൊന്നും ഉണ്ടായില്ലെന്നേയുള്ളൂ. കാവലിന് ഗാർഡുകളോ അത്യാഹിതമുണ്ടായാൽ നേരിടാൻ സംവിധാനങ്ങളോ ഇല്ലാത്തതിനാൽ ഫയർ യൂണിറ്റുകൾ എത്തി തീ അണയ്ക്കുന്നതുവരെ വാഹനങ്ങൾ നിന്നുകത്തുന്നതാണു പതിവ്. ആറ് അഗ്നിശമന എഞ്ചിനുകൾ മണിക്കൂറുകൾ ശ്രമിച്ചാണ് തീകെടുത്തിയത്. പക്ഷേ അതിനകം നൂറുകണക്കിനു വാഹനങ്ങൾ അഗ്നിക്കിരയായിരുന്നു. കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. കേസിൽപ്പെട്ട തൊണ്ടിവാഹനങ്ങളാണെങ്കിലും അവയ്ക്കുമുണ്ടാകുമല്ലോ വലിയ വില.

നൂലാമാല പിടിച്ച ഗതാഗത നിയമങ്ങളാണ് ഇതുപോലെ നൂറുകണക്കിനു വാഹനങ്ങൾ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും ആർക്കും പ്രയോജനമില്ലാതെകിടന്നു നശിക്കാൻ ഇടയാക്കുന്നത്. വാഹനാപകട കേസുകൾക്കു വേഗം തീർപ്പുണ്ടാക്കാനായാൽ കുറെ ആശ്വാസം ലഭിക്കും. അതുപോലെ അപകടവുമായി ബന്ധപ്പെട്ട തെളിവെടുപ്പും വിശദമായ മഹസറുമൊക്കെ പൂർത്തിയാക്കി മതിയായ ഉറപ്പിന്മേൽ വാഹനങ്ങൾ ഉടമയ്ക്കു വിട്ടുനല്‌കാൻ വ്യവസ്ഥ ചെയ്താൽ അപകട വാഹനങ്ങൾ വർഷങ്ങളോളം കിടന്ന് തുരുമ്പെടുത്തു പോകില്ല. ഉടമസ്ഥർ തിരിഞ്ഞുനോക്കാത്ത വാഹനങ്ങൾ റോഡിൽ ഉപേക്ഷിക്കുന്നതിനു പകരം അവ പരസ്യമായി ലേലം ചെയ്ത് ഖജനാവിലേക്കു മുൽക്കൂട്ടാവുന്നതാണ്. ഹൈക്കോടതി പലതവണ ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതാണ്. നിർദ്ദേശമുണ്ടാകുന്ന സമയത്ത് പൊലീസ് അതിനു നടപടി സ്വീകരിക്കാറുമുണ്ട്. എന്നാൽ ആദ്യ ലേലം കഴിയുന്നതോടെ എല്ലാം പഴയപടിയാകും. യാർഡുകളിലും സ്റ്റേഷൻ പരിസരങ്ങളിലും തൊണ്ടിവാഹനങ്ങൾ നിറയും.

അനിയന്ത്രിതമായ വാഹനപ്പെരുപ്പത്തിൽപ്പെട്ട് സംസ്ഥാനം വീർപ്പുമുട്ടുകയാണ്. വാഹനങ്ങൾ കൂടിയതോടെ അപകടനിരക്കും വർദ്ധിക്കുന്നുണ്ട്. ഇതിനൊപ്പമാണ് ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ വർദ്ധന. തൊണ്ടി വാഹനങ്ങൾ ഇപ്പോഴത്തെപ്പോലെ കൂട്ടിയിട്ട് നശിക്കാൻ വിടുന്നതിനുപകരം ഉടമകൾക്കു തന്നെ വിട്ടുനല്‌കാൻ നിയമപരമായി എന്തുചെയ്യാനാകുമെന്ന് ആലോചിക്കാവുന്നതാണ്. അമ്പേ തകർന്ന വാഹനങ്ങൾ ഏറ്റെടുക്കാൻ ഒരുപക്ഷേ ആളുകൾ കുറവായിരിക്കും. എന്നാൽ ചെറിയ അപകടങ്ങളിൽ പെട്ടതും നിയമലംഘനങ്ങളിൽ ഉൾപ്പെട്ടതുമായ ധാരാളം വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊലീസ് കസ്റ്റഡിയിൽ കാണാറുണ്ട്. ആരെങ്കിലുമൊക്കെ വളരെ മോഹത്തോടും കഷ്ടപ്പെട്ട പണം മുടക്കിയും വാങ്ങിയ വാഹനങ്ങളാകും ഇത്. നിയമങ്ങളിൽ കുരുക്കി അവ നശിക്കാൻ വിടുന്നത് ശരിയല്ല. ഉടമകൾക്കു പ്രയോജനപ്പെടുന്നില്ലെങ്കിൽ പൊതു ഖജനാവിനെങ്കിലും അവ പ്രയോജനപ്പെടണം. അതിന് എന്തൊക്കെ ചെയ്യാനാകുമെന്ന് ഗതാഗതവകുപ്പും ആഭ്യന്തരവകുപ്പും ആലോചിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FIRE AT KANNUR POLICE JUNKYARD
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.