SignIn
Kerala Kaumudi Online
Friday, 26 April 2024 2.07 PM IST

കാർഡിനാവില്ല ഭക്ഷ്യവിഷബാധ തടയാൻ

photo

ഹോട്ടൽ ഭക്ഷണം കഴിച്ച് ചിലർ മരിക്കുകയും അനവധിപേർ ആശുപത്രികളിലാവുകയും ചെയ്തപ്പോഴാണ് സംസ്ഥാനത്തെ ആരോഗ്യവകുപ്പുമന്ത്രിയും ഭക്ഷ്യസുരക്ഷാവിഭാഗവും ഉറക്കം വിട്ടുണർന്നത്. രണ്ടാഴ്ചയിലേറെയായി ഉദ്യോഗസ്ഥർ ഭക്ഷണശാലകളിൽ പരിശോധന നടത്തുകയാണ്. നൂറിലേറെ സ്ഥാപനങ്ങൾ ഇതിനകം അടച്ചുപൂട്ടി. അനവധി സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പരിശോധനകൾ കടുക്കുമ്പോഴും പഴകിയതും അണുബാധയുള്ളതുമായ ഭക്ഷണം കഴിച്ച് പലരും ചികിത്സ തേടേണ്ടിവരുന്നു. പറവൂരിൽ ഡസൻകണക്കിനാളുകൾ ഹോട്ടൽ ഭക്ഷണം കഴിച്ച് ആശുപത്രികളിലായത് ബുധനാഴ്ചയാണ്.

ഇത്രയധികം പരിശോധനകളും പഴകിയ ഭക്ഷണം വിളമ്പുന്നതിനെതിരെ വലിയതോതിൽ ബോധവത്‌കരണവും നടത്തിയിട്ടും സുരക്ഷിതമായ ഭക്ഷണമേ ആളുകൾക്ക് നൽകാവൂ എന്ന് ഭക്ഷണശാലകൾ നടത്തുന്നവർക്ക് തോന്നാത്തത് ആശ്ചര്യം തന്നെ. ജനങ്ങളുടെ ജീവനെപ്പോലും അപകടത്തിലാക്കുന്ന അനാസ്ഥയാണിത്. ഇത്തരം തോന്ന്യാസങ്ങൾ ഒരു കാരണവശാലും വച്ചുപൊറുപ്പിക്കാനാവാത്തതുമാണ്. പഴകിയതും നിലവാരമില്ലാത്തതുമായ ഭക്ഷണം കഴിച്ച് ആൾക്കാർ ആശുപത്രിയിലാകുമ്പോൾ മാത്രമല്ല ഭക്ഷ്യസുരക്ഷാവകുപ്പ് കർമ്മോത്സുകരാകേണ്ടത്. സ്ഥാപനങ്ങളിൽ നിരന്തരം പരിശോധനകളും കുറ്റക്കാരെ കൈയോടെ ശിക്ഷിക്കാൻ നടപടികളും ഉണ്ടാകാത്തിടത്തോളം ഇതൊക്കെ ആവർത്തിച്ചുകൊണ്ടിരിക്കും.

ഭക്ഷ്യവിഷബാധ തടയാനുള്ള നടപടികളുടെ ഭാഗമായി ഹോട്ടലുകളിലെയും ഭക്ഷ്യവിതരണത്തിലേർപ്പെടുന്ന സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കാനൊരുങ്ങുകയാണ് സർക്കാർ. ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ലാത്ത സ്ഥാപനങ്ങൾ ഫെബ്രുവരി ഒന്നുമുതൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണത്തിൽ വിഷം കയറുന്നത് ജീവനക്കാരിൽ നിന്നല്ലെന്ന് സാമാന്യ ബോധമുള്ളവർക്കെല്ലാം അറിയാം. ഭക്ഷണശാലകളിൽ ഉപയോഗിക്കുന്ന നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളാണ് ഭക്ഷ്യവിഷബാധയുടെ പ്രധാന ഉറവിടം. മത്സ്യ -മാംസ വിഭവങ്ങളിൽ നിന്നാണ് പ്രധാനമായും ഭക്ഷ്യവിഷബാധയുണ്ടാകുന്നത്. ഇവയുടെ സംസ്കരണവും സൂക്ഷിപ്പും കുറ്റമറ്റ നിലയിലല്ലെങ്കിൽ രോഗസാദ്ധ്യത കൂടുതലാണ്. പരിശോധനനടന്ന പല വലിയ ഭക്ഷണശാലകളിലും ആഴ്ചകൾ പഴക്കമുള്ള മാംസം കണ്ടെടുത്തിരുന്നു. പഴകിയ മാംസം സ്ഥിരമായി സപ്ളൈ ചെയ്യുന്ന നിരവധി സ്ഥാപനങ്ങൾ ഇവിടെയുണ്ട്. മനുഷ്യരെ അതിവേഗം രോഗികളാക്കി മാറ്റുന്ന ഇത്തരം സ്ഥാപനങ്ങൾ പൂട്ടാനാണു ആദ്യം നടപടി വേണ്ടത്. സംസ്ഥാനത്ത് മത്സ്യ-മാംസ വിപണനത്തിന് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങളോ മാനദണ്ഡങ്ങളോ ഉള്ളതായി തോന്നുന്നില്ല. അനധികൃതമായി പ്രവർത്തിക്കുന്നവയാണ് ഭൂരിപക്ഷം മാംസവില്പനശാലകളും. ശാസ്ത്രീയരീതിയിൽ പ്രവർത്തിക്കുന്ന എത്ര അറവുശാലകൾ സംസ്ഥാനത്തുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിനുപോലും പറയാനാവില്ല. തലസ്ഥാനമായ തിരുവനന്തപുരത്ത് ശാസ്ത്രീയരീതിയിൽ പ്രവർത്തിച്ചിരുന്ന അറവുശാല അടച്ചുപൂട്ടിയിട്ട് പതിറ്റാണ്ടുകളായി.

ഹോട്ടലുകളിലെയും മറ്റും ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നതിനൊപ്പം ഭക്ഷ്യോത്പന്നങ്ങളുടെ സംസ്കരണത്തിലും വിതരണത്തിലും ഏർപ്പെടുന്ന എല്ലാ സ്ഥാപനങ്ങളും കൃത്യമായ മാനദണ്ഡങ്ങളോടെയാണു പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്തണം. മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയും വേണം. ഇത്തരം പരിശോധനകൾ ഉദ്യോഗസ്ഥർക്ക് കൈമടക്കു വാങ്ങാനുള്ള ഏർപ്പാടായി മാറാതിരിക്കാൻ കർക്കശമായ നിരീക്ഷണ സംവിധാനങ്ങളും ആവശ്യമാണ്. ഹെൽത്ത് കാർഡ് സമ്പാദിക്കാൻ പാവപ്പെട്ട ജീവനക്കാർ സ്വന്തം വേതനത്തിൽനിന്ന് പണം മുടക്കേണ്ടിവരുന്ന സാഹചര്യവും ഒഴിവാക്കണം. അതതു സ്ഥാപനങ്ങളോ അതല്ലെങ്കിൽ സർക്കാർ തന്നെയോ അതിനു സംവിധാനമൊരുക്കണം. ജീവനക്കാർ ഹെൽത്ത് കാർഡും പോക്കറ്റിലിട്ടുകൊണ്ട് ജോലിചെയ്താൽ ഭക്ഷ്യവിഷബാധ പൂർണമായും പടികടക്കുമെന്ന മൂഢവിശ്വാസം മാറ്റിവയ്ക്കുകയാണു നല്ലത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FOOD SAFETY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.