SignIn
Kerala Kaumudi Online
Thursday, 19 September 2024 7.24 AM IST

മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കപ്പെടണം

Increase Font Size Decrease Font Size Print Page

photo

മുല്ലപ്പെരിയാർ ഡാം കേരളത്തിന്റെ ഉറക്കം കെടുത്തുന്ന വിഷയമായിട്ട് വർഷങ്ങളായി. ഓരോ മഴക്കാലം കഴിയുമ്പോഴും പ്രശ്നം വീണ്ടും ഉയർന്നുവരികയും രാഷ്ട്രീയ കോലാഹലങ്ങൾക്ക് ഇടയാക്കുകയും ചെയ്യുമെന്നല്ലാതെ ശാശ്വത പരിഹാരത്തിനുള്ള മാർഗങ്ങളൊന്നും ഇതുവരെ ഉരുത്തിരിഞ്ഞിട്ടില്ല. 125 വർഷം മുമ്പാണ് അണക്കെട്ട് നിർമ്മിച്ചത്.

കാലങ്ങളായി അത് വിവിധ നിർമ്മാണവിദ്യകൾ ഉപയോഗിച്ച് ബലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഡാം പൂർണമായും സുരക്ഷിതമല്ലെന്ന വസ്തുത സുപ്രീംകോടതിയെയും മേൽനോട്ട സമിതിയെയും പൂർണമായി ബോദ്ധ്യപ്പെടുത്താൻ കേരളത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഡാമിൽ ശേഖരിക്കുന്ന വെള്ളം എത്ര അടിവരെയാവാം എന്നതിലേക്ക് മാത്രമായി തമിഴ‌്‌നാടും കേരളവും തമ്മിലുള്ള തർക്കം ചുരുങ്ങുകയും ചെയ്തിരിക്കുന്നു. നവംബർ 11ന് സുപ്രീംകോടതി ഈ പ്രശ്നം വീണ്ടും പരിഗണിക്കും. അതുവരെ താത്‌കാലികമായി 139.5 അടി വരെ വെള്ളം ശേഖരിക്കാനാണ് തീരുമാനം. ഈ തർക്കത്തിലുപരി പുതിയ ഡാം നിർമ്മിക്കാൻ കേരളത്തെ അനുവദിക്കുന്ന തരത്തിൽ സുപ്രീംകോടതിയെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താനുള്ള നടപടികളാണ് കേരളത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. പുതിയ ഡാം വരുമ്പോൾ പുതിയ കരാർ വേണ്ടിവരുമെന്നും അതിനാലത് പാടില്ലെന്നുമാണ് തമിഴ്‌നാട് വാദിക്കുന്നത്. പുതിയ ഡാമാണ് കേരളത്തിന് വേണ്ടതെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ കരാറിൽ തമിഴ്‌നാടിന് ആശങ്കകൾ ഉണ്ടാവുക സ്വാഭാവികം. അവരുടെ നിയന്ത്രണം നഷ്ടപ്പെടുകയും ലഭിച്ചുകൊണ്ടിരിക്കുന്ന ജലത്തിന്റെ അളവിൽ കുറവ് വരികയും ചെയ്യുമെന്നാണ് അവർ ഭയക്കുന്നത്. ഇത്തരം കാര്യങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ. ബാബ്‌റി മസ്‌ജിദ് പോലുള്ള സങ്കീർണമായ പല പ്രശ്നങ്ങളും പരിഹരിക്കാൻ സുപ്രീംകോടതിക്കും കേന്ദ്ര സർക്കാരിനും കഴിഞ്ഞിട്ടുണ്ട്. അതിനാൽ ഈ പ്രശ്നം തമിഴ്‌നാടിനും കേരളത്തിനും ദോഷകരമാവാത്ത രീതിയിൽ പരിഹരിക്കാനുള്ള കൂടിയാലോചനകളും നടപടികളുമാണ് വേണ്ടത്. രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കപ്രശ്നമായി മാത്രം കാണാതിരിക്കാൻ ഇരു സംസ്ഥാനങ്ങളിലെയും ഭരണാധികാരികൾ ഉത്തരവാദിത്തവും പക്വതയും പുലർത്തണം. രണ്ട് വലിയ പ്രളയത്തിന്റെ ആഘാതം അനുഭവിച്ച നാടാണ് കേരളം. മാത്രമല്ല മുല്ലപ്പെരിയാറിലെ ജലനിരപ്പ് ആശങ്കയുണ്ടാക്കുന്നതാണെന്ന് സുപ്രീംകോടതിയും വിലയിരുത്തിയിട്ടുണ്ട്. പുതിയ ഡാം വേണമെന്ന ആവശ്യം ഫലപ്രദമായി ഉന്നയിക്കാൻ പറ്റിയ അവസരമാണ് ഇപ്പോൾ . തമിഴ്‌നാടിന് കൂടുതൽ ജലം വിട്ടുകൊടുത്തുകൊണ്ടാണെങ്കിൽ പോലും പുതിയ ഡാം നിർമ്മിക്കേണ്ടത് കേരളത്തിന്റെ സുരക്ഷിതത്വത്തിന് അനിവാര്യമാണ്. ഇക്കാര്യങ്ങളിൽ രാഷ്ട്രീയം കലർത്താതെ ശാസ്ത്രീയമായി സുപ്രീംകോടതിയെയും മേൽനോട്ട സമിതിയെയും ബോദ്ധ്യപ്പെടുത്താനുള്ള നടപടിക്രമമാണ് കേരളം സ്വീകരിക്കേണ്ടത്. അതിന് ഇടയ്ക്കിടെ ജലനിരപ്പ് ഉയരുമ്പോൾ മാത്രം വിവാദമാവുകയും പിന്നീട് തണുത്തുപോവുകയും ചെയ്യുന്ന മട്ടിൽ തുടരുന്ന ഇപ്പോഴത്തെ നില മാറണം. തമിഴ്‌നാട്ടിലെ ഡി.എം.കെ സർക്കാരുമായി കേരളത്തിലെ ഇടതുപക്ഷ സർക്കാരിന് നിലവിൽ നല്ല ബന്ധമാണുള്ളത്. തമിഴ്‌നാട്ടിൽ അഞ്ച് ജില്ലകളിലെ തരിശിടങ്ങളെ മുല്ലപ്പെരിയാറിലെ ജലം കൊണ്ടാണ് അവർ കൃഷിയിടങ്ങളായി മാറ്റിയത്. അതിനാൽ അതിൽ കുറവ് വരുന്ന ഒരു തീരുമാനവും തമിഴ്‌നാട് അംഗീകരിക്കില്ല. വെള്ളത്തിന്റെ വിലയും നമ്മളെക്കാൾ കൂടുതൽ അറിയാവുന്നവരാണ് അവർ. അതേസമയം എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ കേരളത്തിലെ 35 ലക്ഷം ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ജലബോംബ് കൂടിയാണിത്. ഇതെല്ലാം മനസിൽ വച്ച് ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കാൻ സുപ്രീംകോടതിയിൽ നിന്ന് നീതിയുക്തമായ പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MULLAPPERIYAR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.