സംസ്ഥാനത്തിന്റെ പൊതുമേഖലയ്ക്ക് കെ.എസ്.ആർ.ടി.സിയുടെ സംഭാവനകൾ എന്ന വിഷയത്തിൽ പത്തു വാക്യമെഴുതാൻ പറഞ്ഞ് പരീക്ഷയിട്ടാൽ എഴുതുന്നവർ നക്ഷത്രക്കാലെണ്ണിപ്പോകും! കാരണം, സർക്കാർ ഖജനാവിന് നഷ്ടവും. ആയിനത്തിൽ ചീത്തപ്പേരും സമ്മാനിക്കുന്നതല്ലാതെ ഒരു സംഭാവനയും പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിയിൽ നിന്ന് നാളിതുവരെ കേട്ടിട്ടില്ല. മുറുക്കിയുടുത്തും കടമെടുത്തും തറവാട് പണയപ്പെടുത്തിയും മുച്ചൂടും മുടിഞ്ഞാലും, അഹങ്കാരത്തിന് കുറവൊന്നുമില്ലാത്ത ചില കാരണവന്മാരെപ്പോലെയാണ് കെ.എസ്.ആർ.ടി.സി എന്നു തോന്നിപ്പോകും, ചില തീരുമാനങ്ങൾ കേട്ടാൽ. കേന്ദ്ര സർക്കാരിന്റെ പി.എം ഇ- ഡ്രൈവ് പദ്ധതിയിൽ കേരളത്തിന് ആവശ്യമുള്ളത്ര ഇലക്ട്രിക് ബസ് നല്കാമെന്ന് കഴിഞ്ഞ മേയ് മാസത്തിൽ പറഞ്ഞതാണ്. ആവശ്യം രേഖാമൂലം അറിയിക്കണമെന്നു മാത്രം. കെ.എസ്.ആർ.ടി.സി അനങ്ങിയില്ല. ങ്ഹും! ആർക്കു വേണം, കേന്ദ്ര സർക്കാരിന്റെ ഓശാരം?
വാഹനങ്ങൾക്ക് പുതു തലമുറ ഊർജ്ജ സ്രോതസുകളായ വൈദ്യുതിയും സി.എൻ.ജിയുമൊക്കെ പ്രോത്സാഹിപ്പിക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ നയം. കുറച്ചു വർഷങ്ങൾക്കകം രാജ്യത്ത് ഡീസൽ വാഹനങ്ങൾക്ക് കടുത്ത നിയന്ത്രണം വരുമെന്നും ഉറപ്പ്. ഇപ്പോൾത്തന്നെ പന്ത്രണ്ടു വയസു പിന്നിട്ട പൊതുവാഹനങ്ങൾ നിരത്തിലിറക്കരുതെന്നാണ് കേന്ദ്ര നിയമം. വിലക്ക് മറികടക്കാൻ സംസ്ഥാനം സ്വന്തം നിലയിൽ ഇടയ്ക്കിടെ ആ കാലപരിധി കൂട്ടിക്കൊണ്ടിരിക്കുന്നു. നിലവിൽ 18 മുതൽ 21 വർഷംവരെ പഴക്കമുള്ള കെ.എസ്.ആർ.ടി.സി ഡീസൽ ബസുകൾ നിരത്തിലുണ്ട്. ഡീസൽ വാഹനങ്ങളുടെ പരിണാമഗതിയൊന്നും വകവയ്ക്കാതെ ഇപ്പോഴും കോർപറേഷൻ പുതിയ ഡീസൽ വണ്ടികൾ വാങ്ങിക്കൂട്ടുകയും ചെയ്യുന്നു. കേന്ദ്ര പദ്ധതിയനുസരിച്ച് ഇ- ബസും സി.എൻ.ജി ബസും സ്വീകരിച്ചാൽ കീശയിൽ വീഴേണ്ട പർച്ചേസ് കമ്മിഷൻ പോകുമെന്നതാണ് ഈ 'കേന്ദ്രവിരുദ്ധത"യ്ക്കു പിന്നിലെന്ന ആക്ഷപവും കുറേക്കാലമായുണ്ട്!
2024-ൽ പ്രഖ്യാപിച്ച പി.എം ഇ- ഡ്രൈവ് പദ്ധതിയിൽ കർണാടകം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത് 4500 ബസുകളാണ്! അവിടെ, ബംഗളൂരു നഗരത്തിൽ മാത്രം ഇപ്പോൾ സർവീസ് നടത്തുന്നത് 1400-ലധികം ഇ- ബസുകളാണ്. വൈദ്യുതി ബസുകളുടെ കാര്യത്തിൽ തമിഴ്നാടും പിന്നിലല്ല. അതേസമയം, ഇ- വാഹനങ്ങളുടെ കാര്യത്തിൽ കേരളത്തിൽ നടന്നത് നയപ്രഖ്യാപനം മാത്രം! ആ നയമെടുത്ത് അലമാരയിൽ വച്ചിട്ട് നമ്മൾ വാങ്ങാനിരിക്കുന്നത് 143 ഡീസൽ ബസുകൾ. ഇ- ബസുകളോടല്ല, സി.എൻ.ജിയിലാണ് നമുക്ക് താത്പര്യമെന്നും വിചാരിക്കേണ്ട- കെ.എസ്.ആർ.ടി.സിക്ക് ആകെയുള്ള നാലായിരത്തഞ്ഞൂറോളം ബസുകളിൽ സി.എൻ.ജി.യിൽ ഓടുന്നവയുടെ എണ്ണം കേട്ട് ചിരിക്കരുത്- അഞ്ചേയഞ്ച്! നിലവിൽ തലസ്ഥാന നഗരത്തിൽ ഉൾപ്പെടെ ഓടുന്ന ചെറിയ ഇ- ബസുകളാകട്ടെ, സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾക്ക് നല്കിയതാണ്.
തുലഞ്ഞുപോയ ഏത് പൊതുമേഖലാ സ്ഥാപനങ്ങളുടെ പരാജയകഥ പരിശോധിച്ചാലും, അതിനു പ്രധാനകാരണം, കാലത്തിന് അനുസരിച്ച് മാറ്റങ്ങൾ ഉൾക്കൊള്ളാതിരുന്നതാണെന്ന് മനസിലാകും. സർക്കാർ വക ഡീസൽ വാഹനങ്ങളുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ ഗതാഗത നിയമം കർക്കശമാക്കാൻ ഒരു സുപ്രഭാതത്തിൽ തീരുമാനിച്ചാൽ ആ ദിവസം കോർപറേഷൻ തന്നെ പൂട്ടിക്കെട്ടേണ്ടിവരും. ഇതു മുന്നിൽക്കണ്ടാണ് ഇ- ബസുകൾ നല്കുന്ന കേന്ദ്ര പദ്ധതിയെ മറ്റു സംസ്ഥാനങ്ങൾ കൈനീട്ടി സ്വീകരിക്കുന്നതും, നിലവിലെ ഡീസൽ ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റുന്നതും. നമ്മുടെ കെ.എസ്.ആർ.ടി.സിക്കാകട്ടെ, ആ വക വിചാരങ്ങളൊന്നുമില്ല! പിന്നണിയിൽ കമ്മിഷനും മുന്നണിയിൽ കൊടിപിടിക്കലും- ശുഭം. ഇതൊക്കെ എന്നെങ്കിലും മാറുമെന്ന് വെറുതെ സ്വപ്നം കാണാമെന്നല്ലാതെ മറ്റെന്തു ഗതി?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |