
തിരുവനന്തപുരം: ആശുപത്രിയിലേക്ക് പോകുംവഴി കെഎസ്‌ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണ യുവതിയെ ഡ്രൈവറും കണ്ടക്‌ടറും ചേർന്ന് രക്ഷിച്ചു. കുളത്തൂപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസിലായിരുന്നു സംഭവം. പിരപ്പൻകോട് സ്വദേശി അനന്തലക്ഷ്‌മിയാണ് (23) കുഴഞ്ഞുവീണത്.
തിരുവനന്തപുരം ആയുർവേദ കോളേജിലേക്ക് തുടർചികിത്സയ്‌ക്കായി പോകുകയായിരുന്നു അനന്തലക്ഷ്‌മിയും അമ്മയും. മണ്ണന്തല എത്തിയപ്പോഴേക്കും അനന്തലക്ഷ്‌മി കുഴഞ്ഞുവീണു. ഉടൻതന്നെ കണ്ടക്‌ടർ ഫൈസലും ഡ്രൈവർ മുകുന്ദനുണ്ണിയും ചേർന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചു. നടുവേദനയ്‌ക്ക് ചികിത്സയിലായിരുന്ന യുവതി വേദന കൂടിയാണ് കുഴഞ്ഞുവീണത്. വാഹനങ്ങളോ ആംബുലൻസ് സൗകര്യമോ ലഭ്യമല്ലാത്തതിനാൽ മറ്റ് യാത്രക്കാരെ സമീപത്തുള്ള ബസ് സ്റ്റോപ്പിൽ ഇറക്കിവിട്ട ശേഷം ബസിൽ തന്നെ യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
നടക്കാൻ കഴിയാതിരുന്ന യുവതിയെ സ്‌ട്രെച്ചറിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം യുവതി ആശുപത്രി വിട്ടുവെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |