സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാകേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെട്ടേക്കാമെന്നതിനാൽ 31 വരെ കനത്ത മഴയ്ക്കും കാറ്റിനും സാദ്ധ്യത ഏറെയാണ്. അപകടങ്ങൾ മുന്നിൽക്കണ്ട് ജാഗ്രത പാലിക്കേണ്ട സന്ദർഭമാണിത്. കനത്ത മഴ സൃഷ്ടിച്ച അപകടങ്ങളിൽ സംസ്ഥാനത്തൊട്ടാകെ ഒരു ഡസനിലധികം പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. മരച്ചില്ലകൾ വീണുണ്ടായ അപകടങ്ങളിലും ഷോക്കേറ്റും ശക്തമായ ഒഴുക്കിൽ തോട്ടിൽ വീണും വീടുകൾ ഇടിഞ്ഞും മറ്റുമാണ് മരണങ്ങളും അപകടങ്ങളും സംഭവിക്കുന്നത്. മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും സംഭവിക്കുമോ എന്ന ആധിയും നിലനിൽക്കുന്നു. രണ്ട് പ്രളയങ്ങൾ അതിജീവിച്ച കേരളം ഒന്നുകൂടി നേരിടേണ്ടിവരുമോ എന്നാണ് ഉത്കണ്ഠപ്പെടുന്നത്.
ചെറിയ മഴ പെയ്‌താൽപ്പോലും വെള്ളത്തിനടിയിലാവുന്ന നിരവധി സ്ഥലങ്ങളുള്ള നാടാണ് കേരളം. ഇതിന് നഗരമെന്നോ ഗ്രാമമെന്നോ ഭേദമില്ല. വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുന്ന ഒട്ടേറെ നിർമ്മിതികൾ ഓരോ വർഷം കഴിയുന്തോറും കൂടിവരുന്നത് കേരളത്തിലെ നഗരപ്രദേശങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ മുഖ്യമാണ്. മുൻ കാലങ്ങളിലെ പ്രളയത്തിന്റെ രൂക്ഷത വർദ്ധിപ്പിച്ചത് മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നുവിട്ടതുകൊണ്ടാണെന്ന ആരോപണം ഇപ്പോഴും പൂർണമായ ഉത്തരം ലഭിക്കാതെ നിലനിൽക്കുന്നുണ്ട്. 2018-ലെ പ്രളയത്തിന്റെ രൂക്ഷത വർദ്ധിപ്പിച്ചത് ഡാമുകളിലെ ജലനിരപ്പ് കൈകാര്യം ചെയ്തതിലുണ്ടായ വീഴ്ചമൂലമാണെന്ന് വിദഗ്ദ്ധർ കണ്ടെത്തുകയും ചെയ്തിരുന്നു. അതിനാൽ ജനങ്ങൾക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകിക്കൊണ്ടോ അപകടകരമായ സ്ഥലങ്ങളിൽ നിന്ന് അവരെ മാറ്റിപ്പാർപ്പിച്ചതിനു ശേഷമോ മാത്രമേ ഡാമുകൾ തുറക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് സർക്കാർ മുതിരാവൂ.
മഴക്കെടുതികൾ സംസ്ഥാനത്തെ കാർഷിക വിളകൾക്ക് ഉണ്ടാക്കുന്ന നഷ്ടം ചെറുതല്ല. കഴിഞ്ഞ പ്രളയത്തിൽ കാർഷിക വിളകൾ നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം പോലും പൂർണമായി കൊടുത്തുതീർത്തിട്ടില്ല. കാർഷിക വിളകളുടെ നഷ്ടം കണക്കാക്കുന്നതിലൊക്കെ വീഴ്ചകൾ നിരന്തരം ആവർത്തിക്കുന്നത് കർഷകരുടെ പരാതികൾക്ക് എന്നും ഇടയാക്കുന്നതാണ്. കർഷകർക്ക് വായ്പകൾ നൽകിയ ബാങ്കുകളും ഈ സാഹചര്യങ്ങൾ മനസിലാക്കി സഹായകമായ നിലപാടുകൾ സ്വീകരിക്കേണ്ട സന്ദർഭം കൂടിയാണിത്. മഴക്കാലത്ത് മരങ്ങൾ വീണും മറ്റും സ്ഥിരമായി വൈദ്യുതി മുടങ്ങുന്നതാണ് ജനങ്ങൾ അനുഭവിക്കുന്ന മറ്റൊരു ദുരിതം. കെ.എസ്.ഇ.ബിയുടെയും ഫയർഫോഴ്സിന്റെയും ദുരന്തനിവാരണ സേനയുടെയും ജീവനക്കാർ ഈ തോരാമഴയത്തും കർമ്മനിരതരായി നിലയുറപ്പിക്കുന്നുണ്ട് എന്നതും കാണാതിരുന്നുകൂടാ. മഴ ഇത്രയും തീവ്രതയോടെ തുടരുകയാണെങ്കിൽ സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നത് ഒരാഴ്ചയെങ്കിലും വൈകി മതിയെന്നതും സർക്കാർ പരിഗണിക്കേണ്ടതാണ്.
ഓരോ വർഷവും മഴയുടെ സ്വഭാവവും രീതികളും മാറിവരികയാണ്. കേരളത്തിലെ ഏതു മഴയത്തും പിടിച്ചുനിൽക്കുമായിരുന്ന കുട്ടനാട് പോലുള്ള പ്രദേശങ്ങൾ ഇപ്പോൾ സ്ഥിര വാസയോഗ്യത്തിന് പറ്റിയതല്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. സ്വാഭാവിക കുടിയൊഴിക്കൽ അങ്ങനെ നടക്കുന്ന സ്ഥലങ്ങളുടെ എണ്ണവും കൂടിവരികയാണ്. ഇതെല്ലാം കണക്കിലെടുത്ത് മഴക്കാലത്തിന് മുമ്പുതന്നെ ചെയ്തുതീർക്കേണ്ട ശുചീകരണങ്ങളും മരച്ചില്ല വെട്ടലും റോഡിന്റെ അറ്റകുറ്റപ്പണിയും ഓട വൃത്തിയാക്കലും മറ്റും ചെയ്യുന്നതിന് വ്യക്തമായ ആസൂത്രണവും ഏകോപനവും ഇനിയും ഇവിടെയില്ല എന്നത് ദുഃഖകരമായ യാഥാർത്ഥ്യമാണ്. ഈ മഴക്കാലം കഴിഞ്ഞിട്ടെങ്കിലും ഇതിനെക്കുറിച്ച് വിദഗ്ദ്ധർ അടങ്ങുന്ന സമിതിയെക്കൊണ്ട് ശാസ്ത്രീയ പഠനം നടത്തി ഇത്തരം കാര്യങ്ങൾ കാര്യക്ഷമതയോടെ മഴക്കാലത്തിന് മുൻപുതന്നെ പരിഹരിക്കുന്നതിനുള്ള ഒരു സ്ഥിരം സംവിധാനത്തിന് രൂപം നൽകേണ്ടത് അനിവാര്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |