SignIn
Kerala Kaumudi Online
Saturday, 27 April 2024 10.50 AM IST

പേരുമാറ്റവും ഭിന്നിപ്പിക്കലും

justice-k-m-joseph-and-b-

ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിച്ചത് ഷേക്സ്പിയറാണ്. പക്ഷേ ഒരു പേരിൽ പലതും ഒളിച്ചിരിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം ജാതിയും മതവുമാണ്. പഴയകാലത്ത് ഹിന്ദുക്കളിലെ പിന്നാക്ക വിഭാഗങ്ങൾക്ക് പ്രധാന ദേവന്മാരുടെയൊന്നും പേരുകളിടാൻ അവകാശമില്ലായിരുന്നു. എന്നാൽ സവർണ വിഭാഗത്തിൽപ്പെട്ടവർ എല്ലാ മുഖ്യദേവീദേവന്മാരുടെ പേരുകൾ ഇടുകയും അതിനൊപ്പം വാലായി സ്വന്തം ജാതിപ്പേരുകൾ ചേർക്കുകയും ചെയ്തിരുന്നു. അതിപ്പോഴും തുടരുന്നവരുമുണ്ട് തുടരാത്തവരുമുണ്ട്. അതൊക്കെ ഒാരോരുത്തരുടെ സ്വാതന്ത്ര്യവും ഇഷ്ടവുമാണ്. സ്വാതന്ത്ര്യാനന്തരം ജാതിഭേദമെന്യേ ഏതു പൗരനും തനിക്കിഷ്‌ടമുള്ള പേര് സ്വീകരിക്കാനുള്ള അവകാശം കൈവന്നു. മാതാപിതാക്കൾ നല‌്കിയ പേര് ഇഷ്ടപ്പെടാത്തവർക്ക് പ്രായപൂർത്തിയായിക്കഴിഞ്ഞാൽ അത് നിയമപരമായി മാറ്റാനും കഴിയും.

പേരും മതവുമൊക്കെ ഒരു വ്യക്തിക്ക് വന്നുചേരുന്നതാണ്. പക്ഷേ അതുപോലെയല്ല സ്ഥലനാമങ്ങൾ. ഇന്ത്യയിൽ ഹിന്ദു, മുസ്ളിം, ക്രിസ്ത്യൻ മതങ്ങളുമായി ബന്ധപ്പെട്ട പേരുകളുള്ള നിരവധി സ്ഥലനാമങ്ങളുണ്ട്. ഇതെല്ലാം അവിടെ വസിക്കുന്നവരുടെ ഭൂരിപക്ഷ കണക്കെടുത്തശേഷം മാറ്റണമെന്ന് ആരെങ്കിലും വാശിപിടിച്ചാൽ അതിനെ ഏറ്റവും താഴ്ന്നതും കുടിലവുമായ സങ്കുചിതവാദമെന്നേ കണക്കാക്കാനാവൂ. ഇത് സമൂഹത്തിൽ അനാവശ്യമായ സംഘർഷങ്ങൾക്കും ഭിന്നിപ്പിനും ഇടയാക്കും. ഒരു പ്രത്യേക മതത്തെ ഉന്നംവച്ച് സ്ഥലങ്ങളുടെയും റോഡുകളുടെയും പേരുകൾ മാറ്റണമെന്ന ആവശ്യത്തെ അതിരൂക്ഷമായി സുപ്രീംകോടതി വിമർശിച്ചത് സമാധാനം കാംക്ഷിക്കുന്ന സാധാരണജനങ്ങൾക്ക് സന്തോഷം പകരുന്നതാണ്. രാജ്യം വിദ്വേഷം കൊണ്ട് തിളച്ച് മറിയാനാണോ ആഗ്രഹിക്കുന്നതെന്നാണ് ഹർജിക്കാരനായ ബി.ജെ.പി നേതാവ് അശ്വനി ഉപാദ്ധ്യായയോട് കോടതി ചോദിച്ചത്. ചരിത്രപരമായും മതപരമായും പ്രാധാന്യമുള്ള റോഡുകൾക്കും പുരാതന ഹെെന്ദവപേരുകൾ നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുനർനാമകരണ കമ്മിഷൻ രൂപീകരിക്കണമെന്നും ഇതിനായി കോടതി നിർദ്ദേശം നൽകണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ഇതിന് മറുപടിയായി രാജ്യത്ത് നശീകരണമുണ്ടാക്കുന്ന ഉപകരണമായി മാറാൻ സുപ്രീംകോടതിക്ക് കഴിയില്ലെന്ന ചുട്ടമറുപടിയാണ് ജസ്റ്റിസുമാരായ കെ.എം ജോസഫും ബി.വി നാഗരത്നയും അടങ്ങിയ ബെഞ്ച് നൽകിയത്.

വളർച്ചയുടെ ഇൗ ഘട്ടത്തിൽ രാജ്യം നേരിടേണ്ട് നിരവധി പ്രശ്നങ്ങളുണ്ട്. ഒരു റോഡിന്റെ പേര് മാറ്റുന്നതിലൂടെ അധിനിവേശത്തിന്റെ എല്ലാ കഥകളും മായ്ച്ചുകളയാൻ കഴിയുമെന്ന് കരുതുന്നത് ഭോഷ്ക്കാണ്. അനെെക്യം സ‌ൃഷ്ടിക്കാനേ ഇത്തരം ആവശ്യങ്ങൾ ഇടയാക്കൂ. എല്ലാറ്റിനെയും ഉൾക്കൊള്ളുന്ന രാജ്യമാണ് ഇന്ത്യ. അതിന്റെ മഹത്വം കുടികൊള്ളുന്നത് എല്ലാറ്റിനെയും സ്വാംശീകരിക്കുന്നതിലാണ്. അല്ലാതെ തള്ളിക്കളയുന്നതിലല്ല. സങ്കുചിതമായ കണ്ണുകളല്ല ഹിന്ദുമതത്തിന്റേത്. ലോകം മുഴുവൻ ശാന്തി വരട്ടെ എന്നാണ് ആ മതത്തിന്റെ മുഖ്യമായ പ്രാർത്ഥന. അതിന്റെ അന്തസത്തയ്ക്ക് വിരുദ്ധമായതെന്നും അധികകാലം ഇവിടെ വേരുപിടിച്ച് നിൽക്കില്ല. അതാണ് ഭാരതത്തിന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SC DISMISSES PIL FOR ‘RENAMING COMMISSION’
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.